ടോൾ പിരിവ് ഈ മാസം 30 മുതൽ തുടങ്ങും

മലപ്പുറം: പുതിയ ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ടോൾ പിരിവ് ഈ മാസം 30 മുതൽ തുടങ്ങും,. ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിലാണ് പിരിവ് തുടങ്ങുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ ഔദ്യോഗികമായി പുറത്തുവിടും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് നിശ്ചിത നിരക്കിൽ ഇളവ് അനുവദിക്കും. ഇവർക്ക് ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന പാസിനായി 340 രൂപയാകും ഈടാക്കുകയെന്നാണ് സൂചന. ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തിയാൽ ഇത്തരം പാസുകൾ കൈപ്പറ്റാവുന്നതാണ്. സാധാരണ വാഹനങ്ങൾക്ക് (കാർ, ജീപ്പ്, വാൻ, മറ്റ് എൽ.എം.വി) ഒരു ഭാഗത്തേക്ക് 130 രൂപയും ഇരുഭാഗത്തേക്കുമായി 190 രൂപയുമായിരിക്കും ഏകദേശ നിരക്ക്. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുന്നവർക്ക് രണ്ടാമത്തെ യാത്രയ്ക്ക് പകുതി തുക നൽകിയാൽ മതിയാകും. അതേസമയം, പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂരിയാട് തകർന്ന ഭാഗത്ത് തൂണുകൾ ഉപയോഗിച്ചുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി പകുതിയോടെ പൂർത്തിയാകുമെന്നും ദേശീയപാത അധികൃതർ വ്യക്തമാക്കി.

