നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ്; നാളെ ഫ്ലാഗ് ഓഫ് ചെയ്യും..

നാളെ ഫ്ലാഗ് ഓഫ് ചെയ്യുന്ന നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന ഈ പുതിയ ട്രെയിൻ മലബാറിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16329 എന്ന നമ്പറിൽ നാഗർകോവിലിൽ നിന്ന് ചൊവ്വാഴ്ചകളിൽ പകൽ 11.40-ന് പുറപ്പെടുന്ന വണ്ടി ബുധനാഴ്ച രാത്രി 10.05-ഓടെ മംഗളൂരുവിൽ എത്തും. തിരിച്ച് 16330 എന്ന നമ്പറിൽ രാവിലെ എട്ടു മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.05-ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനിന്റെ വിശദമായ സമയക്രമം ഇന്ന് പുറത്തുവിടും. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ആണെങ്കിലും ഈ ട്രെയിനിൽ എസി കോച്ചുകൾ ഉണ്ടായിരിക്കില്ല. എങ്കിലും ആധുനികമായ സീറ്റിങ് സംവിധാനങ്ങൾ, ചാർജിങ് പോയിന്റുകൾ, സെൻസർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ശുചിമുറികൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 22 കോച്ചുകളുള്ള ട്രെയിനിൽ 12 എണ്ണം സ്ലീപ്പർ ക്ലാസും എട്ടെണ്ണം ജനറൽ കോച്ചുകളുമാണ്. കൂടാതെ ഭിന്നശേഷിക്കാർക്ക് സുഗമമായി യാത്ര ചെയ്യാവുന്ന രണ്ട് ലഗേജ് വാനുകളും ട്രെയിനിലുണ്ടാകും. സുരക്ഷയുടെ ഭാഗമായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ‘കവച്’ സാങ്കേതികവിദ്യയും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ട്രെയിൻ സർവീസ് ചൊവ്വാഴ്ചകളിൽ മാത്രം ക്രമീകരിച്ചതിനെതിരെ യാത്രക്കാരുടെ ഇടയിൽ വിമർശനമുയർന്നിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നെങ്കിൽ കൂടുതൽ യാത്രക്കാർക്ക് ഗുണകരമാകുമായിരുന്നു എന്നാണ് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ആഴ്ചയിൽ ഒരു ദിവസമെന്നത് മാറ്റി കുറഞ്ഞത് നാല് ദിവസമെങ്കിലും സർവീസ് നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. എസി കോച്ചുകൾ ഇല്ലെങ്കിലും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യം ഒരുക്കുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ കണക്കുകൂട്ടൽ.


