March 25, 2026

ഭുവനേശ്വരി കൊലപാതക കേസ്, അന്വേഷണം പുതിയ ദിശയിലേക്ക്

  • January 11, 2026
  • 1 min read
        യുവതിയായ ബാങ്ക് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട ഭുവനേശ്വരിയുടെ ഭര്‍ത്താവ് ബാലമുരുകന് തോക്ക് കൈമാറിയ സേലം സ്വദേശിയായ മൗലേഷ് എന്ന ഗുണ്ടയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ കൊല്ലാന്‍ ബാലമുരുകന്‍ വാടകക്കൊലയാളിയുടെ സഹായം തേടിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

     ഡിസംബര്‍ 23-നാണ് ബാങ്ക് ഉദ്യോഗസ്ഥയായ ഭുവനേശ്വരിയെ ഭര്‍ത്താവ് ബാലമുരുകന്‍ വെടിവെച്ച് കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തിയാണ് ബാലമുരുകന്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഭുവനേശ്വരി തല്‍ക്ഷണം മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ ബാലമുരുകന്‍ തോക്കുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

   തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് മൗലേഷിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊല്ലാന്‍ സഹായം തേടി സേലം സ്വദേശിയായ മൗലേഷിനെ സമീപിച്ചിരുന്നതായി ബാലമുരുകന്‍ വെളിപ്പെടുത്തി. ഇതിനായി പണവും കൈമാറിയിരുന്നു. മൗലേഷ് ബാലമുരുകന് തോക്ക് നല്‍കി മടക്കിയയക്കുകയായിരുന്നു. സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്ത് വെച്ച് താന്‍ നേരിട്ട് കൊലപാതകം നടത്താമെന്നായിരുന്നു മൗലേഷിന്റെ വാഗ്ദാനം.

എന്നാല്‍, ബെംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ച ശേഷം മൗലേഷ് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതോടെ, നേരിട്ട് കൊലപാതകം നടത്താന്‍ ബാലമുരുകന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്. മഗഡി റോഡ് പൊലീസ് സേലത്തെത്തിയാണ് മൗലേഷിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ബാലമുരുകന്‍ റിമാന്‍ഡിലാണ്. ഈ അറസ്റ്റോടെ ഭുവനേശ്വരി കൊലപാതക കേസിന്റെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *