March 25, 2026

ആദ്യ സപ്ലൈകോ സിഗ്‌നേച്ചര്‍ മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു

  • January 10, 2026
  • 0 min read

സംസ്ഥാനത്തെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും , ഗള്‍ഫ് രാജ്യങ്ങളിലും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ .

സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ട് തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തലശ്ശേരിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്‌നേച്ചര്‍ മാര്‍ട്ടായി ഉയര്‍ത്തിയത്. പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വില്പനശാലകളും പരിഷ്‌കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റ് റീട്ടെയില്‍ വില്പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ക്കു പുറമേ , സിഗ്‌നേച്ചര്‍മാര്‍ട്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്‌നേച്ചര്‍ മാര്‍ട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്.

ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് എന്ന ഏജന്‍സി ഡിസൈന്‍ ചെയ്ത തലശ്ശേരിയിലെ സിഗ്‌നേച്ചര്‍ മാര്‍ട്ട് സപ്ലൈകോ യാഥാര്‍ത്ഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.

40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയര്‍ന്നപ്പോള്‍ സപ്ലൈകോ വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവില്‍ സപ്ലൈകോ വില്പനശാലകളില്‍ സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നല്‍കുന്നത്. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും സപ്ലൈകോ നല്‍കിവരുന്നു. ഇങ്ങനെ സാധാരണക്കാര്‍ക്ക് വലിയതോതില്‍ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ആദ്യ വില്പനയും അദ്ദേഹം നിര്‍വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ജയകൃഷ്ണന്‍ വി എം, തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ നൂറ ടീച്ചര്‍, സപ്ലൈകോ കോഴിക്കോട് മേഖല മാനേജര്‍ ഷെല്‍ജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കാത്താണ്ടി റസാഖ്, എം എസ് നിഷാദ്, , അബ്ദുല്‍ റഹീം, ടീം തായി പ്രോജക്ട് മാനേജര്‍ അബ്ദുല്‍ റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *