March 25, 2026

ജില്ല കലാസൗഹൃദ ഇടമായി മാറുന്നു: മന്ത്രി ജെ. ചിഞ്ചുറാണി

  • January 10, 2026
  • 1 min read

കലാസൗഹൃദ ഇടമായി രൂപാന്തരപ്പെടുത്തുന്നതിന് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ആശ്രാമം ശ്രീനാരായണഗുരു സാംസ്‌ക്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ബാല ചിത്രരചന ജില്ലാതല മത്സരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിത്രരചന, കവിതാരചന, പ്രസംഗം തുടങ്ങിയ കലാപരമായ കഴിവുകൾ ചെറുപ്പകാലത്ത് തന്നെ പ്രോത്സാഹിപ്പിക്കണം. ശിശുക്ഷേമ സമിതി തുടങ്ങിയ സംഘടനകൾ കുട്ടികളിലെ സവിശേഷതയെ തിരിച്ചറിയാൻ സാഹചര്യമൊരുക്കി സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ, ലഹരി എന്നിവയോടുള്ള ആസക്തിയിൽ നിന്നും പിന്തിരിപ്പിക്കാനും ഇവ സഹായകമാകും. ഇതിലൂടെ കുട്ടികൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിച്ച് ജില്ലയെ സമ്പൂർണ ശിശുസൗഹൃദമാക്കാനും കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. വിജയികള്‍ക്ക് മെമെന്റോ വിതരണം ചെയ്തു. നേപ്പാളിൽ നടന്ന ഹാൻഡ്ബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദിത്യ സുരേഷ്, സാഹിത്യകാരൻ ഡോ. നൗഫൽ, മത്സരത്തിന്റെ വിധികർത്താക്കളായ കലാകാരൻ ഷജിത്ത്, എ. രാമചന്ദ്രൻ മ്യൂസിയം ക്യൂറേറ്റർ പി അനീഷ് എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. ചിത്രരചന മത്സരത്തിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എൻ ദേവിദാസ് നിർവഹിച്ചു. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ഗോപിക കണ്ണനെ ആദരിച്ചു. പരവൂർ സുവർണൻ അധ്യക്ഷനായി. നിറങ്ങളുടെ രാജകുമാരനായ ക്ലിന്റിന്റെ സ്മരണാർത്ഥം ജില്ലാ ശിശുക്ഷേമ സമിതി വർഷംതോറും മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിൽ കലാതാല്പര്യം വളർത്തുന്നതിനും കലാസൃഷ്ടിയിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കഴിവുകളെ പരിപോഷിപ്പിക്കുകയുമാണ്. എല്‍.പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി വിവിധ വേദികളിലായി മത്സരം നടന്നു. എൽ.പി വിഭാഗത്തിൽ അദ്വൈത് വിനോദ് ഒന്നാം സമ്മാനവും ഇഷാൻ മുജീബ് രണ്ടാം സമ്മാനവും നിവേദ്യ ആർ നിധീഷ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ ഇ. അതിഥി ദേവി ഒന്നാം സമ്മാനം നേടി. സാവന്‍ സുഗുണൻ, അർണവ് ടി വിനോദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എസ് ആര്യൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ എസ്. ശ്രയ ദത്ത്, എസ്. ശ്രീത ദത്ത് എന്നിവർ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്.സിദ്ധാർത്ഥ് ഒന്നാം സമ്മാനം കരസ്ഥമാക്കി. എൻ.ആഫിയ രണ്ടാം സമ്മാനവും അനന്യ സുഭാഷ് മൂന്നാം സമ്മാനവും നേടി. ഭിന്നശേഷി വിഭാഗത്തിൽ ബി എസ് ഇഷാൻ, മാളവിക കൃഷ്ണൻ, ശിവനാഥ് എന്നിവർ സമ്മാനങ്ങൾ നേടി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി. മത്സരത്തിന് സമാന്തരമായി അഡ്വ. സന്തോഷിൻ്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി. കുട്ടികൾക്കായി ക്ലിൻ്റ് സെൽഫി പോയിൻ്റും സജ്ജീകരിച്ചു. ജില്ലാതല മത്സരത്തിലെ വിജയികൾ ജനുവരി 24ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഡി ഷൈൻദേവ്, ട്രഷറർ അജിത്ത് പ്രസാദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കറവൂര്‍ എൽ.വര്‍ഗീസ്, ആര്‍. മനോജ്, എൻഎസ്എസ് സന്നദ്ധസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *