ചുനക്കര ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തതായി ആക്ഷേപം; നാട്ടുകാർ അന്വേഷണവും നടപടിയും ആവശ്യപ്പെടുന്നു
റോഡ് ഉയർത്തിയതും ഓടയിലേക്ക് മണ്ണിട്ടതും മൂലം മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്
റിപ്പോർട്ട് അനീഷ് ചുനക്കര
ആലപ്പുഴ ∙ മാവേലിക്കര:
ചുനക്കര പഞ്ചായത്ത് വാർഡ് 8, 9 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന മുത്തി വിള ബണ്ട് റോഡിന്റെ പണി പൂർണ്ണമായി പൂർത്തിയാക്കാതെയിട്ടും ഉദ്ഘാടനം നടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു.
വാർഡ് 8-ൽ നിന്ന് വാർഡ് 9-ലേക്ക് റോഡ് വഴി നേരിട്ട് സഞ്ചരിക്കാൻ സാധിച്ചാൽ, ചാരുംമൂട് ടൗണിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുമുള്ള ദൂരം കിലോമീറ്ററുകൾ ചുറ്റി പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു. ഈ ആവശ്യത്തിനായി നാട്ടുകാർ തന്നെ സ്ഥലം വിട്ട് നൽകി പാടത്തിന് കുറുകെ ബണ്ട് നിർമിച്ചിരുന്നു.
റോഡ് നവീകരണത്തിനായി എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ ടാർ ചെയ്ത ഭാഗം ഉൾപ്പെടെ ഏകദേശം 220 മീറ്റർ റോഡ് ഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ടും പണി പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. അവസാന ഭാഗത്ത് മാത്രമാണ് കോൺക്രീറ്റ് ചെയ്തത്.
നാട്ടുകാരുടെ ആരോപണം പ്രകാരം, 25 ലക്ഷം രൂപ 150 മീറ്റർ ഭാഗത്തിനുള്ള ഫണ്ടാണെന്ന് പിന്നീട് മാത്രമാണ് അറിയുന്നത്. റോഡ് ഉയർത്തിയതും ഓടയിലേക്ക് മണ്ണിട്ടതും മൂലം മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
അടുത്തുള്ള വീടുകൾക്കരികിലെ ഏകദേശം 80 മീറ്റർ ടാർ റോഡ് അനുമതിയില്ലാതെ പൊളിച്ചു രണ്ടു മാസമായി പുനർനിർമ്മാണം നടന്നിട്ടില്ല. നിർമ്മാണ സാമഗ്രികൾ (മെറ്റൽ, എം-സാൻഡ്, സിമന്റ് തുടങ്ങിയവ) പോലും തിരികെ കൊണ്ടുപോയതായും നാട്ടുകാർ ആരോപിക്കുന്നു.
പണി പൂർണ്ണമല്ലാതെ ഉദ്ഘാടനം നടത്തിയതിനെതിരെ നാട്ടുകാർ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
തുടർന്ന്, ഈ റോഡിന്റെ പൊളിച്ച ഭാഗം പുനർനിർമ്മിക്കാൻ വേണ്ട ഫണ്ട് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ഇപ്പോൾ ബന്ധപ്പെട്ടവരുടെ വിശദീകരണം




