ഓർമ്മയിൽ ഇ കെ നായനാർ
കേരളം ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത മുൻ മുഖ്യമന്ത്രിയും CPM നേതാവുമായിരുന്ന സഖാവ് EKനായനാരുടെ ദീപ്തമായ ഓർമ്മകൾക്ക് ഇന്ന് 21 വർഷം. കേരള നവോദ്ധാന പ്രസ്ഥാനത്തിന്റെ നായകനും കമ്മ്യുണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന EMS ന്റെ വഴിത്താരയിലൂടെ സഞ്ചരിച്ച് ഉദാത്തമായ സാമൂഹ്യസേവനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠനായ നേതാവായിരുന്നു നായനാർ.ലക്ഷ്യബോധവും ആദർശവും അന്യം നിന്നുപോകുന്നകാലത്ത് നായനാരുടെ രാഷ്ട്രീയ പ്രവർത്തനം തലമുറക്ക് മാതൃകയായി തീർന്നു. 1919 ഡിസംബർ 9 ന് കണ്ണൂരിലെ കല്യാശേരിയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറി. കയ്യൂർ കേസിൽ പ്രതിയാക്കപ്പെട്ടതിനാൽ പിടികൊടുക്കാതെ ഒളിവിൽ പോയി. അടിയന്തിരാവസ്ഥയിൽ അടക്കം പലപ്പോഴായി 7 വർഷം ഒളിവിൽ കഴിയേണ്ടിവന്നു. 1939 ൽ ആറോൺ മില്ലിലെ സമരവുമായി ബന്ധപ്പെട്ട് ആദ്യമായി നായനാർ അറസ്റ്റ് ചെയ്യപ്പെട്ടു. അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സികുട്ടീവിലും നാഷണൽ കൗൺസിലിലും അംഗമായി. 1964 ൽ പാർട്ടി പിളർന്നപ്പോൾ CPI ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാൾ നായനാർ ആയിരുന്നു. CPM രൂപീകൃതമായതു മുതൽ കേന്ദ്ര കമ്മിറ്റി അംഗമായും പൊളിറ്റ്ബ്യുറോ അംഗമായും പ്രവർത്തിച്ചു. 1962 ൽ ലോകസഭയിലേക്കും നിരവധി തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1980 ലും 87 ലും 96 ലും കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിച്ചു. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച പൊതുപ്രവർത്തകൻ. മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പൊതുജന ചോദ്യോത്തര പരിപാടി ടിവി ചാനലിലൂടെ തുടങ്ങിവച്ച മുഖ്യമന്ത്രി. ഏറെ ജനകീയമായി ആ പരിപാടി കുറെ വർഷം നീണ്ടു. പൊതുജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മറ്റു വിശേഷങ്ങൾ പരാതികൾ എല്ലാത്തിനും അറുതി വരുത്താൻ സാധിച്ചു. 2004 മെയ് 19 ന് 85 ആം വയസ്സിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ സഖാവിന്റെ ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി
