ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ
നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെ കൗൺസിലർമാരാണ് പരിപാടിയിൽ നിന്നും വിട്ടുനിന്നത്
ആലപ്പുഴ: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും വിട്ടുനിന്ന് സിപിഐ. നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെ കൗൺസിലർമാരാണ് പരിപാടിയിൽ നിന്നും വിട്ടുനിന്നത്. ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നഗരസഭാ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും സിപിഐ വിട്ടുനിൽക്കാൻ തീരുമാനിച്ചത്.52 പേരിൽ 9 കൗൺസിലർമാരാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, കൗൺസിലർമാരായ ജയൻ, രമേശൻ, സിപിഐ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഡിപി മധു എന്നിവർ വിട്ടുനിന്നു. എന്നാൽ സിപിഐ നേതാക്കൾ വാർത്ത നിഷേധിച്ച് രംഗത്തെത്തി.ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത്. വൈസ് ചെയർമാനായിരുന്നു ചടങ്ങിൽ സ്വാഗതം പറയേണ്ടിയിരുന്നത്. വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ നിലവിൽ പുന്നപ്ര വയലാർ സമര വാരാചരണവുമായി ബന്ധപ്പെട്ട് വയലാറിലാണുള്ളതെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്.