April 16, 2026

മരണപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു

  • April 16, 2026
  • 0 min read

കോഴിക്കോട് മൂഴിക്കലിൽ മരണപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും അന്വേഷണത്തിൽ വഴിത്തിരിവായി മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണും അന്വേഷണസംഘം കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഫോണുകൾ ബോധപൂർവ്വം കിണറ്റിൽ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് നിഗമനം. ഫോണുകൾ നിലവിൽ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിലെ ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂഴിക്കൽ സ്വദേശിനിയായ നസ്രീനയെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് നസ്രീനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവസമയത്ത് നസ്രീനയുടെ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു എന്നത് കൃത്യത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. വീട്ടിൽ കള്ളൻ കയറിയെന്ന നിലവിളി കേട്ടാണ് വീട്ടുകാർ മുകൾ നിലയിലേക്ക് ഓടിയെത്തിയത്. അവിടെ നസ്രീനയെ അവശനിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നസ്രീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീട്ടിലുണ്ടായിരുന്ന അദ്നാനെ ബന്ധുക്കൾ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. എന്നാൽ ഇവർ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അദ്നാനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു അദ്നാന്റെ മൃതദേഹം കണ്ടെത്തിയത്. ഒരേ വീട്ടിൽ കഴിഞ്ഞിരുന്ന രണ്ട് പേർ ഒരേ ദിവസം മരണപ്പെട്ടത് നാടിനെ നടുക്കിയ സംഭവമായി മാറി. പോലീസ് പ്രാഥമികമായി ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ ദുരൂഹമായി തുടരുകയാണ്. കൊല്ലപ്പെട്ട നസ്രീനയും അദ്നാനും അടുത്ത ബന്ധുക്കളും സഹോദരിമാരുടെ മക്കളുമാണ്. അദ്നാൻ നസ്രീനയുടെ വീട്ടിൽ താമസിച്ചാണ് പഠനം നടത്തിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇയാളുടെ ചില സ്വഭാവദൂഷ്യങ്ങളെ ചൊല്ലി നസ്രീനയുടെ കുടുംബവുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബത്തിനുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *