ശിഷ്ട ജീവിതം സോപാന സംഗീത ലോകം തിരഞ്ഞെടുത്തവർ

പാലക്കാട് :ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചതോടെ ജീവിതത്തിന് നിറം മങ്ങുന്നതായി തോന്നിയപ്പോഴാണ് ജില്ലയിലെ16 കലാ സ്നേഹികൾ സോപാന സംഗീത ലോകത്തെത്തിയത്.ജോലിയിൽ നിന്നും പടിയിറങ്ങിയതിന്റെ വിങ്ങലുകൾ കലാ പ്രവർത്തനത്തിൽ മുഴുകിയപ്പോൾ മാഞ്ഞുപോയി.ഇപ്പോൾ വിശ്രമ ജീവിതം വർണാഭമാക്കുകയാണ് 11 മുതൽ 72 വയസ് വരെയുള്ള 10 സ്ത്രീകളും 8 പുരുഷന്മാരും അടങ്ങുന്ന സോപാന ഗായക സംഘം.പാലക്കാട് പുത്തൂർ ധ്വനി കലാലയം രക്ഷാധികാരി സദനം രഞ്ജിത്ത് പിഷാരടിയുടെ ശിക്ഷണത്തിലാണ് സോപാന സംഗീതത്തിലൂടെ ഇവർ വിശ്രമജീവിതത്തിൽ സംതൃപ്തിയുടെ നാളുകൾ തീർക്കുന്നത്.പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വേലയാഘോഷത്തിനോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായിട്ടാണ് സോപാനസംഗീതാർച്ചന അരങ്ങേറ്റമുണ്ടായത്. സുഷമ മോഹൻ,രശ്മി,അനന്യ സന്തോഷ്,രമ രാധാകൃഷ്ണൻ, രേഷ്മ പ്രദീപ്,മുരളീധരൻ,ഗീത ഭാസ്കർ,പ്രകാശ് ബാബു,എസ്.ശ്രീറാം, കെ.ആർ.ദിവാകരൻ, ബീന ബാലകൃഷ്ണൻ, സരള രാജൻ,ഹേമ സുരേഷ്,അനിൽ കുമാർ,മധുസൂദനൻ എപ്പുറത്ത്,ഗോപി കല്ലേകുളങ്ങര,സതി രാധാകൃഷ്ണൻ,ടി.ഉണ്ണികൃഷ്ണൻ എന്നിവരാണ് സോപാനസംഗീത അവതരണം നടത്തിയത്.സംഗീതാർച്ചനയ്ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാടും സോപാനസംഗീത കുലപതി ഞെരളത്ത് രാമദാസ് പൊതുവാളും ചേർന്ന് തിരി തെളിയിച്ചു.ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് എം.സുരേന്ദ്രൻ കലാകാരന്മാരെ ആദരിച്ചു.ഏപ്രിൽ 10 വരെ നീളുന്ന ആഘോഷ പരിപാടികളിൽ വിവിധ ആചാര്യന്മാർ നയിക്കുന്ന സൽസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

