ബ്രിട്ടാസിനെ തന്നെ നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചുമതല ഏൽപ്പിക്കാൻ പിണറായി

വിശ്വസ്തനായ ജോൺ ബ്രിട്ടാസിനെ തന്നെ നിർണ്ണായക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചുമതല ഏൽപ്പിക്കാൻ പിണറായി; നികേഷ് കുമാർ കൂട്ടിയാൽ കൂടാത്ത അത്ര കാര്യങ്ങൾ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞാണ് നീക്കം; ബ്രിട്ടാസിൻ്റെ ഡൽഹി ബന്ധങ്ങൾ പിആർ വർക്കിന് തുണയാകുമെന്നും മുഖ്യമന്ത്രിക്ക് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അവകാശപ്പെടുമ്പോഴും 35 സീറ്റുകൾക്കപ്പുറം ഉറപ്പില്ല എന്ന യാഥാർത്ഥ്യം നിലവിലെ സാഹചര്യത്തിൽ തിരിച്ചറിഞ്ഞാണ് സിപിഎം പുതിയ തന്ത്രങ്ങൾ മെനയുന്നത്. ഹൈന്ദവ ധ്രുവീകരണം, ജാതിക്കാർഡ്, ക്രൈസ്തവ പ്രീണനം, ലീഗിനേയും ജമാ അത്തെ ഇസ്ലാമിയേയും കടന്നാക്രമിക്കൽ അങ്ങനെ അജണ്ടകൾ പലവിധം സെറ്റ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിആർ തന്ത്രങ്ങളിൽ തൃപ്തനല്ല എന്നതാണ് യാഥാർത്ഥ്യഅതുകൊണ്ട് മാത്രമാണ് എംവി നികേഷ് കുമാറിൻ്റെ സ്ഥാനത്ത് മാധ്യമ ഉപദേഷ്ടാവായും പിആർ. നിയന്ത്രിക്കുന്ന ആളായും ജോൺ ബ്രിട്ടാസ് മടങ്ങി എത്തുന്നത്. രാജ്യസഭാംഗമായ ബ്രിട്ടാസിൻ്റെ വരവ് ഒറ്റയ്ക്കല്ല പിആർ ടീമും തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുമടക്കമാണ് ആ വരവ്. പുനർജ്ജനി ക്കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരാണ് ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിലെന്ന് അറിയാമെന്ന് പറയുകയും തനിക്കെതിരെ കാർഡ് ഇറക്കാൻ വേണ്ടി മാത്രം ഒരാളുണ്ടെന്ന് പറയുകയും ചെയ്തതോടെ പേരെടുത്ത് പറയാത്ത ആള് താൻ തന്നെ എന്ന് അവകാശപ്പെട്ട് എംവി നികേഷ് കുമാർ രംഗത്ത് വന്നിരുന്നു.ഇതോടെ പൊളിഞ്ഞ പിആർ വർക്കിൻ്റെ ഉത്തരവാദി ആരെന്ന് എല്ലാവർക്കും ബോധ്യമായി. എന്തായാലും ഇപ്പോൾ ബ്രിട്ടാസിൻ്റെ മടങ്ങിവരവാണ്. വമ്പൻ പിആർ വർക്ക് എന്ന ലക്ഷ്യവുമായി ബ്രിട്ടാസ് മടങ്ങി എത്തുമ്പോൾ അത് ദുഷ്ക്കരമായ ദൗത്യവും പേറിയാണ്.



