ജി വി രാജ പുരസ്‌കാരത്തിളക്കത്തിൽ കോതമംഗലം എം. എ. കോളേജ്…സംസ്ഥാനത്തെ മികച്ച കായിക കോളേജായി രണ്ടാം തവണയും മാർ അത്തനേഷ്യസ്…. 2013-14 ലും മികച്ച കായിക കോളേജിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്

.Report ABLE C ALEX
കോതമംഗലം : സപ്തതി നിറവിൽ നിൽക്കുന്ന മാർ അത്തനേഷ്യസ് കോളേജിന് പുരസ്‌കാരത്തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജിവി രാജ പുരസ്കാരം എം. എ. കോളേജ് കരസ്ഥമാക്കി. സംസ്ഥാനത്തിനും, രാജ്യത്തിനും കോളേജ് നൽകിയ കായിക നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്. അത്‌ലറ്റിക്സ്,ഫുട്ബോൾ,വോളിബോൾ,ക്രോസ് കൺട്രി, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്,നീന്തൽ, കരാട്ടെ,ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, ആർച്ചറി, യോഗ തുടങ്ങിയ ഇനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്.മികച്ച പരിശീലക സംഘം തന്നെയുണ്ട്

എം. എ. കോളേജിന്.വകുപ്പ് മേധാവി പ്രഫ ഹാരി ബെന്നി,സഹ കായിക അധ്യാപിക അർച്ചന ഷാജി,മുൻ വകുപ്പ് മേധാവി പ്രൊഫ. പി. ഐ ബാബു, ഡോ. ജോർജ് ഇമ്മാനുവൽ, എം. എ. ജോർജ്, മിറാൻ ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവരുടെ പരിശീലന മികവിലാണ് കോളേജിന്റെ വിജയത്തിളക്കം.കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ്,കൊച്ചിൻ രജിസ്ട്രേഷൻ ഓഫ് സയന്‍റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രഫ. എം. പി. വർഗീസ് പ്രഥമ സെക്രട്ടറിയായി 1953-ൽ രൂപീകരിച്ച മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. 1955 ജൂലൈ 14 നാണ് കോളേജ് സ്ഥാപിതമായത്.ആരംഭം മുതൽ കായിക രംഗത്തിനു മുന്തിയ പ്രാധാന്യം കോളേജ് നൽകിയിരുന്നു. കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിന്‍റേത്.നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )30ൽ പരം അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ്, പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടിയിരുന്നു . 2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ ബിലിൻ ജോർജ് , ലോക പോലീസ് & ഫയർ ഗെയിംസിൽ കരാട്ടെയിൽ സ്വർണ്ണം നേടിയ പൂർവ്വ വിദ്യാർത്ഥി അജയ് തങ്കച്ചൻ ഉൾപ്പെടെ യുള്ളവർ മാർ അത്തനേഷ്യസ് കോളേജിന്‍റെ അഭിമാനമാണ്.2022-23 കാലയളവിൽ എംജി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച സ്പോർട്സ് പെർഫോമിംഗ് കോളേജിനുള്ള മനോരമ ട്രോഫി കരസ്ഥമാക്കുകയും, 23 – 24 ൽ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം എം. എ. കോളേജ് നേടുകയും ചെയ്തു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അബ്ദുല്ല അബൂബക്കർ 2022- 23 വർഷത്തെ മികച്ച അത്ലെറ്റിനുള്ള ജീവി രാജാ അവാർഡും, മുഹമ്മദ് അജ്മൽ 2023- 24 വർഷത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ജീവി രാജാ അവാർഡും കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ എം. എ കോളേജിലെ കായികതാരങ്ങൾ 250 ൽ പരം ദേശീയ മെഡലുകൾ വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിലായി കരസ്ഥമാക്കിയിട്ടുണ്ട് . 2023-24 കാലയളവിൽ എംജി സർവകലാശാലയിൽ 10 കായികയിനങ്ങളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും 146 കുട്ടികൾ സംസ്ഥാന ടീമിനെയും എംജി യൂണിവേഴ്സിറ്റിയുടെ ഭാഗമായി ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും 117 നാഷണൽ മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. 2024-25 കാലയളവിൽ 80 കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ 77 ദേശീയ മെഡലുകൾ നേടിയെടുക്കുകയുണ്ടായി.ഈ നേട്ടങ്ങളാണ് എം എ കോളേജിനെ മികച്ച കായിക കോളേജായി പരിഗണിക്കാൻ കാരണമെന്ന് പറയാം . സംസ്ഥാനത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ് ) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളേജായി 8-ാം സ്ഥാനവും,രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സമയത്ത് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 92-ാം സ്ഥാനവും കോളേജ് കരസ്ഥമാക്കിയിരുന്നു . ഇന്ത്യയിൽ ആകമാനമുള്ള കോളേജുകളിൽനിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളേജ് ഇടം നേടിയത് .മാർ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ അനവധിയാണ് . 2002 ൽ നാക് ന്‍റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത് പൊട്ടെഷ്യൽ ഫോർ എക്സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017ൽ എ പ്ലസ് ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്‍റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍റർനാഷണൽ ഗ്രീൻ കോളേജ് അവാർഡും മാർ അത്തനേഷ്യസ് കരസ്ഥമാക്കിയിരുന്നു.16 യു ജി പ്രോഗ്രാമുകളും,ഒരു ഇന്‍റഗ്രേറ്റഡ് പി ജി പ്രോഗ്രാമും, 16 പിജി പ്രോഗ്രാമുകളും, 6 ഗവേഷണവിഭാഗവും ഇപ്പോൾ കോളേജിൽ ഉണ്ട്. റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു. 2016-17 ൽ മാർ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 32 അദ്ധ്യയനവർഷം വരെ യു ജി സി അനുവദിച്ചിട്ടുണ്ട്.മികച്ച കായിക കോളേജ് എന്ന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകാരെയും, അധ്യാപകരെയും, കായിക താരങ്ങളെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ.എബി പി വർഗീസ് എന്നിവർ അഭിനന്ദിച്ചു.
