ചെട്ടികുളങ്ങരയില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍

കുംഭഭരണി മഹോത്സവം: ചെട്ടികുളങ്ങരയില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍
Report *Anish chunakara *ആലപ്പുഴ
മാവേലിക്കര /ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഫെബ്രുവരി 23ന് നടക്കുന്ന കുംഭഭരണി മഹോത്സവവുമായി ബന്ധപ്പെട്ട് വൻ ജനത്തിരക്കും കെട്ടുകാഴ്ച വരുന്ന റോഡുകളില്‍ ട്രാഫിക് ബ്ലോക്കും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ആംബുലൻസ്, ഫയർഫോഴ്സ് എന്നിവയുടെ അടിയന്തര സഞ്ചാരത്തിന് പ്രത്യേക സൗകര്യം ഒരുക്കും.ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.ലഹരിവസ്തുക്കളുടെ വിപണനം, ഉപയോഗം, വ്യാജമദ്യം എന്നിവ തടയുന്നതിന് സംയുക്ത സ്ക്വാഡ് രൂപീകരിച്ചു. ഉത്സവ ദിവസം ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.ക്ഷേത്രപരിസരത്തെ ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ നിർണ്ണയിച്ചു നല്‍കും. കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഉത്സവത്തിനു മുമ്ബായി പൂർത്തിയാക്കും.ഉത്സവസംബന്ധമായ എല്ലാ പരിപാടികളിലും ഗ്രീൻ പ്രോട്ടോക്കോള്‍ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കായംകുളം, മാവേലിക്കര ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്തെ കടകളില്‍ പരിശോധന നടത്തും.

ഭക്ഷണവില്‍പനശാലകളിലെ ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡും താത്കാലിക കടകള്‍ക്ക് ലൈസൻസും ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് ഉറപ്പാക്കും. വാഹന പാർക്കിംഗ് സ്ഥലം കണ്ടെത്താനും ഗതാഗത നിയന്ത്രണത്തിനുമായി ദേവസ്വവും പൊലീസും ചേർന്ന് ക്രമീകരണങ്ങള്‍ ഒരുക്കും.
