സംസ്‌ഥാനത്ത്‌ കായിക വകുപ്പിന്റെ നേതൃത്വത്തില്‍ 40 ഫുട്ബോള്‍ മൈതാനങ്ങള്‍

0
4

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കായിക വകുപ്പിന്റെ നേതൃത്വത്തില്‍ 40 ഫുട്ബോള്‍ മൈതാനങ്ങള്‍ നിലവില്‍ വരുന്നു. ഇതില്‍ നാലെണ്ണം നിര്‍മാണം പൂര്‍ത്തിയായി. 24 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മറ്റുള്ളവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. എറണാകുളം പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം, പാലാ മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 19 ഇലവന്‍സ് മൈതാനങ്ങളും ബാക്കി സെവന്‍സ് മൈതാനങ്ങളുമാണ്. ഇലവന്‍സ് മൈതാനങ്ങള്‍ക്ക് ഗാലറിയുമുണ്ട്. കളിക്കളങ്ങള്‍ ഇല്ലാതാകുന്നത് സംസ്ഥാനത്തിന്റെ കായികവളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാകുന്നുവെന്ന പരാതി വ്യാപകമായിരുന്നു. കായിക അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കി. കളിക്കളങ്ങള്‍ ഇല്ലെന്ന പരാതി പരിഹരിക്കാന്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമാണ് ഈ ഫുട്ബോള്‍ മൈതാനങ്ങള്‍. കാല്‍പ്പന്തു കളിയില്‍ കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഒപ്പം സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും പരിശീലനത്തിനും മത്സരങ്ങള്‍ സംഘടിപ്പിക്കാനും അവസരമൊരുങ്ങും. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള കളിയാണ് ഫുട്ബോള്‍. കേരളത്തിന്റെ എല്ലാ ഭാഗത്തും ഫുട്ബോളിന് സ്വാധീനമുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്ബോളില്‍ കേരളം നിര്‍ണായക ശക്തിയായിരുന്നു. ആ പ്രതാപം തിരിച്ചുപിടിക്കണം. എല്ലാ മേഖലയിലുമായി പുതിയ മൈതാനങ്ങള്‍ വരുന്നതോടെ കൂടുതല്‍പ്പേര്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും. പ്രതിഭാശാലികളായ താരങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതു സഹായിക്കും. കളിക്കളങ്ങള്‍ നിറയുന്നതോടെ കേരളത്തില്‍ ഉന്നതമായ ഒരു കായികസംസ്‌കാരവും രൂപപ്പെടും. ഫുട്ബോളില്‍ മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ കായിക വകുപ്പ് സ്‌കൂളുകളില്‍ നടപ്പാക്കുന്ന കിക്കോഫ് പദ്ധതി ഫലപ്രദമായി പുരോഗമിക്കുകയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here