വോട്ടിംഗിനിടെ സംഘര്‍ഷം :‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

0
6

അമരാവതി: ആന്ധ്രയില്‍ വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെയും ടിഡിപിയുയെടും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തടിപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ടിഡിപി ലീഡര്‍ ബാസ്കര്‍ റെഡ്ഡിയാണ് മരിച്ചവരിലൊരാള്‍. കൊലപാതകത്തിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണെന്നാണ് ടിഡിപിയുടെ ആരോപണം.

അതേസമയം സംസ്ഥാനത്ത് റീ പോളിംഗ് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. 300 ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചില ബൂത്തുകളില്‍ വോട്ടിംഗ് വൈകുകയും ചെയ്തിരുന്നു. പലയിടങ്ങളിലും സംഘര്‍ഷം ചോരക്കളിയിലേക്ക് എത്തുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ 25 മണ്ഡലങ്ങളിലും തെലങ്കാനയില്‍ 17 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചത് സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ്. ഇരു പാര്‍ട്ടികളും പരസ്പരം ആരോപണവും ഉന്നയിക്കുന്നുണ്ട്. പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതിനിടെ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചു. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. ഇതോടെ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. എന്നാല്‍ മെഷീന് തകരാറുണ്ടെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ത്താണ് ഇയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. മാവോയിസ്റ്റ് മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് സൂചന. വിശാല ആന്ധ്രയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇന്ന്. 9 മണിവരെയുള്ള കണക്ക് അനുസരിച്ച് 12 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here