പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുന്നു

0
11

ഇസ്ലാമാബാദ്: രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ച് വീണ്ടും തുറന്ന് നല്‍കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദു കുടുംബങ്ങളുടെ ഏറെക്കാലമായ ആവശ്യങ്ങളില്‍ ഒന്നായിരുന്നു അവരുടെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്ന് നല്‍കണമെന്നുള്ളത്.

വിഭജന കാലത്ത് പാകിസ്ഥാനിലെ ഭൂരിഭാഗം ഹിന്ദുക്കളും രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍, ചിലര്‍ പാകിസ്ഥാനില്‍ തന്നെ തുടര്‍ന്ന ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കയ്യേറി. ഇങ്ങനെയുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ വീണ്ടും ഹിന്ദുക്കള്‍ക്ക് പുനരുദ്ധരിച്ച് നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ 400 ക്ഷേത്രങ്ങളാണ് ഇത്തരത്തില്‍ പുനരുദ്ധരിച്ച് നല്‍കുന്നത്. സിയാല്‍കോട്ടിലും പേഷാവാറിലുമുള്ള രണ്ട് ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ തുറന്ന് കൊണ്ടാണ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. സിയാല്‍കോട്ടില്‍ 1,000 വര്‍ഷം പഴക്കമുള്ള ജഗന്നാഥ ക്ഷേത്രമാണ് വീണ്ടും തുറക്കുന്നത്.

1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ആക്രമണങ്ങള്‍ ഉണ്ടായതോടെയാണ് സിയാല്‍കോട്ട് ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവ് അവസാനിച്ചത്.

പേഷാവാറില്‍ പ്രസിദ്ധമായ ഗോരഖ്നാഥ് ക്ഷേത്രമാണ് തുറക്കുന്നത്. നേരത്തെ, ഓള്‍ പാകിസ്ഥാന്‍ ഹിന്ദു റെെറ്റസ് മൂവ്മെന്‍റ് നടത്തിയ സര്‍വെയില്‍ വിഭജനത്തിന് ശേഷം 408 ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍ തുടങ്ങിയവയായി മാറിയെന്ന് കണ്ടെത്തിയിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here