പതിനെട്ട് വര്‍ഷം മുമ്പ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടി :ക്വട്ടേഷന്‍ നല്‍കിയത് അമ്മ

0
8

ഹൈദരാബാദ്: പതിനെട്ട് വര്‍ഷം മുമ്പ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടി ഹൈദരാബാദ് പോലീസ്. മദ്യത്തിനും ചൂതുകളിക്കും അടിമപ്പെട്ട മകനെ കൊല്ലാന്‍ അമ്മയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

മുഹമ്മദ് ക്വാജ എന്ന 30കാരനാണ് 2001ല്‍ കൊല്ലപ്പെട്ടത്. പോലീസ് നല്‍കുന്ന വിവരമനുസരിച്ച് ക്വാജയുടെ അമ്മയായ മസൂദ ബീവിയാണ് മകനെ കൊല്ലാന്‍ മരുമക്കളുടെ സഹായത്തോടെ ക്വട്ടേഷന്‍ നല്കിയത്. മസൂദ ബീവിക്ക് മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ആണുള്ളത്. രണ്ടാമത്തെ മകനായ ക്വാജ മദ്യത്തിനും മയക്കുമരുന്നിനും ചൂതുകളിക്കും അടിമപ്പെട്ട് പോയിരുന്നു. ഇയാള്‍ പണത്തിനായി നിരന്തരം മസൂദാ ബീവിയെ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി എടുത്തുകൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. ക്വാജയുടെ മര്‍ദ്ദനം സഹിക്കാനാവാതെയാണ് ഇയാളെ ഒഴിവാക്കാന്‍ എന്താണ് മാര്‍ഗമെന്ന് മസൂദ ബീവി ആലോചിച്ചത്. ക്വാജ മറ്റ് കുടുംബാംഗങ്ങളുടെ സൈ്വര്യജീവിതത്തിനും ഭീഷണിയാകുമെന്നും അവര്‍ ഭയന്നിരുന്നു.

മരുമക്കളായ റഷീദും ബഷീറുമായി മസൂദ ബീവി തന്റെ ആശങ്കകള്‍ പങ്കുവയ്ക്കുകയും എങ്ങനെയും ക്വാജയുടെ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ സുഹൃത്തായ ഹഷാമിനെയും പദ്ധതി നടപ്പാക്കാന്‍ ഒപ്പം കൂട്ടി. കൃത്യം വിജയകരമായി നടപ്പാക്കിയാല്‍ ഹഷാമിന് വന്‍തുക നല്കാമെന്നും മസൂദാ ബീവി വാഗ്ദാനം ചെയ്തു. മദ്യം നല്കാമെന്ന് പ്രലോഭിപ്പിച്ച് ക്വാജയെ ഇവര്‍ മൈലാര്‍ദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയും മദ്യപിച്ച് അബോധാവസ്ഥയിലായതോടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അജ്ഞാതമൃതദേഹം എന്ന നിലയിലാണ് ക്വാജയുടെ കേസ് പോലീസിലെത്തിയത്. തെളിവുകളൊന്നും ലഭിക്കാഞ്ഞതിനാല്‍ കേസന്വേഷണം എങ്ങുമെത്തിയില്ല. മസൂദ ബീവിയുടെ കുടുംബത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസം ഒരു കുടുംബാംഗം തന്നെ കൊലപാതകവിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആരാണ് വിവരം നല്‍കിയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷറീദ്, ബഷീര്‍, ഹഷാം എന്നിവരെ പോലീസ് പിടികൂടി. മസൂദാ ബീവി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here