കരിമണൽ ശാപമായി മാറിയ ഒരു നാടിന്റെ കഥ, ആലപ്പാട്…

0
48

മലനാട് ന്യൂസ് എഡിറ്റോറിയലിൽ ശ്രീ ശരത്ത് ഉണ്ണി എഴുതുന്നു.

മത്സ്യ ബന്ധനത്തിനൊപ്പം കൃഷിയും കയര്‍ നിര്‍മാണവുമായിരുന്നു ആലപ്പാട്ടെ ഗ്രാമനിവാസികളുടെ പ്രധാന വരുമാന മാര്‍ഗം. ചകിരിയില്‍ നിന്നും പിരിച്ചെടുക്കുന്ന കയര്‍ മണലില്‍ ഉരുട്ടിയെടുക്കുന്നു ഇങ്ങനെ ചെയ്യുമ്പോള്‍ എഴകള്‍ നന്നായി അടുക്കുകയും കയറിന് നല്ല ബലം കിട്ടുകയും ചെയ്യും. എന്നാല്‍ കയറിനൊപ്പം പറ്റിപ്പിടിച്ച് കടലുകടന്ന മണല്‍ത്തരികള്‍ തങ്ങളുടെ ജീവിതവും നാടും സാമൂഹ്യ ജീവിതവുംഇല്ലാതാക്കുമെന്ന് അവര്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല.

കയറിന്റെ കൂടെ പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍ത്തരികള്‍ക്ക് കോടികളുടെ മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ജര്‍മന്‍ സായിപ്പ് ഹര്‍ഷന്‍ ബര്‍ഗ് ഉടന്‍തന്നെ കേരളത്തിലേക്കു തിരിച്ചു. 1911 മുതൽ ഖനനം ആരംഭിച്ചു, വലിയ കരിമണൽ കുന്നുകൾക്കു സമീപം നിന്നു കുറഞ്ഞ രീതിയിൽ മനുഷ്യ അധ്വാനം ഉപയോഗിച്ചാണ് ആണ് ഖനനം ആരംഭിച്ചത്, തൊഴിലിനും ജീവിതത്തിനും ഭാവിയിൽ ഇതു വിപത്തായി മാറുമെന്ന് തീരത്തെ ജനങ്ങൾ അന്ന് മനസ്സിലാക്കിയിരുന്നില്ല.
യൂറോപ്പിലെങ്ങും വൈദ്യുതി ലഭ്യമായതോടെ ഖനനം ഇടക്കാലത്ത് നിലച്ചിരുന്നു.

ആങ്ങനെ 1932ല്‍ എഫ്എക്‌സ് പെരേരാ & സണ്‍സ് എന്ന സ്വകാര്യ കമ്പനി യാണ് പിന്നീട് തുടങ്ങിവച്ചതു . കാലക്രമേണ സ്വകാര്യ കമ്പിനികൾ മാറി ആസ്ഥാനത്ത് പൊതു മേഖല സ്ഥാപനങ്ങൾ ഖനനം തുടങ്ങി . അങ്ങനെ സ്വകാര്യ മേഖലയും പൊതു മേഖലയും ചേർന്നു ഗ്രാമത്തെ ഖനനം ചെയ്ത് കോടികള്‍ക്ക് വിറ്റു. ഇല്‍മനൈറ്റ്, മോണോസൈറ്റ്, തോറിയം തുടങ്ങിയ ധാതുക്കളും ടൈറ്റാനിയവും സിന്തറ്റിക് റൂട്ടയിന്‍ പോലെയുള്ള അസംസ്‌കൃത വസ്തുക്കളും അടങ്ങിയ മണല്‍ ഇന്നു ഖനനം ചെയ്യുന്നത് , ആലപ്പാട് എന്ന ഗ്രാമത്തിന്റെ മരണ മണി മുഴക്കുന്നത് , സ്വദേശ കമ്പനികളായ ഇന്ത്യന്‍ റയര്‍ എര്‍ത്തും (IRE) ഉം കേരളാ മിനറല്‍ & മെറ്റല്‍ ലിമിറ്റഡും കൂടിയാണ്. ദിനം പ്രതി ആയിരക്കണക്കിന് ലോഡ് മണലുകളാണ് ഇവിടെ നിന്ന് ഖനനം ചെയ്‌തെടുക്കുന്നത്. ഓരോ ദിവസവും ഇങ്ങനെ മണൽ എടുത്തു മാറ്റുന്നതോടെ തീരം ചുരുങ്ങുന്നു കേരളത്തിന്റെ തീരപ്രദേശത്തെ 4 ഗ്രാമ പഞ്ചായത്ത് കൾ ഭൂപടത്തിൽ നിന്നും മായിക്കപ്പെടാൻ പോകുന്നു.

അതിജീവനത്തിന്റെ സമര ചരിത്രം

പിറന്ന നാട്ടില്‍ ജീവിക്കാനുള്ള ഒരു ജനതയുടെ സമര വീര്യത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തുടര്‍ന്നു വരുന്ന കരിമണല്‍ ഖനനം തങ്ങളുടെ തൊഴിലും നാടും ഇല്ലാതാക്കുമെന്നറിഞ്ഞ നാട്ടുകാര്‍ 1970 ലാണ് ആദ്യമായി ജനകീയ സമര മുദ്രാവാക്യം ആലപ്പാട് മുഴക്കിയത്. എന്നാല്‍ കാലുവാരിയും അടിച്ചമര്‍ത്തിയും തമ്മില്‍ തല്ലിച്ചും പല സമരങ്ങളും പാതി വഴിയില്‍ നിലച്ചു. എന്നാല്‍ 1992 ല്‍ നടന്ന ‘ ജല പരിസ്ഥിതി സംരക്ഷണ ജാഥ ‘ നാടിനെ നശിപ്പിക്കുന്ന കുത്തക കമ്പനികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു. ഈ ജാഥയില്‍ നിന്നുമാണ് ‘ ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമൊ ‘ എന്ന പരിസ്ഥിതി ഗാനം കേരളം ആദ്യമായി കേട്ടത്. ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയ ഈ ഗാനം ഇല്ലാതാകുന്ന പരിസ്ഥിതിയുടെ ഉണര്‍ത്തു പാട്ടായിരുന്നു.

വിദേശ കമ്പനികളുടെ മിനറല്‍ പ്ലാന്റ് സ്ഥാപിക്കനുള്ള ശ്രമത്തിനെതിരെയും 1994 ല്‍ ആലപ്പാട് നിവാസികള്‍ ജനകീയ സമരം സംഘടിപ്പിച്ചു. ഓസ്‌ട്രേലിയന്‍ കമ്പനിയായ വെസ്‌ട്രേലിയന്‍ സാന്‍ഡ്‌സ്, അമേരിക്കന്‍ കമ്പനിയായ റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍ഡ് കണ്‍സോളി ഡാറ്റഡ് തുടങ്ങിയ ആഗോള കമ്പനികളാണ് മിനറല്‍ പ്ലാന്റ് എന്ന ലക്ഷ്യമായി എത്തിയത്. എന്നാല്‍ പ്രതിഷേധ ജ്വാലകളും തെരുവ് നാടകങ്ങളും നടത്തി കമ്പനിയുടെ നീക്കത്തിനെതിരെ ആലപ്പാട് നിവാസികള്‍ ജനകീയ പ്രക്ഷോപം സംഘടിപ്പിച്ചു. ഒടുവില്‍ ആ സമരത്തുനു മുന്‍പില്‍ കമ്പനികള്‍ക്കു തോല്‍ക്കേണ്ടിവന്നു.

എന്നാല്‍ ഖനനത്തിനെതിരെ 1997 ല്‍ നടന്ന പ്രക്ഷോപത്തെ സര്‍ക്കാര്‍ തന്നെ അടിച്ചമര്‍ത്തി. 1997 മെയ് അഞ്ചിന് കരിത്തുറയിൽ സമരം ചെയ്ത ജനങ്ങള്‍ക്കു നേരെ വെടിവയ്പ്പും തുടര്‍ന്നുണ്ടായ സങ്കര്‍ഷത്തില്‍ ഒരു പോലീസുകാരൻ ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു. പക്ഷേ സമരത്തിന്റെ ഭലമായി കമ്പിനി ചില ഉത്തര വാദിത്വങ്ങൾ അവിടെ ഏറ്റെടുക്കേണ്ടതായി വന്നു ഖനനം ചെയ്തു കഴിഞ്ഞു റീ ഫിൽ ചെയ്തു ഭൂമി മടക്കി കൊടുക്കേണ്ടി വന്നു, പക്ഷേ ഖനനത്തിനായി ഭൂമി നൽകിയ എല്ലാ കുടുംബങ്ങൾക്കും ഭൂമി തിരികെ കമ്പിനി നൽകാത്തത് കൊണ്ടു കഴിഞ്ഞ 20 വർഷമായി വാടകക്ക് താമസിക്കുന്നവർ നീണ്ടകര പഞ്ചായത്തിൽ ഉണ്ട്.
പിന്നീടും നിരവധിയായ ജനകീയ സമരങ്ങള്‍ക്ക് അലപ്പാടിന്റെ അവശേഷിക്കുന്ന മണല്‍ത്തരികള്‍ സാക്ഷിയായി.

ഖനനം ആലപ്പാടിന് നല്‍കിയത്

ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഖനനം ആലപ്പാടിനും നാട്ടുകാര്‍ക്കും നല്‍കിയത് എണ്ണിയാല്‍ ഒതുങ്ങാത്ത കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രമാണ്. 5000-ത്തോളം കുടുംബങ്ങള്‍ക്കാണ് ഖനനത്തിന്റെ അനന്തരഫലമായി വീട് നഷ്ടപ്പെടുകയും പലായനം ചെയ്യേണ്ടിയും വന്നത്. പരമ്പരാഗതമായി മത്സ്യബന്ധനം ചെയ്യ്തിരുന്ന അവര്‍ക്ക് ദൂരെ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്നപ്പോള്‍ വീടുമാത്രമല്ല തൊഴിലും നഷ്ടമായി.
ആലപ്പാടിന്റെ തെക്കുഭാഗം മുതല്‍ വടക്കു ഭാഗം വരെയുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ നശിച്ചിരിക്കുന്നു. മാത്രമല്ല തീരം ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി മത്സ്യപ്രജനനത്തിനു സഹായകമായ സ്ഥലങ്ങളും നശിച്ചിരിക്കുന്നു.

ഖനനം തീരപ്രദേശങ്ങളിലെ ജലസ്രോതസുകളെ പൂര്‍ണ്ണമായും നശിപ്പിച്ചു കളഞ്ഞു. ശുദ്ധജല സ്രോതസുകളായ തണ്ണീര്‍തടങ്ങളും കിണറുകളും മറ്റ് ഉറവകളും വറ്റിവരണ്ടു. വെള്ളാനത്തുരുത്തിലുണ്ടായിരുന്ന ഒരേക്കര്‍ 18 സെന്റ് തണ്ണീര്‍ത്തടം ഇന്ന് ആലപ്പാട്ടുകാര്‍ക്ക് വെറും ഓര്‍മ്മമാത്രമാണ്.

ആലപ്പാട് മാത്രമല്ല നാശങ്ങള്‍ സംഭവിച്ചത്. തൊട്ടടുത്ത പഞ്ചായത്തായ പന്മനനയിലെ കുന്നംതറ എല്‍പി സ്‌കൂളിലും കളങ്ങര യുപി സ്‌കൂളിലും ഇന്ന് വിദ്യാര്‍ത്ഥികളില്ല. പകരം പൊന്തക്കാടുകളാണ്. ഒരു കാലത്ത് എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയത്തിലേക്ക് ഖനനം മൂലം കടല്‍ത്തികകള്‍ കടന്നു വന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടത്. ആറു കിലോമീറ്ററോളം ദൂരം കടല്‍ കയറി വന്നു എന്നു പറയുമ്പോള്‍ ഖനനം എത്രത്തോളം തീവ്രമാണെന്നു പറയാതെ തന്നെ മനസ്സിലാകും. ഈ മേഖലയിൽ
സ്വകാര്യ കമ്പിനികളെ കൂട്ടി കൊണ്ടു വരാൻ ഇപ്പോഴും ചില ജനപ്രതിനിധികൾ ശ്രമിക്കുന്നതായും, ചില ഉന്നത ഉദ്യോഗസ്ഥർ 130 കോടി രൂപ വരെ കൈക്കൂലി വാങ്ങിയതായി വരെ പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു.

ഖനനം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഏകദേശം 100കിലോമീറ്റര്‍ നീളത്തിലുള്ള കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളും പൂര്‍ണ്ണമായും ഇല്ലാതാകും. ഒരു നാട് തന്നെ നാശത്തിന്റെ വക്കിലെത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ നവംബര്‍ ഒന്നിന്, കേരളാ പിറവി ദിനത്തില്‍ വീണ്ടും ശക്തമായ സമരവുമായി ആലപ്പാട് ജനത മുന്നിട്ടിറങ്ങിയത്. അന്ന് ആരംഭിച്ച റിലേ സത്യാഗ്രഹ സമരം എഴുപത് ദിവസത്തോടടുക്കുകയാണ്. പലരും സമരത്തിന് അഭിവാദ്യങ്ങള്‍ അറിയച്ചു കൊണ്ട് ആലപ്പാട് നിവാസികളുടെ അതിജീവന സമരത്തിന്റെ കൂടെ നില്‍ക്കുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here