പ്രശസ്തനായിട്ടും നഷ്ട ജീവിതം ബാക്കി വച്ചു പോയ ഒരച്ഛൻ…

0
521

എം ടി വേണു എന്ന സിനിമക്കാരനെപ്പറ്റി മകൾ നിസരി മേനോൻ എഴുതുന്നു..

ഓർമ്മയിൽ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം. അത് അടുത്തടുത്തു വരുന്നു.റോഡ് കടന്ന് പടിക്കലെത്തി….പടിയും കടന്ന് നീളൻ ഇടനാഴി പോലെയുള്ള വഴിയിലൂടെ ലില്ലിച്ചെടികളും കടന്ന് ഓടിട്ട വലിയ വീട്ടുമുറ്റത്തേക്ക്.. ഒരസംസ്കൃത നാടകത്തിൽ നിന്ന് ആടയാഭരണങ്ങളില്ലാതെ ഇറങ്ങി വരുന്ന കഥാപാത്രത്തിനെ പ്പോലെ എൻറെ അച്ഛൻ!മുഷിഞ്ഞ തലേക്കെട്ട്, അണഞ്ഞ ഗണേഷ് ബീഡിക്കുറ്റി, മുഷിഞ്ഞ കാ വിഷർട്ടും മുണ്ടും .ഇളകിയടർന്ന് വീഴാറായ കട്ടിക്കണ്ണട സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുന്നു. ഇരു കൈകളിലും കൊച്ചു പൊതികൾ, കയ്യിലെ മുഷിഞ്ഞ നോട്ടുകൾ അമ്മയെ ഏൽപ്പിച്ച് ചാരുകസേരയിൽ പതിയെ ചായുന്ന പാവം അച്ഛൻ,പക്ഷേ ഇത് മാത്രമായിരുന്നില്ല എം ടി വേണു എന്ന എൻറെ അച്ഛൻ എന്ന് മനസിലാക്കിയെടുക്കാൻ കാലങ്ങളെടുത്തു. വലിയ നാലു കെട്ടു പോലയുള്ള വീട്ടിലെ ഈർപ്പം നിറഞ്ഞ തെക്കേ മുറിയിലെ മരത്തിൻറെ അലമാരയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. മഞ്ഞും കാലവും ഭാർഗവീ നിലയവും നഷ്ടപ്പെട്ട നീലാംബരിയും അങ്ങനെയങ്ങനെ……താളിയോലകൾ, ചരിത്ര പുസ്തകങ്ങൾ, ആഖ്യാനങ്ങൾ, കഥകൾ കവിതകൾ എന്നിവ നിറഞ്ഞിരുന്ന അലമാര…. കൊച്ചു പ്രായത്തിൽ ത്തന്നെ വലിയ എഴുത്തുകൾ ഒന്നും മനസിലാകാതെത്തന്നെ വായിച്ചു കൂട്ടി.ചെറിയ ആശയങ്ങൾക്കു മുന്നിൽ അച്ഛൻ വലിയ ബ്രഹ്മാണ്ഡത്തെ തുറന്നു കാണിച്ചു.എന്റെ ചെറുപ്പക്കാലത്ത് ദിവസങ്ങളോളം അച്ഛൻ വീട്ടിലുണ്ടാവാറില്ല… അന്വേഷിക്കുമ്പോൾ അട്ടപ്പാടിയിലാണ് എന്നെനിക്ക് മനസിലായി.

എന്താണ് അട്ടപ്പാടിയെന്നോ എപ്പോഴാണ് അവിടെ നിന്ന് തിരിച്ചു വരിക എന്നോ എനിക്കറിയില്ലായിരുന്നു. വർഷങ്ങൾക്കിപ്പുറം അടുക്കി വെച്ചിരിക്കുന്ന പഴയ വാരാന്ത്യ പ്പതിപ്പുകൾ കാണുമ്പോൾ എന്താണ് അട്ടപ്പാടിയെന്നും, ഏതാണ് നിളാ നദിയെന്നും, ശിലായുഗമെന്നും, എനിക്ക് മനസിലാകുന്നു. അച്ഛൻ കൈവെക്കാത്ത വിഷയങ്ങളില്ലായിരുന്നു.കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് എന്നെ കൈ പിടിച്ചു നടത്തിയത് അച്ഛനാണ്. സ്ഫുടമായിസംസാരിക്കാനും നന്നായി എഴുതാനും നിർബന്ധിച്ചിരുന്ന അദ്ദേഹം ഉച്ചത്തിലുച്ചത്തിൽ അല ഞ്ഞിരുന്ന അച്ഛൻറെ സാന്നിധ്യം എനിക്കിപ്പോഴും അനുഭവപ്പെടാറുണ്ട്.സിനിമയായിരുന്നു തുടക്കം. മദിരാശിയിലും കേരളത്തിലും സിനിമാരംഗത്തെ പലരുമായും അടുത്ത ബന്ധമായിരുന്നു – ഇന്ന് ആ ഡയറിക്കുറിപ്പുകൾ വായിക്കുമ്പോഴാണ് എത്ര തീവ്രമായിരുന്നു അച്ഛന് സിനിമാലോകവുമായുണ്ടായിരുന്ന ബന്ധം എനിക്ക് മനസിലാകുന്നു. നസീർ, വിൻസെന്റ്, മധു, സുകുമാരൻ, ജഗതി, ഭാസി, സുമിത്ര ജയഭാരതി, എന്നിവരുമായിട്ടൊക്കെ അടുത്ത ബന്ധം ഉണ്ടായിരുന്ന അദ്ദേഹം എ.ബി.രാജിൻറെ സഹസംവിധായകനായിരുന്നു. അച്ഛനെ മലയാള സിനിമാ വേദിക്ക് പരിചയപ്പെടുത്തിയത് എൻ.എൻ.പിഷാരടിയാണ്. മുത്ത് എന്ന ചിത്രത്തിലൂടെ.

ഏഴോളം നോവലുകൾ ,എഴുപതോളം കഥകൾ…. ഇത്രയും കഴിവുകൾ ഉള്ള ഒരു മനുഷ്യൻ ഒരു പരാജയമായിരുന്നു എന്ന് ചിലർ പറഞ്ഞിരുന്നത് എന്താണെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ല. കാലം കടന്നു പോയി. അച്ഛനും ! ഒഴിഞ്ഞ ചാരുകസേരയും അച്ഛൻ തന്ന ആത്മവിശ്വാസവുമാണെൻറെ കൂട്ട്.ഒന്നുമാവാൻ കഴിഞ്ഞില്ലെങ്കിലും താൻ എല്ലാമാണ് എന്ന് വിശ്വസിച്ചിരുന്നഒരു അച്ഛക്കെ മകളാണ് ഞാൻ.അച്ഛൻറെ ഏറ്റവും വലിയ സ്വപ്നം സമാധി എന്ന സിനിമയായിരുന്നു. അതിൻറെ തിരക്കഥ തയ്യാറാക്കി സുകുമാരൻ സാറുമായി നിരന്തരം ചർച്ചകൾ ചെയ്തിരുന്നു. സുകുമാരൻ, സോമൻ, ശ്രീവിദ്യ, രാമു എന്നിവരുമായിട്ടുള്ള ബന്ധത്തെപ്പറ്റി ധാരാളം കേട്ടിരിക്കുന്നു. വർഷങ്ങൾക്കിപ്പുറം സമാധി പൊടി തട്ടിയെടുത്ത് മാറ്റങ്ങൾ വരുത്തി പുതിയ തിരക്കഥയാക്കി പ്രസിദ്ധീകരിക്കുമ്പോൾ ഒന്നേ മനസിലുണ്ടായിരുന്നുള്ളു. അത് എൻറെയും സ്വപ്നമാണ്‌,

,എന്നെങ്കിലും അത് സിനിമയാകുമ്പോൾ സാർത്ഥകമാകുന്നത് എല്ലാവരും പരാജയമാണെന്ന് പറഞ്ഞിരുന്ന ഒരു വലിയ മനുഷ്യന്റെ ചിറകറ്റ പ്രതീക്ഷകളാണ്.കവിതകൾ മാത്രം എഴുതിയിരുന്ന ഞാൻ ഉറക്കം വരാത്ത എത്രയോ രാത്രികളിലൂടെ തിരക്കഥയുടെ ലോകത്തേക്ക് എത്തിയെങ്കിൽ ആ ആത്മാവ് ഇപ്പോഴും ‘സമാധി, സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങളുമായി ഞാൻ അച്ഛൻറെ അസ്ഥിത്തറക്കു മുന്നിൽ ………..

SHARE

LEAVE A REPLY

Please enter your comment!
Please enter your name here