ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. കഥ (പ്രജീഷ് കോട്ടയ്ക്കൽ)

0
37

എടീ നായിന്റെ മോളേ തുറക്കടി വാതിൽ. എന്താടി തുറക്കാനിത്ര താമസം “ഓ അകത്തുള്ളവനെ ഒളിപ്പിക്കേണ്ടി വരും ”
നിലത്തുറക്കാത്ത കാലുമായി ഗോപാലൻ വാതിലിൽ ആഞ്ഞു തല്ലിക്കൊണ്ടിരുന്നു.
പുറത്തെ കുത്തുന്ന ഇരുട്ടിലെവിടെയോ നായ്ക്കൾ ഓരിയിടുന്നു.
ഗോപാലൻ അരയിൽ നിന്നും ഒരു ബീഡിയെടുത്ത് ചുണ്ടിൽ വെക്കുന്നു ഷർട്ടിന്റെ കൈമടക്കിൽ തിരുകിയ തീപ്പെട്ടിയെടുത്ത് കത്തിക്കുന്നു തീയുടെ ചുവന്ന വെളിച്ചത്തിൽ അതിനേക്കാൾ ചുവന്നു വീർത്ത അയാളുടെ ചോരക്കണ്ണുകൾ തെളിയുന്നു. തീ പിടിച്ച ബീഡിയുടെ പുക ആഞ്ഞു വലിച്ച്‌ പുറത്തേക്ക് തള്ളുമ്പോഴാണ് അയാൾക്കു മുന്നിൽ വീടിന്റെ ഉമ്മറ വാതിൽ തുറക്കപ്പെടുന്നത്.
വാതിൽ തുറന്ന് തന്നെ നിരാശയോടെ നോക്കുന്ന
ഉഷയെന്ന ഭാര്യയെ കത്തുന്ന കണ്ണോടെ നോക്കിക്കൊണ്ട്
ഒന്നുകൂടി പുക വലിച്ച് അയാൾ അവളുടെ മുഖത്തേക്കൂതി പിന്നെ മുഖമടിച്ച് ആഞ്ഞടിക്കുന്നു. അടിയുടെ ശക്തിയിൽ ഉലഞ്ഞുപോയ അവളെ അയാൾ മുടിക്കു കുത്തിപ്പിടിച്ച് ശക്തമായി വലിച്ച് വേദനിപ്പിക്കുന്നു.
ഉഷയിൽ നിലവിളികളില്ല, തിരിച്ചാക്രമണങ്ങളോ, പ്രതിരോധങ്ങളോയില്ല വർഷങ്ങളായി തുടരുന്ന ഈ നാടകത്തിൽ അഭിനയിക്കാൻ താല്പ്പര്യം ഇല്ലാത്തതിനാലാവും യാതൊരു ഭാവങ്ങളുമില്ലാതെ അയാളുടെ ആട്ടും, അട്ടഹാസവും, അക്രമണവും അവൾ നിശബ്ദമായി സഹകരണത്തോടെ സഹിച്ചു.
അവളെ വേദനിപ്പിച്ച് മടുത്തപ്പോൾ അയാൾ ബീഡികുറ്റി നിലത്തിട്ട് അകത്തേക്ക് നടന്നു .വേച്ച് വേച്ച് അയാൾ ദക്ഷണം
അടച്ചുവെച്ച സ്ഥലത്തേക്ക് നടന്നു നിലത്തിരുന്ന് അയാൾ പാത്രം തുറന്നു ഉഷ അടുത്തേക്ക് വരുംമുന്നേ അയാൾ കറി ചോറിലേക്കൊഴിച്ച് കുഴച്ച് വായിൽ വെച്ചു .പതിവുപോലെ വായിലെ ചോറ് ആഞ്ഞ് പുറത്തേക്ക് തുപ്പിക്കൊണ്ട് “നിന്റെ ചത്തുപോയ തന്തക്ക് പിണ്ഡം വെക്കാനാണോ നായിന്റെ മോളെ
ഇതുണ്ടാക്കിയത് ” ഗോപാലൻ കറിപാത്രമെടുത്ത് ഉഷയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ചോറ്റുപാത്രമെടുത്ത് ചവിട്ടിപ്പരത്തി.ഉഷയെത്തല്ലാൻ എണീക്കാൻ ശ്രമിച്ചതും അയാൾ മറിഞ്ഞുവീണു പിന്നെ കഴിക്കാനിരുന്നിടത്തു തന്നെ ഓക്കാനിച്ച് ശർദ്ദിക്കാൻ തുടങ്ങി നിർത്താതെ ശർദ്ദിച്ച് അയാൾ അവിടെ
വീണുകിടന്ന് പിന്നെ പതിവുപോലെ തളർന്നുറങ്ങി.
ക്ലോക്കിൽസമയം രാത്രി രണ്ട് മണിയായെന്ന മുഴക്കം കേട്ടു. അച്ഛന്റെ രാത്രി കലാപത്തിൽ ഉറക്കം നഷ്ടപ്പെട്ട മൂന്ന് കുട്ടികൾ അകത്തെ പായിൽ ഉറങ്ങാതെ എണീറ്റിരുന്ന് പതിവുപോലെ കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു കുതിർന്നിരുന്നു.

ചിതറിയ ചോറിനു മുന്നിൽ അവശനായിക്കിടക്കുന്ന ഗോപാലനെ ഉഷ ശാന്തമായി നോക്കി. ഇത്ര കലാപമുണ്ടാക്കിയ മനുഷ്യനാണല്ലോ കുഞ്ഞിനെപോലെ ഉറങ്ങുന്നത്. ഉറങ്ങുമ്പോൾ ഈ മനുഷ്യൻ എത്ര പാവമാണ്.ഈ കുടിയില്ലായിരുന്നെങ്കിൽ ദൈവമേ കുടുംബം സ്വർഗമായേനെ ഉഷ നാരാശയോടെ നെടുവീർപ്പിട്ടു.

നിലമെല്ലാം തൂത്തുതുടച്ചും, ഛർദ്ദി കോരിയും, പാത്രം കഴുകിയും ഉഷ പതിവ് തുടർന്നു. ഗോപാലനെ ആവും പോലെ വലിച്ചും ഇഴച്ചും പായിലെത്തിച്ചു.
ക്ലോക്കിൽ മണി മൂന്നടിച്ചു
ഗോപാലന്റെ ശക്തമായ കൂർക്കം വലി മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഉഷക്കിനി ഉറങ്ങാൻ നേരമില്ല.ഇത്തിരി കൂടെ കഴിഞ്ഞാൽ തൊഴുത്തു വൃത്തിയാക്കണം,പശുവിനെ കറക്കണം പാല് സൊസൈറ്റിയിൽ കൊടുക്കണം, മക്കൾക്കു ചായയുണ്ടാക്കി വെക്കണം, രണ്ടു വീട്ടിൽ രാവിലെ പണിക്കു പോകണം തിരിച്ചെത്തിയിട്ടു വേണം മക്കളെ സ്കൂളിൽ വിടാൻ.

ഉഷയും ഗോപാലനും ഒരു കഥയല്ല നമ്മുടെ കൺമുന്നിൽ ഒരുപാടു വട്ടം നടന്ന ജീവിതമാണ്.
മദ്യപാനം മൂലം ജീവിതം നശിച്ച എത്രയെത്രെ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.
പ്രതീക്ഷയോടെ വിവാഹിതയായി ഭർത്താവിന്റെ കുടി കാരണം ജീവിതം തകർന്നു പോയിട്ടും. തോറ്റു പോകാതെ മക്കൾക്കുവേണ്ടി ജീവിച്ച് ഒറ്റക്കു കുടുംബം പുലർത്തേണ്ടി വന്ന അനേകായിരം സഹോദരിമ്മാരുടെ ഇച്ഛാ ശക്തിക്കുമുന്നിൽ
സമർപ്പിക്കുന്നു.

-പ്രജീഷ് കോട്ടക്കൽ –

SHARE

LEAVE A REPLY

Please enter your comment!
Please enter your name here