കാശിയെന്ന മഹാശ്മശാനം

0
41

 

ജയശ്രീ ശേഖരൻ

ഭാരതത്തിൻറെ കിഴക്ക് ഭാഗത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിൻറെ മർമ്മ സ്ഥാനം. കാതൽ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചു പോരുന്നത്. ഏതു കാലത്തിലാണ് ഇതു സ്ഥാപിച്ചത് എന്നതിനെപറ്റി എവിടെയും വ്യക്തമായി തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിൻറെ അഥവാ പഠനത്തിൻറെ കേന്ദ്രസ്ഥാനം എന്ന നിലയ്ക്കാണ് ഇത് നിർമ്മിച്ചതത്രേ… ഈ നഗരമാകെ ഒരു പ്രത്യേകരീതിയിലും ആകൃതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് സവിശേഷതയർഹിക്കുന്നു… ഏതൊരുവനും ഇതിൻറെ അന്തർഗൃഹത്തിലെത്തിച്ചേരാൻ അടുക്കുകളായി നിർമ്മിച്ചിരിക്കുന്ന ഏഴ് കവാടങ്ങൾ കടക്കണം. ബോധോദയം ലഭിക്കാനുതങ്ങുന്ന രീതിയിലാണ് നഗരത്തിൻറെ നിർമ്മാണം. അകത്തു പ്രവേശിക്കേണ്ട ഒരാൾ ഏഴ് കടമ്പകളും കടന്ന് മണികർണ്ണികയിൽ ചെന്നെത്തുമ്പോഴെക്ക് അയാൾ ആത്മസാക്ഷാത്കാരം നേടിയവനായി തീർന്നിരിക്കും. അതുകൊണ്ട് തന്നെ ഭൗതിക ശരീരം ഇവിടെ ഉപേക്ഷിക്കുന്നതിനു മുൻപ് തന്നെ അയാൾ പഞ്ചഭൂതങ്ങൾക്കും ഉപരിയായി ഉയർന്നിട്ടുണ്ടാവും.


ഈ നഗരത്തിൽ പ്രവേശിക്കുന്നതോടുകൂടി മോക്ഷ പ്രാപ്തി കൈവരുമെന്ന് ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.. അത്രക്ക് ശക്തിയേറിയതും,ഊർജ്ജപൂരിതവുമായിരുന്നു ഈ പ്രദേശം. നഗരത്തിൻറെ ഹൃദയഭാഗത്തായിട്ടാണ് കാശി വിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെയേറെ കാലങ്ങൾക്കു മുമ്പു തന്നെ അതു ഭാഗികമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ആദിയോഗിയാൽ തന്നെ പവിത്രീകരിക്കപ്പെട്ടതായും വിശ്വസിച്ചു പോരുന്നു. വലിയ ശ്മശാനം എന്നർത്ഥം വരുന്ന * മഹാശ്മശാനം * എന്ന പദം കാശിയുടെ മറ്റൊരു നാമധേയമാണ്. കാശിയുടെ മർമ്മസ്ഥാനമാണ് മണികർണ്ണിക. ഇവിടെ സദാസമയവും ഒരു ശവശരീരമെങ്കിലും എരിയുന്നുണ്ടാവും. ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു കാര്യം, കാശിയിൽ വച്ച് മരിക്കുന്നവർക്കും, അവിടെ ദഹിപ്പിക്കപ്പെട്ടവർക്കും സാക്ഷാത്കാരത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്.. അതിനുള്ള കാരണം ജീവിതത്തിൻറെ അന്ത്യഘട്ടത്തിൽ കാശിയിൽ എത്തിപ്പെടാൻ കഴിഞ്ഞാൽ ഭൂതത്വങ്ങൾക്കുപരിയായി അതിനുയരാൻ കഴിയും എന്നുള്ള വിശ്വാസമാണ്. പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട ഈ ഭൗതിക ശരീരത്തിനും,ആത്മീയ ശരീരത്തിനും ഉയരാനുള്ള ഉപാധിയായാണ് ഈ ശ്മശാന ദഹനം എന്നായിരുന്നു വിശ്വാസം… ഈ ഏഴു പാളിയിലും കൂടി കടന്നു പോകുന്ന ഏതൊരാളും പഞ്ചഭൂതങ്ങൾക്കും ഉപരിയായി ഉയർത്തപ്പെട്ടിട്ടുണ്ടാവും…


മരണ ശയ്യയിൽ എത്തിക്കഴിഞ്ഞാൽ മരണം വരെ കാശിയിൽ പോയി താമസിച്ച് മണികർണ്ണികയിൽ ദഹനവും കഴിഞ്ഞ് , മരണാനന്തര കർമ്മങ്ങളും നടത്തി സായൂജ്യ അടയുക എന്ന അന്ത്യാഭിലാക്ഷവുമായി കഴിയുന്ന എത്രയോ ആളുകൾ ഈ ഭൂമണ്ഡലത്തിൽ ഇപ്പോഴും ഉണ്ട്. ആ അഭിലാക്ഷം സഫലീകരിച്ചു കൊടുക്കാൻ പല സന്നദ്ധസംഘടനകളും കാശിയിൽ സജീവമായി പ്രവർത്തിക്കുന്നു.
താമസ സൗകര്യം,രണ്ടു നേരത്തെ ഭക്ഷണവും മരണം കാത്തു കിടക്കുന്ന ആൾക്ക് സൗജന്യമായി,തുച്ഛമായ ചിലവോ ചെയ്ത് കൊടുക്കും…. ഇതിലെല്ലാം പൂർണ്ണ വിശ്വാസമർപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു.ആ വിധമുള്ള ചടങ്ങുകളെല്ലാം കേവലം ഒരു പ്രക്രിയ മാത്രമായി…പുരാതന കാലത്ത് ആത്മസാക്ഷാത്കാരത്തിനുള്ള ഒരു സജീവ പദ്ധതിതന്നെ ഉണ്ടായിരുന്നു….

ജനനം,മുതൽ മരണം വരെ കണ്ടുവന്നിരുന്ന അതുപോലെതന്നെ ചെയ്തിരുന്ന എല്ലാ പ്രവർത്തികളും ആത്മസാക്ഷാത്കാരത്തിനുതകുന്ന രീതിയിലായിരുന്നു. പഠനം,വിവാഹം,നിത്യകർമ്മങ്ങൾ എല്ലാം തന്നെ ആ ഒരു ഉദ്ദേശത്തോടുകൂടിയായിരുന്നു. അതിനനുസൃതമായി ആത്മസാക്ഷാത്കാരം നേടുവാനുള്ള ഒരുപാധി ആയിട്ടാണ് കാശിനഗരം പണികഴിപ്പിച്ചിട്ടുള്ളത്. ഏഴ് പാളികളും കടന്ന് മണികർണ്ണികയിലെത്തുമ്പോഴെക്കും ഒരാൾ ആത്മസാക്ഷാത്കാരം നേടിയവനായിത്തീരും. അത്രയും പവിത്രമാണ് കാശി എന്ന വാരണാസി…
കാശിയിലൂടെ ഒഴുകുന്ന ഗംഗാ നദിയിൽ അറുപത്തിനാലു ഘാട്ടുകളാണ് ഉള്ളത്. മനോഹരമായ അനുഭവമായി എനിക്ക് തോന്നി ഗംഗയിലൂടെയുള്ള യാത്ര… വൈകുന്നേരത്തെ ഗംഗ ആരതി കാണുക എന്നത് മഹാപുണ്യവും…

SHARE

LEAVE A REPLY

Please enter your comment!
Please enter your name here