പെണ്ണ്‌ (കഥ )

0
47

രചന: Dhanya Shamjith
രാത്രി ഒറ്റയ്ക്കാണെന്ന ഓർമ്മ അവളെ ജാഗരൂകയാക്കി…
നേരം ഒത്തിരി ഇരുട്ടീ ലോ,, എന്താപ്പോ ചെയ്യാ.. സ്വയം പിറുപിറുത്തു കൊണ്ട്ഇരുണ്ട വഴിയിലേക്ക് പത്മ ഭീതിയോടെ നോക്കി. അല്ലെങ്കിലും അതെ ഇന്ത്യൻ റെയിൽവേ അല്ലേ, വിശ്വസിക്കാൻ കൊള്ളൂല. ഇന്ന് ഒന്നര മണിക്കൂറാ ലേറ്റ്, വീട്ടിലിപ്പോ അമ്മ വെപ്രാളപ്പെട്ട് തുടങ്ങീട്ടുണ്ടാവും. നാണിയമ്മയെ കൂട്ട് വിളിച്ചിട്ടുണ്ടാവോ ആവോ… ഇനീപ്പോ നിന്നാലും ഒറ്റ ഓട്ടോ പോലും ഇവടന്ന് കിട്ടേം ഇല്ല.. നടക്കാന്ന് വച്ചാ തനിച്ച് …. ആലോചനയോടെ ഒരു നിമിഷം അവൾ നിന്നു. പിന്നെയെന്തും വരട്ടെയെന്ന മട്ടിൽ ഇരുട്ടിലേക്ക് നടന്നു. ഓരോ ചുവടുവയ്‌ക്കുമ്പോഴും അവളുടെ ഉള്ളിൽ ഭയമേറികൊണ്ടിരുന്നു. നേരമൊരു പാട് ഇരുട്ടിയതുകൊണ്ട് തന്നെ അധികമാരും ആ വഴി വരാൻ സാധ്യതയില്ല. ഒറ്റയ്ക്കാണെന്ന ഓർമ്മ അവളെ ജാഗരൂകയാക്കി… “എന്താ ചേച്ചി ഒറ്റക്കേ ഉള്ളോ??” രണ്ട് പയ്യൻമാർ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബൈക്കിലൂടെ അവളേയും കടന്നു പോയി. അടിവയറ്റിൽ നിന്നൊരു ആളൽ പത്മ അറിഞ്ഞു.. കാലുകൾ വലിച്ചു നീട്ടി അവൾ തിടുക്കപ്പെട്ട് നടന്നു,,അല്ല ഓടുക തന്നെയായിരുന്നു.. പെട്ടന്നാണ് അവളാ ശബ്ദം കേട്ടത്,, കടിച്ചമർത്തിയ ഒരു നിലവിളിയല്ലേ അത്,, അതോ തോന്നലോ… അവൾ കാതുകൾ കൂർപ്പിച്ചു. അല്ല,, തോന്നലല്ല സത്യമാണ്. വിറയലോടെ അവൾ ചുറ്റുമൊന്ന് നോക്കി.. ആ ഇരുട്ടിലും അവൾ കണ്ടു കുറച്ചു മുന്നിലായി നിഴലനക്കങ്ങൾ. കരുത്തരായ മൂന്നു പേർക്കിടയിൽ കിടന്നു പിടയുന്ന ഒരു രൂപം.. അതൊരു പെണ്ണാണെന്ന തിരിച്ചറിവ് അവളെ സ്തബ്ധയാക്കി. “ഈശ്വരാ, അപ്പോൾ കുറച്ചു മുൻപ് തന്നെ കടന്ന് പോയ ബൈക്കുകാർ, അവർ ഇവരുടെ ആളായിരിക്കും. താൻ ഒറ്റയ്ക്കാണെന്ന് അവർ മനസിലാക്കിയെങ്കിൽ താനും ഇതുപോലെ…..” ആ ചിന്ത പോലും പത്മയ്ക്കുള്ളിൽ ഭീതിയുടെ വിയർപ്പു ചാലൊഴുക്കി.. “ചേച്ചീ…….” കാതോട് ചേർന്നുള്ള അമർത്തിയ വിളിയിൽ അവൾ ഞെട്ടിത്തിരിഞ്ഞു. നേരത്തെ കണ്ട അതേ പയ്യൻമാർ… “ദേവീ…” അവൾ മനമുരുകി വിളിച്ചു. “ചേച്ചീ, ചേച്ചി ഒറ്റയ്ക്ക് ആണല്ലോന്ന് കരുതി തിരികെ വന്നതാ ഞങ്ങൾ, പേടിക്കണ്ട….” ഒരു പയ്യൻ അവളുടെ മുഖഭാവം കണ്ട് പറഞ്ഞു. “ഇത്രേം രാത്രിയായില്ലേ, ഞങ്ങൾടെ വീട്ടിലും ഉണ്ട് ചേച്ചിമാർ….” പത്മയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു. അതേ ഭാവത്തോടെ അവൾ മുൻപോട്ട് വിരൽ ചൂണ്ടി. കണ്ടു ചേച്ചി, അതാ ഞങ്ങൾ തിരികെ വന്നത്. അവർ മൂന്നാല് പേരുണ്ട് ഞങ്ങൾക്കവരെ തല്ലിയോടിക്കാനുള്ള ധൈര്യം ഇല്ല..

ചേച്ചി കൂടി അവരുടെ പിടിയിലാവരുത് എന്ന് കരുതി. ചേച്ചി വാ ഇനി നമുക്കിവിടെ നിക്കണ്ട, ദാ അതിലൂടെ മറ്റൊരു വഴിയുണ്ട് എവിടെയാ പോവണ്ടേന്ന് പറഞ്ഞാ ഞങ്ങൾ കൊണ്ടാക്കാം.. നിഷേധരൂപത്തിൽ തല വെട്ടിച്ചു പത്മ. മുൻപ് നിങ്ങൾ പറഞ്ഞില്ലേ, ഞങ്ങൾക്കുമുണ്ട് ചേച്ചിമാർ എന്ന്. അതേ പോലൊരു ചേച്ചി തന്നെയാ ദാ സ്വന്തം മാനത്തിനു വേണ്ടി പിടയുന്നതും. അവളുടെ സ്വരം പതിഞ്ഞിരുന്നു. ഞങ്ങൾക്കെന്തു ചെയ്യാനാവും, രക്ഷിക്കണമെന്നുണ്ട്, അവരെ നേരിടാൻ ആവില്ല. ഇനി പോയി ആരെയെങ്കിലും കൂട്ടി വരുമെന്നു കരുതിയാൽ ഒരു പക്ഷേ അപ്പോഴേക്കും…. കുനിഞ്ഞ ശിരസ്സോടെ ആ പയ്യൻമാർ അവൾക്കു മുന്നിൽ നിന്നു. പത്മയും ചിന്തിക്കുകയായിരുന്നു. ശരിയാണ്, ഒന്നും ചെയ്യാനാവില്ല, അഥവാ ചെയ്താൽ തന്നെ താൻ അവർക്ക് മറ്റൊരു ഇരയാവുകയായി തീരുകയേ ഉള്ളൂ.. ഇവർ പറഞ്ഞതാണ് സത്യം.. പക്ഷേ.. കൺമുന്നിൽ നഷ്ടപ്പെടുന്നത് തന്നെപ്പോലെ തന്നെ ഒരു പെണ്ണാണ്, തന്റെ അമ്മയെപ്പോലെ അവളേയും കാത്തുമുണ്ടാകും ഒരമ്മയോ അച്ഛനോ സഹോദരൻമാരോ… മുന്നിൽ കാണുന്നതിനെയെല്ലാം കണ്ണടച്ച് കാണാതെ പോകുന്നവർക്കിടയിൽ നാളെ ഇവളൊരു “ഇര” മാത്രമാകും. സമയം അത് വിലപ്പെട്ടതാണ്, താനീ ചിന്തിക്കുന്ന നിമിഷത്തിന് പോലും ഇപ്പോൾ ഒരു ജീവന്റെ വിലയുണ്ട്. ഭയം ആരിലുമുണ്ടാകും, അതിനെ ഒരിക്കൽ അതിജീവിച്ചാൽ പിന്നീടൊരിക്കലും ഭയപ്പെടേണ്ടി വരികയില്ല.. ഇനിയുള്ള നാൾകളും താനുൾപ്പെടുന്നവർക്ക് സഞ്ചരിക്കേണ്ടതാണ്. എന്തോ ഉറപ്പിച്ച മട്ടിൽപത്മയൊന്ന് ചിരിച്ചു കൊണ്ട് പയ്യൻമാരെ നോക്കി.. ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ എനിക്കുമാവില്ല പക്ഷേ നമ്മൾ മൂന്ന് പേരുണ്ട്. നമ്മൾ ഒരുമിച്ചാൽ ഒരു പക്ഷേ സാധിച്ചേക്കാം. ശക്തി കൊണ്ട് കഴിയാത്തതിനെ ബുദ്ധി കൊണ്ട് നേരിടണം. അവൾ പറഞ്ഞു. ചേച്ചിയെന്താ ഉദ്ദേശിച്ചത്? സംശയത്തോടെ അവർ അവളെ നോക്കി. എന്റെ ഫോൺ കംപ്ലെയിന്റാ നന്നാക്കാൻ കൊടുത്തിട്ട് കിട്ടിയിട്ടില്ല, നിങ്ങൾ ആരെയെങ്കിലും ഒന്ന് വിളിക്കൂ… അയ്യോ ചേച്ചി ഞങ്ങൾക്കിവിടം അത്ര പരിചയം ഇല്ല വിളിച്ചാൽ വരാൻ പാകത്തിന് ആരേം പരിചയമില്ല, ബാംഗ്ലൂർ പോണ വഴി ഇതിലെ ഷോർട്ട് കട്ട് ചെയ്തതാ… എങ്കിൽ ഒരു കാര്യം ചെയ്യൂ , കൺട്രോൾ റൂമിലേക്കോ മറ്റോ ഒന്നു വിളിക്കൂ, പക്ഷേ ചേച്ചി അവരെത്തുമ്പോഴേക്കും സമയമെടുക്കില്ലേ? അവൻ സംശയം പ്രകടിപ്പിച്ചു. ശരിയാണ്,, പത്മയും അത് തന്നെ ചിന്തിച്ചു, സമയം ഒട്ടും കളയാനില്ല…. പെട്ടന്നവളിലൊരു ഉൾവിളിയുണ്ടായി.. അവൾ അവരെ നോക്കി, ഒരു ഐഡിയ ഉണ്ട്,ഞാൻ പറയുന്ന പോലെ ചെയ്യണം, എന്റെ ഉറക്കെയുള്ള ശബ്ദം കേൾക്കുന്ന നിമിഷം തന്നെ ഇവൻ ബൈക്ക് സ്റ്റാർട്ടാക്കി ഹെഡ് ലൈറ്റ് തെളിക്കണം . ഞാനും നീയും ഒരുമിച്ച് മുന്നോട്ട് ഓടണം..

ബാക്കി വരുന്ന പോലെ… ചേച്ചി പക്ഷേ….. അവർ പരസ്പരം നോക്കി. മറ്റൊന്നും ചെയ്യാനില്ല വരുന്നത് വരുംപോലെ വരട്ടെ.. അവൾ അവരെ നോക്കി… ഓക്കെ ചേച്ചി ഞങ്ങൾ റെഡി… പറഞ്ഞു കൊണ്ട് ഒരാൾ ബൈക്കിലേക്ക് കയറി, പത്മ ഒരു നിമിഷമൊന്ന് നിശബ്ദയായി. “പി സി..കമോൺ മൂവ്, അവരെ വിടരുത്….” ആവുന്നത്രയും ഉറക്കെ അലറിക്കൊണ്ട് അവൾ മുന്നോട്ട് കുതിച്ചതും ബൈക്ക് സ്റ്റാർട്ടായതും ഒരുമിച്ചായിരുന്നു. പ്രതീക്ഷിക്കാതെയുള്ള ശബ്ദത്തിലും വണ്ടിയുടെ ലൈറ്റിലും നിഴൽക്കൂട്ടമൊന്ന്പകച്ചു, പോലീസെന്ന ധാരണയിൽ പെട്ടന്ന് തന്നെ തിരിഞ്ഞോടുന്ന അവരുടെ നിഴൽ മായും വരെ പത്മ ഓടിക്കൊണ്ടിരുന്നു.പിന്നെയൊരു കിതപ്പോടെ റോഡിലേക്കിരുന്നു. അപ്പോഴേക്കും പയ്യൻമാർ ആ പെൺകുട്ടിയെ താങ്ങിയെടുത്ത് അവൾക്കരികിലെത്തി. കിടിലൻ ഐഡിയ ചേച്ചി, കലക്കി.. അവൻമാര് ശരിക്കും പേടിച്ചു.. പത്മയുടെ കണ്ണുകൾ വിതുമ്പി നിൽക്കുന്ന പെൺകുട്ടിയിലായിരുന്നു. ഞാൻ ക്ലാസ്കഴിഞ്ഞ് ഇറങ്ങിപ്പോ വൈകി ട്രൈയിൻ ലേറ്റായിരുന്നു, വീട്ടിലേക്ക് വിളിക്കാൻ നോക്കിപ്പോ ഫോണും ഓഫായി അപ്പഴാ അവർ…. ഏങ്ങലോടെ അവൾ പറഞ്ഞു നിർത്തി. പോട്ടെ സാരല്യ, ഇനി അതോർക്കണ്ട ആരോടും പറയേം വേണ്ടാ ട്ടോ…പത്മ അവളെ ചേർത്തു പിടിച്ചു. നിങ്ങൾ ഒരു ഹെൽപ്പ് കൂടി ചെയ്യണം, ഈ കുട്ടിയെ അവൾടെ വീട്ടിൽ കൊണ്ടുചെന്നാക്കണം, പയ്യൻമാരോടായി പത്മ പറഞ്ഞു. അപ്പോ ചേച്ചിയോ? അവർ പത്മയെ നോക്കി. മറുപടിയായി ചിരിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു. ഭയമെന്ന വികാരത്തെ എന്നേക്കുമായി തൂത്തെറിഞ്ഞു കൊണ്ട്.. ഓരോ ഉറച്ച ചുവടിലും ഞെരിഞ്ഞമരുകയായിരുന്നു പെണ്ണെന്നാൽ അബലയെന്ന വാമൊഴികൾ… അതേ… ഞാനുമൊരു പെണ്ണായിരുന്നു, ഇരുട്ടിനേയും സമൂഹത്തേയും ഭയക്കുന്ന വെറുമൊരു പെണ്ണ്. പക്ഷേ, സാഹചര്യങ്ങൾ അവൾക്കും കളമൊരുക്കും എന്തിനേയും കുടഞ്ഞെറിഞ്ഞ് ശക്തയാവാൻ.. തന്റെ ഭയത്തെ താൻ തന്നെ ജയിക്കുമ്പോൾ ഏതൊരു പെണ്ണും അബലയല്ലാതാവും.. തന്നെപ്പോലെ…… മനസ്സിലൊരുക്കൂട്ടിയ വാക്കുകളുമായി പത്മയൊന്ന് പുഞ്ചിരിച്ചു. ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here