ജമാ അത്തെ ഇസ്ലാമിയെ കശ്‍മീരില്‍ നിരോധിച്ചു: കേന്ദ്ര സര്‍ക്കാര്‍

0
6

ന്യൂഡല്‍ഹി: ഇസ്ലാമിക സംഘടന ജമാ അത്തെ ഇസ്ലാമി ജമ്മു കശ്‍മീരില്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. നിയമവിരുദ്ധ സംഘടന എന്ന് വിശേഷിപ്പിച്ചാണ് സംഘടന നിരോധിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയുന്ന നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചാണ് നിരോധനം.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടന എന്ന പേരില്‍ ജമാ അത്തെ ഇസ്ലാമി വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലുണ്ട്. കശ്‍മീരിലെ സായുധ പോരാട്ടങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടുകളാണ് സംഘടന തുടരുന്നത് എന്നാണ് വിവിധ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന വിവരം.

പുല്‍വാമയില്‍ ഇസ്ലാമിക ഭീകരവാദി സംഘടന ജെയ്‍ഷ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ പാരമിലിട്ടറി സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം കശ്‍മീരില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇന്ത്യ നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ജമാ അത്തെ ഇസ്ലാമിയെയും നിരോധിക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്‍മീരിലെ വിഘ‍ടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഇന്ത്യ പിന്‍വലിച്ചിരുന്നു. കശ്‍മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന അനുച്ഛേദം 35എ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here