അലി  ട്രോഫി ടി20; കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം.

0
13

വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ എട്ട് റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് ബാറ്റിങ് തെരഞ്ഞെടുത്ത കേരളം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 70 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ആന്ധ്ര 19.4 ഓവറില്‍ 152ന് എല്ലാവരും പുറത്തായി. സന്ദീപ് വാര്യരുടെ ഹാട്രിക് പ്രകടനമാണ് അവസാനം ബുദ്ധിമുട്ടില്ലാതെ കേരളത്തെ ജയിപ്പിച്ചത്.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. അരുണ്‍ കാര്‍ത്തികും (31) വിഷ്ണുവും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ അരുണ്‍ കാര്‍ത്തിക് പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (24 പന്തില്‍ 38)യും മികച്ച പ്രകടനം പുറത്തെടുത്തു. വിഷ്ണുവുമായി ചേര്‍ന്ന് സച്ചിന്‍ ബേബി 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 120ല്‍ സച്ചിന്‍ ബേബിയും 152ല്‍ വിഷ്ണു വിനോദും വീണു. പിന്നീടെത്തിയവരില്‍ നിന്ന് കാര്യമായ സംഭവാന ഇല്ലാതായതോടെ കേരളം 160ല്‍ ഒതുങ്ങി. മുഹമ്മദ് അസറുദീന്‍ (12), ഡാരില്‍ ഫെറാറിയോ (3), വിനൂപ് (3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.

മറുപടി ബാറ്റിങ്ങില്‍ പ്രശാന്ത് കുമാറൊഴികെ (36 പന്തില്‍ 57) ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വിഹാരി ആറ് റണ്‍സെടുത്ത് പുറത്തായി. ഗിരിനാഥ് റെഡ്ഡി 22 റണ്‍സെടുത്തു. ഹാട്രിക് വിക്കറ്റ് പ്രകടനത്തിലൂടെ അവസാന മൂന്ന് വിക്കറ്റുകള്‍ നേടിയ സന്ദീപ് വാര്യര്‍ വിജയം എളുപ്പമാക്കി. സന്ദീപിന് പുറമെ ബേസില്‍ തമ്പി, എം.ഡി നിതീഷ്, എസ്. മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയാണ് കേരളം തോല്‍പ്പിച്ചത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here