പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹവും

0
37

അബുദാബി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹം ഒത്തുചേര്‍ന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റിലും നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് ഇന്ത്യക്കാരാണ് പങ്കെടുത്തത്.

വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മൗനമാചരിച്ച ശേഷം മെഴുക്‍തിരികള്‍ തെളിച്ചു. പുല്‍വാമയില്‍ നടന്നത് ഇന്ത്യക്കാരായ നമ്മള്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി പറഞ്ഞു. തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. തീവ്രവാദി സംഘങ്ങള്‍ക്കും അവയുടെ തലപ്പത്തുള്ളവര്‍ക്കും മാപ്പില്ല. അവര്‍ വലിയ വിലകൊടുക്കേണ്ടിവരും. തിരിച്ചടിക്കുന്ന രീതിയും സമയവും സ്ഥലവും രീതിയും നമ്മുടെ രാജ്യം തീരുമാനിക്കും. 50ലധികം രാജ്യങ്ങള്‍ അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അത്ര വലിയ സംഭവമാണ് നടന്നത്. ഭീകരാക്രമണം നടന്ന ദിവസം തന്നെ ആദ്യം അപലപിച്ച രാജ്യങ്ങളില്‍ യുഎഇയുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യക്കാര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. അത്തരം പ്രചരണങ്ങള്‍ തീവ്രവാദി സംഘങ്ങള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. നമുക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാല്‍ അതെല്ലാം ഒരു വീടിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍പോലെയാണ്. അതിന് അതീതമായി ഇന്ത്യക്കാര്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് പുറത്തുനിന്നുള്ള ശത്രുക്കള്‍ പേടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here