”അഴിമതിയ്ക്കെതിരെ പോരാടുക മാത്രമല്ല, കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച സർക്കാരാണിത്.” ;രാഷ്ട്രപതി

ദില്ലി: നരേന്ദ്രമോദി സർക്കാർ രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം. ഈ മന്ത്രിസഭയുടെ അവസാനത്തെ പാർലമെന്‍റ് സമ്മേളനമാണിത്. നാളെയാണ് കേന്ദ്രബജറ്റ്.

”അഴിമതിയ്ക്കെതിരെ പോരാടുക മാത്രമല്ല, കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച സർക്കാരാണിത്.” – രാഷ്ട്രപതി പറഞ്ഞു.

നോട്ട് നിരോധനത്തെയും രാഷ്ട്രപതി പ്രസംഗത്തിൽ ന്യായീകരിച്ചു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കിയത് നോട്ട് നിരോധനം വഴിയാണെന്ന് രാഷ്ട്രപതി പറയുന്നു. സാമ്പത്തികതട്ടിപ്പുകാരെയും ബിനാമി ഫണ്ടുകാരെയും പൂട്ടാൻ നോട്ട് നിരോധനത്തിലൂടെ കഴിഞ്ഞെന്നും രാഷ്ട്രപതി വ്യക്തമാക്കി.

കർഷകർക്കും, സ്ത്രീകൾക്കും മധ്യവർഗത്തിനും വേണ്ടിയുള്ള വലിയ നടപടികൾ സർക്കാർ കൈക്കൊണ്ടു. ജിഎസ്‍ടി യുവാക്കളുടെയും ചെറുകിട വ്യാപാരികളുടെയും ഉന്നമനത്തിനിടയാക്കി. മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കി ജനവിശ്വാസം ആർജ്ജിച്ചു.

കൊല്ലം ബൈപ്പാസ് നടപ്പാക്കിയത് വികസനനേട്ടമായെന്നും രാഷ്ട്രപതി വ്യക്തമാക്കി.

പൗരത്വ ബില്ലുമായി മുന്നോട്ടു പോകും. മുത്തലാഖ് ബിൽ നിയമമാക്കാനുള്ള ശ്രമം തുടരുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു. ബുള്ളറ്റ് തീവണ്ടിയുടെ പേര് ‘വന്ദേ ഭാരത് എക്സ്പ്രസ്’ എന്നായിരിക്കും. ആറു കോടി ഗ്യാസ് കണക്ഷൻ നല്കി. രണ്ടു കോടി 37 ലക്ഷം വീടുകളിൽ വൈദ്യുതി എത്തിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് രാഷ്ട്രപതി ആശംസ നേർന്നു. പുതിയ ഇന്ത്യയ്ക്കായുള്ള പ്രയാണം തുടങ്ങിയെന്ന പ്രഖ്യാപനത്തോടെയാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള പ്രസംഗം രാഷ്ട്രപതി അവസാനിപ്പിച്ചത്.

ഇത്തവണ മുൻസീറ്റിൽത്തന്നെയായിരുന്നു രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് പ്രതിനിധികളും ഇരുന്നത്. മിന്നലാക്രമണത്തെക്കുറിച്ചും സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചപ്പോൾ രാഹുലും മറ്റ് പ്രതിനിധികളും മൗനം പാലിച്ചതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *