ആൻലിയയുടെ മരണം :ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി

കൊച്ചി: ബാംഗ്ലൂരിൽ നഴ്സായിരുന്ന ആൻലിയയെ ആലുവപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കേസിലെ പ്രതിയായ ജസ്റ്റിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ജസ്റ്റിന്‍റെ മൊഴിയെടുക്കുന്നത് തുടരുകയാണ്.

കേസിൽ പ്രതിയായ ആൻലിയയുടെ ഭർത്താവ് ദിവസങ്ങൾക്ക് മുന്നിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജസ്റ്റിന്‍റെ അന്നക്കരയിലെ വീട്ടിലും തൃശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആൻലിയയുടെ ഭർതൃമാതാവടക്കം കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാ‍ഞ്ച് അധികൃതർ വ്യക്തമാക്കുന്നു. ജസ്റ്റിൻ ഇപ്പോൾ വിയ്യൂർ ജയിലിലാണ്.

ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആൻലിയ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആൻലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പൊലീസിന് തെളിവ് കിട്ടിയിട്ടുമില്ല. എങ്കിലും ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ബംഗളുരൂവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ സ്റ്റേഷനിൽ കൊണ്ടുവിട്ടത്. ആൻലിയയെ കാണാനില്ലെന്ന പരാതി നൽകിയതും ജസ്റ്റിനാണ്. ആൻലിയയെ കാണാതായിട്ടും മാതാപിതാക്കളെ അറിയിക്കാതിരുന്നത് സംശയമുയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *