ശബരിമല യുവതീപ്രവേശനം:മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ സമർപ്പിച്ച ഹർജി കോടതി സ്വീകരിച്ചു.

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപി ലോക്നാഥ് ബെഹ്‌റക്കും എതിരെ എ എച്ച് പി നേതാവ് പ്രതീഷ് വിശ്വനാഥൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്തിയതെന്നും ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

വിശ്വാസികളല്ലാത്ത ബിന്ദുവിനെയും കനക ദുർഗയെയും ശബരിമലയിൽ ദർശനം നടത്താൻ സഹായിച്ചതിനെതിരെയാണ് ഹർജി നൽകിയത്. ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണെന്നും ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.

വിശ്വാസികളായവരും വ്രതം നോക്കിയവരുമായ സ്ത്രീകൾക്ക് ശബരിമല ദർശനം നടത്താം എന്ന വിധി ലംഘിച്ചു എന്നാണ് പ്രതീഷ് വിശ്വനാഥാന്‍റെ പരാതിയിൽ പറയുന്നത്. ഹർജി ഫയലിൽ സ്വീകരിച്ചതോടെ ഫെബ്രുവരി1 ന് മൊഴിയെടുക്കൽ ഉൾപ്പടെയുള്ള നടപടികള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *