പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ കഴിയുന്ന വിധവയായ സ്മിത എന്ന നിരാലംബയായ സ്ത്രീയും 4 മക്കളും അടങ്ങുന്ന കുടുംബത്തിന് പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ NCC യുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകി വരവേ, ഇന്നലെ ഉച്ചയോടു കൂടി വാടക വീടിന്റെ ജനാലയിലൂടെ അജ്ഞാതരായ ആരോ കട്ടിലിനും കിടക്കയ്ക്കും തീയിടുകയും ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു.
ഈ സമയം അവർക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സ്മിത. കുട്ടികൾ വിദ്യാലയത്തിൽ പഠിക്കാൻ പോയിരിക്കുകയായിരുന്നു മൂത്ത മകൻ നെവിൻ ഒമ്പതാം ക്ലാസിൽ രാമമംഗലം ഹൈസ്കൂളിലും ഇളയ പെൺകുട്ടികളായ സ്മിജ, സ്മിന, സ്മിനു എന്നിവർ യഥാക്രമം 7, 6, നഴ്സറി ക്ലാസുകളിൽ M T M ഹൈ സ്കൂളിലും ആണ് പഠിക്കുന്നത്. വൈകുന്നേരം, കത്തിനശിച്ച ഉപകരണങ്ങൾ എല്ലാം വെളിയിലാക്കിയതിനു ശേഷം വളരെ സങ്കടത്തോടെ ബെഡ്ഷീറ്റ് വിരിച്ച് അവർ കിടന്നുറങ്ങി. വെളുപ്പിന് 3 മണിയോടെ എന്തോ വെള്ളം ജനലിലൂടെ എല്ലാവരുടെയും ശരീരത്തിൽ വീഴുകയും ഞെട്ടിയുണർന്ന് പുറത്തിറങ്ങുകയും ചെയ്തു. അപ്പോഴാണ് ആസിഡാണ് മുഖത്ത് വീണതെന്ന് അവർക്ക് മനസ്സിലായത്. ഉടൻ തന്നെ രാമമംഗലം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരും രാമമംഗലം വാർഡ് മെമ്പറും സംഭവസ്ഥലത്തെത്തി. സ്മിതയെയും കുട്ടികളെയും പിറവം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ആമ്പുലൻസിൽ ഉടൻ തന്നെ കോട്ടയം ഇ എസ് ഐ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളേജിൽ നിന്നും ഇ എസ് ഐ ഹോസ്പിറ്റലിൽ E N T ഡോക്ടർ എത്തി പരിശോധിച്ചതിൽ നിന്നും മൂന്നാമത്തെ മകളായ സ്മിനയുടെ കാഴ്ചശക്തിയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയ്ക്ക് വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ നിർദേശിക്കുകയും ചെയ്തു. കുട്ടിയ്ക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്.പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ NCC ഓഫീസറായ ശ്രീ പി പി ബാബുവും പിറവം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിൽസ് പെരിയപ്പുറവും ഹോസ്പിറ്റലിൽ എത്തി കുടുംബത്തെ സന്ദർശിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. രാമമംഗലം എസ് ഐ ശ്രീ എബി മെഡിക്കൽ കോളേജിലേയ്ക്ക് പോയിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ളഅന്വേഷണം തുടരുന്നു.+919446443120 Smitha