കൊച്ചിയില്‍ അറസ്റ്റിലായ നടി ലഹരിമരുന്നിന് അടിമ; പണം കണ്ടെത്തിയിരുന്നത് അനാശാസ്യം വഴി, ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രമുണ്ടെന്ന് പൊലീസ്

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്നിന് അടിമയെന്ന് പൊലീസ്. ഇവരുടെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. അശ്വതി ലഹരിമരുന്ന് ദിവസം ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.

അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ നടിയെ റിമാന്‍ഡ് ചെയ്തു.

പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്ന് പൊലീസ് മനസ്സിലാക്കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

അതേസമയം ചില ഉന്നത ബന്ധങ്ങളും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതല്‍ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്.

തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവല്‍ അശ്വതി ബാബുവും (22), സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയന്‍തറ ബിനോ ഏബ്രഹാമും (38) എസ്‌ഐമാരായ എ.എന്‍.ഷാജു, ഷബാബ് കാസിം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച പിടിയിലായത്. അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും.

തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ അളവില്‍ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്ന് പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്‌ലാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. പിടികൂടുമ്പോള്‍ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. പൊലീസ് ഇവരെയും ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *