FFK – ചലച്ചിത്ര മേളയും സർക്കാരിന്റെ ഇരട്ടത്താപ്പും .

0
58

 

കേരളത്തിന്റെയും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും അഭിമാനവും ആവേശവുമായ IFFK – തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തലസ്ഥാന നഗരിയിൽ നടന്നുവരുന്നു.
ഡെലിഗേറ്റ് രജിസ്ടേഷൻ ഫീസിന്റെ അസാധാരണമായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ സാധാരണ ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെ വലിയൊരു വിഭാഗം ചലച്ചിത്രാസ്വദകർ മേളയിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ നിർബന്ധിതരായിരിക്കുന്നു. പ്രളയത്തിന്റെ പശ്ചാത്തലവും കേരളത്തിന്റെ പുനർനിർമ്മാണമെന്ന ഉത്തരവാദിത്തവും മുന്നിൽ നിൽക്കുമ്പോൾ തികച്ചും യുക്തവും ന്യായവുമായ തീരുമാനം തന്നെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നാം. കാരണം ,മനുഷ്യന്റെ നിലനില്പിനേയും കയറിക്കിടക്കുവാനുള്ള ഒരു വീടിനേയുംകാൾ പ്രാധാന്യമുള്ളതല്ല സിനിമയും മറ്റൊരു വിനോദോപാധിയും തന്നെ.
പക്ഷെ … കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള ത്യാഗവും പരിശ്രമവും എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതാണ്. ചിലവ് ചുരുക്കലും ദുർചെലവുകൾ ഒഴിവാക്കലും … ഭരണാധികാരികൾ ഉൾപ്പടെ മുഴുവൻ മലയാളികളുടേയും ഉത്തരവാദിത്തമാണ്.
IFFK- യുടെ നടത്തിപ്പിലേക്കായി വർഷാവർഷം അനുവദിക്കുന്ന തുക കാര്യമായി വെട്ടിക്കുറക്കുകയും പുറത്ത് നിന്നുള്ള സ്പോൺസർമാരെ കണ്ടെത്തി നടത്തിക്കൊള്ളുവാനും നിർദ്ദേശിച്ച സർക്കാർ പക്ഷെ … കൊച്ചി ബിനാലെയുടെ നടത്തിപ്പിന് അനുവദിക്കുന്ന വലിയ സാമ്പത്തിക സഹായം ഈ വർഷവും മുടക്കമില്ലാതെ നൽകുന്നു എന്നത് സംശയാസ്പദവും പ്രതിഷേധാർഹവുമാണ്.

സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതും ഏറെ സുതാര്യതയുള്ളതുമായ ചലച്ചിത്ര അക്കാദമി നേരിട്ട് ചുമതല വഹിക്കുന്ന ചലച്ചിത്രോത്സവത്തിന് അർഹമായ സഹായം നിഷേധിക്കുകയും അതേ സമയം ഏതാനും വ്യക്തികളുടെ നേതൃത്വത്തിൽ ഉള്ള ഒരു സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കൊച്ചി ബിനാലേക്ക് മുടക്കമില്ലാതെ സഹായം അനുവദിക്കുകയും ചെയ്ത നടപടി ഇരട്ടത്താപ്പും ചോദ്യം ചെയ്യപ്പെടേണ്ടതുമല്ലെ …?
ബിനാലെയുടെ സംഘാടക ട്രസ്റ്റിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ക്രമക്കേടുകളുടേയും അഴിമതിയാരോപണങ്ങളുടേയും കഥകൾ കുറച്ചു കാലമായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. സംഘാടകരിലെ പ്രമുഖനെതിരെ കലാകാരിയായ ഒരു യുവതി രംഗത്ത് വരികയും ചെയ്തു.
പ്രതിവർഷം നികുതിയിനത്തിൽ സർക്കാരിന് അനേകകോടികൾ നേടിക്കൊടുക്കുകയും ,
പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന ചലച്ചിത്ര മേഖലയോട് കാണിക്കുന്ന ഈ ചിറ്റമ്മനയവും ചലച്ചിത്രോത്സവത്തിന്റെ നിറം കെടുത്തുമാറുള്ള അവഗണനയും എതിർക്കപ്പെടേണ്ടത് തന്നെയാണ്.
രണ്ടായിരം രൂപയെന്ന ഡെലിഗേറ്റ് ഫീസ് സാധാരണ ചലച്ചിത്ര പ്രവർത്തകർക്കും ആസ്വാദകർക്കും അധികഭാരവും താങ്ങാനാവത്തതുമാണ്.
Amma, Fefka, Macta , FilmChamber , Producers Association ഉൾപ്പടെയുള്ള സംഘടനകൾ വരെ ഒരു പ്രതിഷേധം പോലും രേഖപ്പെടുത്താതെ … മൗനം …സമ്മതമാക്കുകയാണ് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം.
RAJEEV SOORYAN (DIRECTOR)
State General Secretary, IFTA Cinema Union.
****************

SHARE

LEAVE A REPLY

Please enter your comment!
Please enter your name here