തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ളഅനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ .നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടംഎന്നും തെയ്യത്തിന്റെ വേഷംതെയ്യക്കോലം എന്നും അറിയപ്പെടുന്നു.ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.
തെയ്യാട്ടം
തെയ്യന്റെ ആട്ടമാണ്‌ തെയ്യാട്ടം.

തമിഴിൽതെയ്‌വം എന്ന രൂപമാണ്‌ ദൈവശബ്ദത്തിന്‌ സമമായി കാണപ്പെടുന്നത്.പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.നൃത്തമാടുന്ന ദേവതകൾ.ക്ഷേത്രം,വിഗ്രഹം,വിളക്ക് എന്നിവയിൽ ദൈവികതയെ ഒതുക്കിനിർത്താതെ ദൈവങ്ങൾക്ക് തങ്ങളുടേതായ ദൃഷ്ട്ടികോണുകളിൽ രൂപവും ഭാവവും നല്കി, അതിനു അനുയോജ്യമായ അനുഷ്ഠാനപിൻബലം നല്കി തെയ്യം എന്ന ഇങ്ങനെയൊരു ഉപാസനാരീതിയെ മാനവരാശിക്ക് സമ്മാനിച്ച നമ്മുടെ പിതാമഹന്മാരുടെ ആവിഷ്കാരബോധത്തെ നാം അത്ഭുതത്തോടെയും അസൂയയോടെയും നോക്കികാണേണ്ടിയിരിക്കുന്നു. അത്ര മനോഹരമായിട്ടാണ് അവർ ഓരോ തെയ്യങ്ങളേയും രൂപകല്പചെയ്തിട്ടുള്ളത്. മഞ്ജുളമായൊരു മുഖശ്രീയോടെ,വർണ്ണമനോഹരമാം മെയ്യലങ്കാരത്തോടെ, മൂർുദ്ധാവിൽ മുടിയണിഞ്ഞു തറവാട്ടുമുറ്റത്ത്തെ തെയ്യക്കോലങ്ങൾ ആടുമ്പോൾ യഥാർഥത്തിൽ ഇത്ര മനോഹരമായിരുന്നോ നമ്മുടെ ദേവീദേവന്മാനെന്നു ഏവരും ചിന്തിച്ചുപോകും.ഭാരതീയ നാഗരികതയുടെ വളർച്ച എന്ന പുസ്തകത്തിൽ ബ്രിഡ്ജെറ്റും റെയ്മണ്ട് അൽചിനും പറയുന്നത് നവീനശിലായുഗത്തിലെയും (Neolithic) ചെമ്പുയുഗത്തിലെയും (Chalcolithic) സംസ്കാരങ്ങളുടെ സമയത്തുതന്നെ ഉണ്ടായിവന്ന സംസ്കാരത്തിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇന്നും ഇവിടുത്തെ ആചാരങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നതാണ്. തികച്ചും ദ്രാവിഡമാണ്‌ തെയ്യം എന്നതും ഇത് ആര്യന്മാരായ ബ്രാഹ്മണർക്ക് മുന്നേ നിലനിന്നിരുന്ന ആചാരമാണ്‌ എന്നതിന്‌ തെളിവാണ്‌. എങ്കിലും ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. മറ്റ് കലകൾ എന്നപോലെ ഇതിനും ചര്യകൾ ആവശ്യമാണ്‌ എന്നതിനാലാവാം ഇത്. മാത്രവുമല്ല ഒരു പ്രത്യേക വർഗ്ഗക്കാരാണ്‌ തെയ്യമണിഞ്ഞിരുന്നത്.

ഐതിഹ്യം

ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതാതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്.തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർഅധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരുംപെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. തെയ്യം കെട്ടാനുള്ള അനുവാദം അദ്ദേഹം

പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു.ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു.വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻ തോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് “ക്ഷേത്ര”വല്കരണം നടന്നിരിക്കുന്നു.

സാമൂഹിക പ്രാധാന്യം

തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെസാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. ‘നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവും തെളിയിക്കുന്നതും മറ്റൊന്നല്ല.

തെയ്യക്കാലം

തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയ്യതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്.ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണംകളരിവാതുക്കൽ ക്ഷേത്രത്തിൽഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കോലത്തിരിരാജാവിന്റെആജ്ഞയനുസരിച്ചു കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയെന്നു് ഐതിഹ്യമുണ്ടു്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്.

തെയ്യം കെട്ടിയാടുന്ന ഇടങ്ങൾ (തെയ്യസ്ഥാനങ്ങൾ)

കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

കാവുകൾ

കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകൾ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ്എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകൾ വിവിധ ഗ്രാമങ്ങളിൽ ഉണ്ടാകും. വാണിയ (ചക്കാല നായർ) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകൾ. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടൻതുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം,കുന്നാവ്, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാൽ, നീലേശ്വരം, ക്ണാവൂർ, ക്ളായിക്കോട്, ചെറുവത്തൂർ, ചന്തേര, കാറോൽ, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂർ, കുറുമാത്തൂർ, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളിൽ മുച്ചിലോട്ടുകാവുകളുണ്ട്. ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകൾ. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കൻകൊവ്വൽ, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പൂമാലക്കാവുകൾ കാണാം. ഈ കാവുകളിൽ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു. കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരിൽ ഒരു വിഭാഗക്കാരായ എരുവാന്മാരുടെആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകൾ. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോൽ, കൂറ്റൂർ, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളിൽ കണ്ണങ്ങാട്ടുകാവുകളുണ്ട്.വസൂരി ദേവതകളായ ‘ചീറുമ്പമാ’രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകൾ. തീയർ, തച്ചന്മാർ (ആശാരിമാർ), മുക്കുവർ, കരിമ്പാലൻ എന്നീ സമുദായക്കാർ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക്തെയ്യക്കോലമില്ലെങ്കിലും ആ കാവുകളിൽ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോൻകര (തൃക്കരിപ്പൂര്), ചെറുവത്തൂർ, പയ്യന്നൂര്, മാടായിഎന്നിവിടങ്ങളിലെ ചീറുമ്പക്കാവുകൾ ആശാരിമാരുടേതാണ്.

തെയ്യം കെട്ടുന്നവർ (കോലക്കാർ)

തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്.

.

Leave a Reply

Your email address will not be published. Required fields are marked *