വളരെ കടുത്ത ശിക്ഷാരീതികളാണ് ഇന്നത്തെ തെക്കൻ കേരളത്തിൽ മുൻപ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമായ തിരുവിതാംകൂറിൽ നിലനിന്നിരുന്നത്.
തിരുവിതാംകൂറിൽ കുറ്റവാളികളെ പാർപ്പിച്ചിരുന്ന തടവറയായിരുന്നു ഠാണാവ്. തടികൊണ്ടുള്ള വിലങ്ങാണ് ഉപയോഗിച്ചിരുന്നത്. കയ്യാമംഎന്നായിരുന്നു പേർ. രണ്ടറ്റത്തും കൈപ്പത്തി കടത്തക്ക ദ്വാരത്തോടു കൂടിയ തടിക്കഷണമായിരുന്നു കയ്യാമം. കൈ കടത്തിക്കഴിഞ്ഞാൽ ഊരി എടുക്കാതിരിക്കാൻ ഓരോ ആപ്പും അടിച്ചു കയറ്റിയിരുന്നു. ഇത്തരം കയ്യാമങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. കയ്യാമം ചുമന്നു വേണമായിരുന്നു കുറ്റവാളികൾ ഇരിക്കാൻ. കാൽപ്പത്തി കടക്കത്തക്കവണ്ണം രണ്ടറ്റത്തും ദ്വാരങ്ങളുള്ള ഒരു തടിയിൽ കാലുകൾ കടത്തി ആപ്പു വെക്കുന്ന രീതിയും ഉണ്ടായിരുന്നു. തടിയിലിടുകഎന്നായിരുന്നു ശിക്ഷയുടെ പേർ. മോഷണം തടയാൻ കിട്ടിഎന്നൊരുപകരണം ഉണ്ടായിരുന്നു. ഓരോ ചാൺ നീളമുള്ള രണ്ട് അലകുകൾ (കവുങ്ങിൽ നിന്നെടുക്കുന്നവ) ചീകി മിനുക്കി രണ്ടും കൂടി ഒരറ്റത്തു കയറു കൊണ്ടു കൂട്ടിക്കെട്ടി മുറുകെ കെട്ടുന്നതാണ് കിട്ടി. അറ്റം വിടർത്തി കുറ്റവാളിയുടെ കൈവിരലുകൾ അകത്താക്കി അമർത്തും. വിരലുകളുടെ മുട്ടുകളിലായിരുന്നു കിട്ടിപ്രയോഗം. കരം കൊടുക്കാത്തവരെ കുനിച്ചു നിർത്തി മുതുകിൽ വലിയ കല്ലു വച്ചിരുന്നു.
കേരളത്തിൽ രാജഭരണകാലത്തെ ശിക്ഷസമ്പ്രദായങ്ങൾ കടുത്തതും ഭായാജനകമായിരുന്നു. ജാതിഅടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചിരുന്നത്. ബ്രാഹ്മണർക്ക് ആണ് ഈ കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയിരുന്നത്. മറ്റ് ജാതികളിൽ ഉൾപ്പെട്ടവർക്ക് അതികഠിനമായ ശിക്ഷയാണ് നൽകിയിരുന്നത്.
വിവിധ ശിക്ഷാരീതികൾ
ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ, എന്നിങ്ങനെ പലതരം സത്യപരീക്ഷകളാണ് കുറ്റം തെളിയിക്കുവാനായി പണ്ടുകാലത്ത് പ്രയോഗിച്ചിരുന്നത്. ജാതി നോക്കിയാണ് ശിക്ഷ നടപ്പാക്കുന്നത്. തൂക്കുപരീക്ഷ ബ്രാഹ്മണർക്കും അഗ്നിപരീക്ഷ ക്ഷത്രീയർക്കും ജലപരീക്ഷ വൈശ്യർക്കുംവിഷപരീക്ഷ ശുദ്രർക്കും എന്നായിരുന്നു പ്രമാണം.
അഗ്നിപരീക്ഷ
കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ തിളച്ചുകോണ്ടിരിക്കുന്ന നെയ്യിലോഎണ്ണയിലോ കൈ മുക്കിച്ചാണ് അഗ്നിപരീക്ഷ നടത്തുന്നത്. കൈ മുക്കുമ്പോൾ കൈ പൊള്ളിയാൽ അയാൾ കുറ്റക്കാരനെന്നും പൊള്ളിയില്ലെങ്കിൽ കുറ്റക്കാരനല്ല എന്നും വിധിക്കുന്നു.
കൈമുക്ക്
ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സത്യപരീക്ഷയായിരുന്നു കൈമുക്ക്. ഒരുപാത്രത്തിൽ തിളച്ചുകോണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും.
ഈയംവാരൽ
തിളച്ച നെയ്യിൽ കൈമുക്കുന്നതുപോലെയുള്ള ഒരാചാരമായിരുന്നു ഈയംവാരൽ. നന്നായി ചൂടാക്കിയ ഈയക്കട്ടകുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെകൊണ്ട് കൈയിൽ എടുപ്പിക്കുന്നു. കൈപൊള്ളിയാൽ കുറ്റവാളി ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ വെറുതെവിടും. ശുചീന്ദ്രത്തും തിരുവിതാംകൂറിലും ഈ ശിക്ഷ നടപ്പാക്കിയിരുന്നു.
ജലപരീക്ഷ
നായന്മാർ, ക്ഷത്രിയർ, തുടങ്ങിയവർ കുറ്റം ചെയതോയെന്നു നിശ്ചയിക്കുന്നതിന് അവരെ മുതലകളുംചീങ്കണ്ണികളുമൊക്കെയുള്ള കുളത്തിൽനീന്തിക്കുന്ന ഒരു സമ്പ്രദായം കേരളത്തിൽ നിലനിന്നിരുന്നു. വിശന്നുവലഞ്ഞ മുതലകൾ കുറ്റവാളിയെ ഭക്ഷിച്ചാൽ കുറ്റക്കാരനെന്നും രക്ഷപ്പെട്ടാൽ നിരപരാധിയെന്നും വിധിച്ചിരുന്നു. പ്രാചീന കേരളത്തിലെ എല്ലാപ്രദേശങ്ങളിലും ഈ ശിക്ഷ നടപ്പിലാക്കിയിരുന്നു.
വിഷപരീക്ഷ
കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നവരെ വിഷം കഴിപ്പിച്ചു കൊല്ലുക, ഉഗ്രവിഷമുള്ള സർപ്പത്തെ അടച്ചുകെട്ടിയിരിക്കുന്ന കുടത്തിൽ കൈയിടുവിക്കുക എന്നിവയാണ് വിഷപരീക്ഷയിൽ ഉൾപ്പെട്ടിരിക്കുന്നത്.
തൂക്കുപരീക്ഷ
ബ്രാഹ്മണർക്കു നൽകിയിരുന്ന സത്യപരീക്ഷയാണ് തൂക്കുപരീക്ഷ. തികച്ചും വ്യത്യസ്തമായ ഒരു ശിക്ഷയാണ് തൂക്കുപരീക്ഷ. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ ഒരു ത്രാസിലിരുത്തി ആദ്യം അയാളുടെ തൂക്കം നോക്കുന്നു. തുടർന്ന് അയാൾ ചെയ്തിട്ടുള്ള കുറ്റങ്ങൾ ഒരു ഓലയിലെഴുതി കഴുത്തിൽ കെട്ടുന്നു തുടർന്ന് വീണ്ടും കുറ്റവാളിയെ തുക്കുന്നു. ആദ്യത്തെ ഭാരത്തിനേക്കാളും ഇപ്പോൾ ഭാരം കൂടിയിട്ടുണ്ട് എങ്കിൽ കുറ്റക്കാരൻ എന്നു വിധിക്കുന്നു.
തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെട്ട സ്വാതിതിരുനാളിന്റെ ഭരണകാലത്ത് “ശുചീന്ദ്രം കൈമുക്ക്’ എന്ന ശിക്ഷാവിധി നിര്‍ത്തല്‍ ചെയ്തു. കുറ്റവാളികള്‍ക്ക് “മുക്കാലില്‍ കെട്ടി അടി“ ശിക്ഷ നല്കി വന്നതും കുറ്റം ചെയ്ത സ്ത്രീകളെ തല മുണ്ഡനം ചെയ്ത് നാടു കടത്തുന്നതും അവസാനിപ്പിച്ചു.