അദൃശ്യ മനുഷ്യൻ

0
96

8 ആം തിയതി അർദ്ധ രാത്രി അയാൾക്ക് ഒരു വരം കിട്ടി . തന്നെ ആർക്കും കാണാൻ പറ്റില്ല. പക്ഷെ അതയാൾ അറിഞ്ഞിരുന്നില്ല
അതിർത്തി ഗ്രാമമായ പെർ ഡാല കൊറഗ കോളനിയിലെ അയാൾക്ക് കുലത്തൊഴിലായ കുട്ടമെടയല് കഴിഞ്ഞ് ചന്തയില് കൊണ്ടുപോയി കൊടുത്താലും 10 രൂപ നോട്ട് കിട്ടാത്തത് എന്തുകൊണ്ടാണെന്നറിയില്ല.
“നാട്ടാറുടെ കൈയില് പണം ഇല്ലാത്തതുകൊണ്ട് കുട്ട വാങ്ങാന് ആളും വരാറില്ല. സർക്കാർ ഉർപ്യ കൊടുക്കുന്നില്ല എന്നാണ് ചന്തക്കാറ് പറയുന്നത്. ബല്യ പൈസക്കാര്ക്കും പൈസ കിട്ടുന്നില്ളേലും”
അയാൾക്ക് ചോറ് കഴിച്ച് ശീലമില്ല, കാന്താരിമുളക് ഉടച്ചുള്ള കഞ്ഞിയാണ് പഥ്യം. വിറ്റാമിൻ ശരീരത്തിലേക്ക് കടക്കാത്തതുകൊണ്ട് അനീമിയ രോഗത്തിനടിമപ്പെട്ട് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് തന്റെ വർഗ്ഗമെന്ന് അയാൾക്കറിയില്ല . പോരാത്തതിന് കുട്ടമെടയുന്ന വള്ളിയായ പുല്ലാഞ്ചികള് എവിടെയും കിട്ടാനില്ല.. മുൻപൊക്കെ ദിവസത്തില് മൂന്നു കുട്ടകള് മെടയാറുണ്ട് . ഓരോ കൊട്ടക്കും 150 രൂപ ബദിയടുക്ക ടൗണിലത്തെിച്ചാൽ കിട്ടും . കെട്ടിയോൾക്കും കുട്ടിയോൾക്കും കഞ്ഞി വെക്കാൻ അരി കടം കിട്ടിയത് കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത് , കടക്കാരന്റെ മുഖത്തെ നിറ വിത്യാസങ്ങൾ കാന്താരി മുളകിന്റെ രുചിയിൽ അറിയാറില്ല . ഇളയ കുട്ടിയുടെ പീള കെട്ടിയ തടിച്ച കണ്ണിൽ കെട്ടി കിടക്കുന്ന ആഡംബരത്തിന്റെ കൊഴുപ്പ് തുണി നനച്ചിട്ടിട്ടും മാറുന്നില്ല . മരുന്ന് വാങ്ങാൻ എല്ലാരും കൂടെ പോകേണ്ടല്ലോ എന്ന് കരുതി പോയിട്ടില്ല .
തളർന്ന് കിടന്നുറങ്ങുമ്പോഴാണ് കിനാവ് കണ്ടത് . പേരറിയാത്ത ഒരു ദൈവം പീപ്പി ഊതിക്കൊണ്ടു പറഞ്ഞു , “നാം നിന്നിൽ പ്രസാദിച്ചിരിക്കുന്നു , ഇനി മുതൽ നിന്നെ ആർക്കും കാണാൻ പറ്റില്ല ” ഞെട്ടിയുണർന്ന് അടുത്ത് കിടക്കുന്ന കെട്ട്യോളെ വിളിച്ചിട്ട് അറിയുന്നില്ല , കുട്ടികളും തന്നെ കാണുന്നില്ല . സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതെ പുറത്തേക്ക് ഓടി , റോഡിലെത്തിയപ്പോൾ ഏതോ ഒരു ലോറി വരുന്നു , ഡ്രൈവർ മൂത്രമൊഴിക്കാൻ ഇറങ്ങിയതാണ് . ഇല്ല അയാളും തന്നെ കാണുന്നില്ല , ഉറപ്പായി ഇത് വരം തന്നെ . ലോറിയുടെ പുറകിൽ കയറി ചാണക വണ്ടി കാലിയാണേലും അവിടെയവിടെ കുറേശെ ഉണ്ട് . ലോറിയിൽ പുലി മുരുകൻ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചത് കീറിയെടുത്തു. കുനിഞ്ഞു നിൽക്കുന്ന ലാലേട്ടനെ കൊണ്ടൊരുഉപകാരമുണ്ടായി . പോസ്റ്റർ വിരിച്ചുനീണ്ടു നിവർന്നു കിടന്നു ..
വണ്ടി ടൗണിലെത്തി അപ്പോഴേക്ക് നേരം വെളുത്തു , എട്ടു മണിയായി കാണും , മുതിർന്ന പൗരന്മാരുടെയും പൗരികളുടെയും 2000 രൂപയുടെ പ്രസാദത്തിനായുള്ള ,ആരാധനാലയങ്ങളിലും ബീവറേജിലും ഇല്ലാത്തതിനെക്കാൾ ഉള്ള ക്യൂ കാരണം ഡ്രൈവർ വണ്ടീ നിർത്തി . ആർക്കും തന്നെ കാണാൻ പറ്റില്ല എന്ന സന്തോഷത്തോടെ അടുത്ത് കണ്ട സൂപ്പർമാർക്കറ്റിലേക്ക് ഓടിക്കയറി. ബീഫ് വച്ചിരിക്കുന്ന ഭാഗവും കടന്ന് അരിയുടെ സെക്ഷനിലെത്തി . ബസുമതി യുടെ അടിയിൽ വെച്ചിരുന്ന കഞ്ഞി വെക്കാനുള്ള അരിയുടെ ബാഗെടുത്തു , പിന്നെ പച്ചക്കറിയുടെ ഭാഗത്ത് നിന്നും പച്ച പറങ്കിയും ( മുളക് ) എടുത്തു , ആരും തന്നെ കാണുന്നില്ലല്ലോ
സെക്യൂരിറ്റി ഗാർഡുകളുടെ CCTV ദൃശ്യങ്ങളിൽ ഒരു വിചിത്ര ജീവി അരിയും മുളകും ഏടുത്ത് പുറത്തേക്ക് നടക്കുന്നത് പതിയുന്നുണ്ടായിരുന്നു . അവർ ഒരു സർജിക്കൽ അറ്റാക്ക് അങ്ങ് നടത്തി , കഥ കഴിഞ്ഞു .story by.Ashif Azeez.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here