പതിവുപോലെ ഫേസ്ബുക്കിൽ ഇന്നലത്തെ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ നോക്കുന്നതിനിടയിൽ ആണ് അവളുടെ കമന്റ് ശ്രദ്ധയിൽ പെടുന്നത് ..
രേഖ മേനോൻ ഒരു പൂവിന്റെ പ്രൊഫൈൽ ഫോട്ടോ
, ഞാൻ പോസ്റ്റിയ പ്രണയ കവിതയ്ക്ക് അവളുടെ കമന്റ് എന്നെ ഞെട്ടിച്ചു ..
അതിനു താഴെ ഒരുപാടു പേർ ആ കവിതയെ മനോഹരം , പ്രണയാർദ്രം എന്നൊക്കെ വിശേഷിച്ചപ്പോൾ അവൾ എഴുതിയത് ഇങ്ങനെ ആയിരുന്നു ..
പ്രണയത്തിനുമപ്പുറം പച്ചയായ ജീവിത സത്യങ്ങളുടെ മേഖലയിലേക്ക് വാതായനങ്ങൾ തുറന്നിട്ടു എഴുത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടു,
വെറും പൈകിളിക്കുമപ്പുറം ജീവിതം തീക്ഷണമാണ്
അതെന്നെ വല്ലാതെ സ്പർശിച്ചു പതിയെ ഞാൻ ആ പ്രൊഫൈൽ കയറി നോക്കി
ടൈം ലൈനിൽ ഒരുപാടു കഥകളും കവിതകളും അതിലെല്ലാം പച്ചയായ ജീവിതം ആയിരുന്നു …
നിലവിലെ ജീവിത വീക്ഷണങ്ങളോട് പുച്ഛമായിരുന്നു ,
ചതിയുടെയും വഞ്ചനയുടെയും ലോകത്തിലെ നന്മയുടെ ചെറു വെളിച്ചമായിരുന്നു ആ വരികൾ ..
എല്ലാം വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞു എല്ലാത്തിനും ഒരു നന്ദിക്കുമപ്പുറം ഒന്നും ഉണ്ടായില്ല ..
നന്നായി എഴുതുന്നു എന്നുള്ളത് കൊണ്ട് തന്നെ ഞാൻ റിക്വസ്റ്റ് അയച്ചു
ദിവസങ്ങൾ കഴിഞ്ഞിട്ടും റിക്വസ്റ്റ് പെന്റിങ് ആയിരുന്നു
അപ്പോളേക്കും എന്റെ വരികളുടെ നിശിത വിമർശകയായി കഴിഞ്ഞിരുന്നു രേഖ , പക്ഷെ നല്ലതിനെ നല്ലതാണെന്നു പറയാനുള്ള മനസുണ്ടായിരുന്നു
അവളുടെ എഴുത്തുകൾ സാധാരണക്കാരുടെ ചിന്താ മണ്ഢലങ്ങളെക്കാളും ഉയരത്തിൽ ആയതു കൊണ്ട് പലപ്പോഴും ആ വരികൾക്കുള്ള വിമർശനം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല
മാസങ്ങൾക്കു ശേഷമാണ് എന്റെ റിക്വസ്റ്റ് അച്സിപ്റ്റ് ചെയ്തത്
അത് കണ്ടു എനിക്ക് ഒരുപാടു സന്തോഷം ആയി
അന്നുതന്നെ ഞാൻ ഒരു ഗുഡ് മോർണിങ് മെസ്സേജ് അയച്ചു റീപ്ലേ ഒന്നും കണ്ടില്ല ..
വീണ്ടും അടുത്ത ദിവസങ്ങളിൽ അയച്ചപ്പോൾ റീപ്ലേ വന്നു വളരെ സന്തോഷത്തോടെ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി ..
വെറുതെ ഗുഡ് മോർണിംഗ് , ഗുഡ് നൈറ്റ് , കഴിച്ചോ കുളിച്ചോ എന്ന മെസ്സേജുകൾ ചെയ്തു സമയം കളയാതെ എഴുതുകയോ വായിക്കുകയോ ചെയ്യുക ഇതിനെല്ലാം ഞാൻ റീപ്ലേ കൊടുക്കാറില്ല
അവളുടെ മുൻപിൽ ഞാൻ ചെറുതായ പോലെ തോന്നി …
ഒരുദിവസം പ്രണയത്തിലെ വഞ്ചനയെ കുറിച്ച് ഞാൻ ഒരു കഥ എഴുതി അതിന്റെ പേരിൽ ഞങൾ ഒരു പാട് തല്ലുപിടിപിച്ചു
അവൾക്കു അവളുടെതെയാ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അതിൽ നിന്നും മാറാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല
പതിയെ പതിയെ ഞങൾ ചാറ്റ് തുടങ്ങി .
.എഴുത്തിന്റെയും വായനയുടെയും കാര്യങ്ങൾ മാത്രമാണ് അവൾ സംസാരിച്ചിരുന്നത് ..
ഒരിക്കൽ അവളെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കലും കാണില്ലാത്ത നമ്മൾ അതെല്ലാം അറിഞ്ഞിട്ടു എന്ത് കാര്യം എന്ന മറുപടിയാണ് കിട്ടിയത്
ഞങളുടെ ചാറ്റുകൾക്കു നീളം വർധിച്ചു രാത്രിയും പകലുമായി അതങ്ങനെ അനുസൂതം തുടർന്ന് കൊണ്ടിരുന്നു
പക്ഷേ ഒരു സാധാരണ ഫ്രണ്ട് എന്നതിനുമപ്പുറം ഒരു അടുപ്പവും അവൾ കാണിച്ചിരുന്നില്ല ..
പരിധി വിട്ടു ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല
മനസ്സിന്റെ കോണിൽ അവളോട് എന്തോ ഒരു അടുപ്പം എനിക്ക് തോന്നി തുടങ്ങി സത്യത്തിൽ അവളോടല്ല അവളുടെ എഴുത്തുകളോടും ചിന്തകളോടും ആയിരുന്നു
അന്ന് വരെ കാണാത്ത ശബ്ദം പോലും കേൾക്കാത്ത അവളെ ഞാൻ വരികളിലൂടെ പ്രണയിച്ചു കൊണ്ടിരുന്നു
ചിലപ്പോൾ അടുപ്പിച്ചു കുറച്ചു ദിവസങ്ങൾ അവൾ ഫേസ്ബുക്കിൽ വരാറില്ല എന്താണെന്നു ചോദിച്ചാൽ ഒരു ചേഞ്ച് എന്ന് പറയും ..
എന്റെ പ്രണയം പൂത്തു തളിർത്തു കൊണ്ടിരുന്നു
പക്ഷെ അവളുടെ വാക്കിലോ വരികളിലോ എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉള്ളതായി തോന്നിയിരുന്നില്ല
എന്നാലും എനിക്കവളെ ഒരുപാടു ഇഷ്ടമായിരുന്നു …
അങ്ങനെ കാത്തിരുന്ന വെക്കേഷന് എത്തി നാട്ടിൽ ചെന്നാൽ പിന്നെ അധികം ഫേസ്ബുക്കിൽ ഉണ്ടാകില്ല അതെനിക്കൊരു വിഷമം ആയിരുന്നു
ഞാൻ അത് അവളോട് പറഞ്ഞു കൂട്ടത്തിൽ അവളുടെ മൊബൈൽ നമ്പറും ചോദിച്ചു
അത് വേണ്ട മനുവിന്റെ നമ്പർ തന്നോളൂ എന്തെകിലും ഉണ്ടെകിൽ ഞാൻ വിളിക്കാം
നാട്ടിൽ ചെന്നു ഉടനെ റീ ചാർജ് ചെയ്തു ആദ്യം നോക്കിയത് അവളുടെ മെസ്സേജ് ആയിരുന്നു ..
ഇല്ല..ദിവസങ്ങൾ കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും കാണാത്തതു കൊണ്ട് എനിക്ക് വിഷമം ആയി ..
ഒരു ദിവസം കൂട്ടുകാരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ഫോൺ
ഹലോ ഞാൻ രേഖ ആണ്
നല്ല ആളാണ് എത്ര ദിവസമായി കണ്ടിട്ട് ഞാൻ ആകെ വിഷമിച്ചു
നല്ല സുഖം ഉണ്ടായിരുന്നില്ല അതാ വരാതിരുന്നത്
അന്ന് ഞങ്ങൾ കുറെ നേരം സംസാരിച്ചു …
അവസാനം അവൾ ചോദിച്ചു എനിക്ക് മനുവിനെ കാണണം എന്നുണ്ട് എന്റെ വീട്ടിലേക്കു വരാമോ
സത്യത്തിൽ ഞാൻ ചോദിയ്ക്കാൻ ഇരുന്ന കാര്യം അവൾ എന്നോട് പറഞ്ഞപ്പോൾ സന്തോഷത്താൽ എന്റെ മനസ്സ് തുള്ളി ചാടി ..
അടുത്ത ശെനിയാഴ്ച രാവിലെ പത്തു മണിക്ക് വരാം എന്ന് പറഞ്ഞു
വീട്ടിലേക്കുള്ള വഴിയെല്ലാം അവൾ പറഞ്ഞു തന്നു ..
ഇനിയും മൂന്നു ദിവസങ്ങൾ കൂടി ഉണ്ട് അതെന്നെ വീർപ്പു മുട്ടിച്ചു
എത്രയും വേഗം ശനിയാഴ്ച അകാൻ എന്റെ മനസ്സ് കൊതിച്ചു
ഒടുവിൽ കാത്തിരുന്ന ദിവസമെത്തി
രാവിലെ റെഡി ആയി ബൈക്ക് എടുത്തു അവളുടെ വീട്ടിലേക്കു പുറപ്പെട്ടു കൂട്ടത്തിൽ അവൾക്കൊരു ഗിഫ്റ് ആയി കുറച്ചു പേനകളും ഞാൻ കൊണ്ട് വന്ന ചോക്ലേറ്റ് ഉം എടുത്തിരുന്നു
വഴി അത്ര പരിചയത്തെ ഇല്ലാതിരുന്നതു കൊണ്ട് ചോദിച്ചും പറഞ്ഞും ആണ് അവിടെ എത്തിയത്
ഓടിട്ട ഒരു വലിയ വീട് പഴയ കാല നാലു കെട്ടിനെ ഓർമിപ്പിക്കുന്ന പോലെ
മുറ്റത്തു തുള്സി തറ
വിശാലമായ ആ പറമ്പിൽ ഈ ഒരു വീട് മാത്രമേ ഉണ്ടായിരുന്നോള്ളൂ
മുറ്റത്തു ബൈക്ക് വച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ വൃദ്ധയായ ഒരു സ്ത്രീ
ആരാണ് എന്താ വേണ്ടത്
ഞാൻ മനു രേഖയുടെ ഫ്രണ്ട് ആണ്
രേഖയെ ഒന്ന് കാണാൻ വന്നതാ
അവൾ അകത്തെ മുറിയിൽ ഉണ്ട് എന്ന് കൈകൊണ്ടു കാണിച്ചു ഇഷ്ടപെടാത്ത രീതിയിൽ അവർ തൊടിയിലേക്കു ഇറങ്ങി
വാതിൽ തുറന്നു ചെല്ലുമ്പോൾ
മേശയിൽ തല വച്ച് കിടക്കുകയായിരുന്നു അവൾ
എണ്ണ തേക്കാതെ പാറി പറന്ന മുടികൾ , ഉറക്കം തളം കെട്ടി നിൽക്കുന്ന കണ്ണുകൾ , ഷീണിച്ച ശരീരം …
എന്റെ ഒച്ച കേട്ട് അവൾ പതിയെ എഴുന്നേറ്റിരുന്നു ..
.
അല്ല ഇതാര് മനുവോ
ഞാൻ വിചാരിച്ചു വരില്ല എന്ന് …
വരാതിരിക്കാൻ ആകില്ലലോ എനിക്ക് അത്രയ്ക്ക് ഞാൻ ഇഷ്ടപ്പെട്ടു പോയില്ലേ എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു പക്ഷെ പറഞ്ഞില്ല
ഇന്നലെ ഒരുപാടു രാത്രി ആയി എഴുതി കഴിഞ്ഞപ്പോൾ അതാണ് ഉറക്ക ഷീണം
അമ്മേ ചായ അവൾ വിളിച്ചു പറഞ്ഞു
ഇവൾക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണല്ലോ പാവം അമ്മയെ കൊണ്ട് ചായ ഇടുവിക്കുന്നു എന്ന് ഞാൻ മനസ്സിൽ കരുതി
മനു വിശേഷം പറ ..
അവൾ എന്റെ ഗൾഫ് വിശേഷങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു
മനു എന്നോട് എപ്പോളും ചോദിക്കാറില്ല എന്റെ കാര്യങ്ങൾ
ബോറടിക്കാതെ കേൾക്കാൻ റെഡി ആണെകിൽ ഞാൻ പറയാം ..
ഇൻഫോ പാർക്കിൽ ആയിരുന്നു എനിക്ക് ജോലി..
അച്ഛൻ ഗവണ്മെന്റ് ജോലി റിട്ടയർ ആയി ‘അമ്മ വീട്ടിൽ തന്നെ
ഞാൻ ഒരു മോളായിരുന്നു
അച്ഛന്റെയും അമ്മയുടെയും പ്രതീക്ക്ഷകൾ ഞാൻ ആയിരുന്നു വളരെ ആർഭാട പൂർവം ആയിരുന്നു എന്റെ വിവാഹം
നമ്മൾ ഒന്ന് തീരുമാനിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു എന്ന് പറയുന്ന പോലെ
വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്കു പോകുന്ന വഴിയിൽ കാർ ആക്‌സിഡന്റിൽ പെട്ട് എന്റെ അച്ഛനും , ഭർത്താവും മരിച്ചു ഭർത്താവു എന്ന് പറയാമോ എന്നറിയില്ല വെറും ഒരു മണിക്കൂർ മാത്രമേ എന്റേതായിരുന്നൊള്ളു
ഇതെല്ലാം കേട്ട് ഞാൻ തരിച്ചിരിക്കുകയായിരുന്നു
ദൈവത്തിനു ഇത്രക്ക് ക്രൂരനാകാൻ പറ്റുമോ
എല്ലാം കഴിഞിട്ടു ഇപ്പോൾ മാസങ്ങൾ ആയി ….
ഏകാന്തത എന്നെ വീർപ്പു മുട്ടിച്ചപ്പോൾ ആണ് ഞാൻ പഴയ പോലെ എഴുതി തുടങ്ങിയത് …
ജീവിത സാഹചര്യങ്ങൾ തീച്ചൂളയിൽ വേവിച്ചത് കൊണ്ടാണ് എന്റെ അക്ഷരങ്ങൾക്കു അഗ്നിയുടെ ചൂട് , പലർക്കും ഞാൻ എഴുതുന്നത് അഹങ്കാരം ആയും ഭ്രാന്തായും തോന്നാറുണ്ട് …
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു
ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവൾ എന്റെ നേരെ കൈകൾ നീട്ടി പറഞ്ഞു മനു വീണ്ടും വരുമോ
മനു വന്നത് എനിക്ക് ഒരുപാടു ആശ്വാസം തരുന്നു …
വരാം എന്ന വാക്ക് പറഞ്ഞു എഴുന്നേറ്റപ്പോൾ എന്റെ കൂടെ പുറത്തേക്കു വരാൻ വേണ്ടി അവളും എഴുനേറ്റു
പെട്ടെന്ന് എവിടെയോ ഒരു കൊലുസിന്റെ ശബ്ദം അല്ല അത് കൊലുസിന്റെ അല്ല അവൾ ഇരുന്ന മേശക്കു അരികിൽ നിന്നായിരുന്നു …
അവളുടെ കാലിൽ നിന്നും കട്ടിലിന്റെ അടുത്തേക്ക് നീളുന്ന ചങ്ങല …
അപ്പോൾ ഇവൾ …എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല
അപ്പോൾ സത്യത്തിൽ അവൾക്കു ഭ്രാന്തായിരുന്നോ
……ഈ ഭ്രാന്തൻ ചിന്തകളെ ആയിരുന്നോ ഞാൻ സ്നേഹിച്ചിരുന്നത് …
മനു ഞാൻ ഒന്ന് പറയാൻ മറന്നു
ജീവിതം വെറും കോമാളിയായി മുന്നിൽ വന്നു കോലം തുള്ളിയ ചില നിമിഷത്തിൽ മനസിന്റെ താളം തെറ്റുന്നു …
കൂട്ടത്തിൽ എന്റെ ഭ്രാന്തൻ ചിന്തകൾ കൂടി ആയപ്പോൾ ഞാൻ ചങ്ങലക്കു ഉള്ളിൽ ആയി
ഇതറിഞ്ഞാൽ മനു എന്നോട് സംസാരിക്കില്ല എന്നെ വെറുക്കും എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്
എന്നോട് ക്ഷമിക്കണം …
മനുവുമായി കൂട്ടുകൂടിയതു മുതൽ എന്റെ ജീവിതത്തിലെ മാറ്റങ്ങൾ ഞാൻ അനുഭവിച്ചു അറിയുന്നുണ്ടായിരുന്നു .
എന്റെ മനസിലും ചിന്തകളുടെ വേലിയേറ്റം ആയിരുന്നു …
പ്രണയം തോന്നിയിരുന്നു എന്നത് സത്യം പക്ഷേ ഒരു ഭ്രാന്തിയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് …
വീട്ടുകാർ , നാട്ടുകാർ ആലോചിക്കുംതോറും ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സു പറഞ്ഞു …
ഇനി എന്നാണ് മനു വരുക എന്നവളുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി
അവൾ നീട്ടിയ കൈകളിൽ പിടിച്ചു വീണ്ടും വരാം എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന പ്രതീക്ഷകളുടെ വെളിച്ചം എനിക്ക് കാണാമായിരുന്നു …
അവളിൽ നിന്നും കുതറി ഓടാൻ ശ്രമിക്കുന്ന മനസുമായി പുറത്തേക്കു നടക്കുമ്പോൾ അവളുടെ ഭ്രാന്തൻ ചിന്തകളുമായി മനസ്സ് പ്രണയ യാത്രയിൽ ആയിരുന്നു …
പടികൾ ഇറങ്ങുമ്പോൾ മനസ് പറഞ്ഞു ഈ വഴിയിൽ വീണ്ടും വരും ഒരിക്കൽ കൂടി നിനക്കായ് …..
നിന്റെ സ്വപ്ങ്ങളിൽ വർണ്ണങ്ങൾ നിറയ്ക്കാൻ ….
ജിമ്മി ചേന്ദമംഗലം.. കഥ സ്നേഹമഴ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here