പ്രളയരക്ഷകർ ഏഷ്യയുടെ താരങ്ങൾ; വിജയ‌് വർമ, ക്യാപ‌്റ്റൻ പൈലറ്റ‌് പി രാജ‌്കുമാർ എന്നിവർക്ക‌് ‘ഏഷ്യൻ ഓഫ‌് ദ ഇയർ’ പുരസ‌്കാരം

0
100

സിംഗപ്പൂർ: കേരളത്തെ മുക്കിയ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാവികസേനാ കമാൻഡർ (പൈലറ്റ‌്) വിജയ‌് വർമ്മയ്ക്കും ക്യാപ‌്റ്റൻ (പൈലറ്റ‌്) പി രാജ‌്കുമാറിനും 2018 ലെ ഏഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. സിംഗപ്പുർ ആസ്ഥാനമായ ‘ദ സ‌്ട്രെയ‌്റ്റ‌്സ‌് ടൈംസ‌്’ ദിനപത്രം 2012 മുതൽ നൽകുന്ന രാജ്യാന്തര പുരസ‌്കാരമാണ് ‘ഏഷ്യൻ ഓഫ‌് ദ ഇയർ’. പുരസ്കാരത്തിന്‍റെ ഏഴാം വര്‍ഷമാണ് കേരളത്തിലെ രക്ഷാപ്രവര്‍ത്തനവും ആദരിക്കപ്പെടുന്നത്.

ഇരുവരെയും കൂടാതെ മറ്റ് രണ്ട് പേര്‍ക്കും രണ്ട് സംഘടനകള്‍ക്കും പുരസ്കാരമുണ്ട്. 2018 സെപ്തംബര്‍ 18 ന് ഇന്ത്യോനേഷ്യയിലെ സെൻട്രൽ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സിംഗപ്പൂര്‍ പാരാഗ്ലൈഡറായ എങ‌് കോക‌് ചൂങ്ങിനും ( ഇദ്ദേഹം പിന്നീട് ഇന്ത്യയില്‍ വച്ച് നടന്ന ഒരു പാരാഗ്ലൈഡിങ്ങ് അപകടത്തില്‍ മരിച്ചു. ) ഡോ. സുതോപൊ പർവൂ നുഗ്രോയ്ക്കും തായ‌്‌ലൻഡിലെ തമാം ലുവാങ‌് ഗുഹയിൽ അകപ്പെട്ട ഫുട‌്ബോൾ ടീമിലെ കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തിയ സംഘത്തിനും പുരസ‌്കാരമുണ്ട‌്. ഇവരെ കൂടാതെ ആസിയാൻ കോഡിനേറ്റിങ‌് സെന്റർ ഫോർ ഹ്യുമനിറ്റേറിയൻ അസിസ‌്റ്റൻസ‌് ഓൺ ഡിസാസ്‌റ്റർ മാനേജ‌്മെന്റ‌്, മെഴ‌്സി റിലീഫ‌് എന്നീ സന്നദ്ധസംഘടനകളും പുരസ‌്കാരം നേടി.

ഇന്ത്യന്‍ നാവികസേനാ കമാൻഡർ വിജയ‌് വർമയാണ് പ്രളയകാലത്ത് കൊച്ചിയില്‍ വീടിന്റെ ടെറസിൽ അഭയം പ്രാപിച്ച പൂർണഗർഭിണി അടക്കമുള്ളവരെ ഹെലികോപ‌്റ്ററിലെത്തി രക്ഷിപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ച യുവതി പിന്നീട് പ്രസവിച്ചു. ഇത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. നാവികസേനയില്‍ ക്യാപറ്റനായ രാജ് കുമാര്‍ പ്രളയത്തില്‍ വീടിന് മുകളില്‍ രണ്ട് ദിവസമായി കുടുങ്ങിക്കിടന്ന 26 ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു. ഈ രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളുടെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഇന്ത്യോനേഷ്യന്‍ ദുരന്തനിവാരണ വിഭാഗം വക്താവ് ഡോ. സുതോപൊ പർവൂ നുഗ്രോയും പുരസ്കാരത്തിന് അര്‍ഹനായി. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായാണ് ഇന്ത്യോനേഷ്യയിലെ ഭൂകമ്പത്തിന് ലേകശ്രദ്ധ ലഭിക്കുന്നതും തുടര്‍ന്ന് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകുന്നതും. ഭൂകമ്പരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ ഡോ. സുതോപൊ പർവൂ നുഗ്രോ ശ്വാസകോശ അര്‍ബുദത്തിന്‍റെ നാലാം ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here