പുഷ്ടിയുള്ള ശരീരം;ആരോഗ്യത്തിന്റെ രഹസ്യം കൂടിയാണ്.

0
31

ആരോഗ്യത്തിനു നല്ലത് തടി കുറഞ്ഞിരിയ്ക്കുന്നതു തന്നെയാണ്. തടി കൂടുന്നതും വയര്‍ ചാടുന്നതുമെല്ലാമാണ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നവും. ഇതിനായി പരിഹാരങ്ങള്‍ നോക്കുന്നവരാണ് കൂടുതല്‍ പേരും.

എന്നാല്‍ ചിലരുടെ പ്രശ്‌നം ശരീരത്തിന് പുഷ്ടിയില്ലാത്തതാണ്. അമിതമായ തടിയില്ലെങ്കിലും തീരെ മെലിഞ്ഞ് വിളറി, എല്ലുന്തിയ രൂപം ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. തടി അമിതായി വരുന്നതല്ല, ശരീര പുഷ്ടി എന്നു പറയുന്നത്. പുഷ്ടിയുള്ള ശരീരം ആരോഗ്യകരമായ ശരീരത്തിന്റെ, ആരോഗ്യത്തിന്റെ രഹസ്യം കൂടിയാണ്.

ശരീരത്തിന് പുഷ്ടിയുണ്ടാകാന്‍ കയ്യില്‍ കിട്ടിയതു വലിച്ചു വാരി കഴിയ്ക്കുകയല്ല, ചെയ്യേണ്ടത്. ആരോഗ്യകരമായ ചില ഭക്ഷണങ്ങളും ഭക്ഷണക്കൂട്ടുകളും ഇതിനു സഹായിക്കും.

ശരീര പുഷ്ടിയ്ക്ക് ആയുര്‍വേദം പറയുന്ന പല വഴികളുമുണ്ട്. ചില തരം ഭക്ഷണങ്ങളും ഭക്ഷണക്കൂട്ടുകളുമെല്ലാം ഇതില്‍ പെടും. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു പുഷ്ടി നല്‍കുന്ന, ആരോഗ്യകരമായ ഗുണങ്ങള്‍ മാത്രം നല്‍കുന്ന ചിലതാണ് ഇവ.

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം മെലിച്ചില്‍, അതായത് മെലിഞ്ഞുണങ്ങിയ ശരീരത്തിനുള്ള അവസ്ഥയെ രോഗാവസ്ഥയായി കണക്കാക്കുന്നു. കാര്‍ശ്യം എന്ന രോഗാവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന് ആവശ്യമായ മാംസവും കൊഴുപ്പും വേണം, ഇതില്ലാത്ത അവസ്ഥയാണ് കാര്‍ശ്യം. മുഖവും കവിളുമെല്ലാം ഒട്ടി വിളറി വെളുത്ത രൂപം എന്നു പറയാം.

പല കാരണങ്ങളുണ്ട്

ഇതിന് പല കാരണങ്ങളുണ്ട്. ചില അസുഖങ്ങള്‍ ഇതിനുള്ള കാരണങ്ങളാണ്. കരള്‍ പ്രശ്‌നം , ഹൈപ്പര്‍തൈറോയ്ഡ് എന്നിവ ഇതിനുള്ള കാരണങ്ങളാണ്. ഇതല്ലാതെ താല്‍ക്കാലിക, അതായത് സ്വാഭാവിക കാര്‍ശ്യങ്ങളുണ്ട്. ഗര്‍ഭകാലത്ത് ചില ഗര്‍ഭിണികളുടെ ശരീരം ഇതുപോലെയാകുന്നത്, ഇതിനു കാരണം അമിതമായ ഛര്‍ദിയോ ഇതു കാരണം ഭക്ഷണം കഴിയ്ക്കാന്‍ സാധിയ്ക്കാത്തതുമാകാം, സ്വാഭാവിക കാര്‍ശ്യത്തിന് ഉദാഹരണമാണ്. വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള നിരന്തരമായ ഉപവാസം കാരണം ഇതുണ്ടാകും. പ്രായമേറുമ്പോള്‍ ചിലരില്‍ ഇതുണ്ടാകും.

അമുക്കുരം

ഇത്തരം മെലിച്ചിലിനുളള, ശരീര പുഷ്ടി വയ്ക്കാനുള്ള നല്ലൊരു മരുന്നാണ് അമുക്കുരം. ഇതു പാല്‍, നെയ്യ്, വെള്ളം എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ത്തു ദിവസവും കഴിയ്ക്കുന്നതു നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം വേണം, ഉപയോഗിയ്ക്കാന്‍.

നേന്ത്രപ്പഴം

ശരീര പുഷ്ടിയ്ക്കുള്ള നല്ലൊരു വഴിയാണ് നേന്ത്രപ്പഴം. ആരോഗ്യകരമായ തൂക്കം ശരീരത്തിനു നല്‍കി ശരീരത്തിന് പുഷ്ടി വരുത്തുന്ന വഴി. നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു പുഴുങ്ങി കഴിയ്ക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ശരീര പുഷ്ടി നല്‍കുന്ന ഒരു വഴിയാണെന്നു പറയാം.

ഈന്തപ്പഴം

ഈന്തപ്പഴം ശരീരത്തിനു അമിത വണ്ണമില്ലാതെ പുഷ്ടി നല്‍കുകയും രക്തപ്രസാദം നല്‍കുകയും ചെയ്യുന്ന ഒന്നാണ്. 200 ഗ്രാം എള്ള്, 100 ഗ്രാം ശര്‍ക്കര, 50 ഗ്രാം ചുക്ക് എന്നിവ തുല്യമായ അളവിലെ ഈന്തപ്പഴവും ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിനു പുഷ്ടി നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ചെറുപയര്‍

ചെറുപയര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ശരീര പുഷ്ടി വരുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് മുളപ്പിച്ചോ അല്ലാതെയോ ഉപയോഗിയ്ക്കാം. ചെറുപയര്‍ വേവിച്ച് ഇതില്‍ ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് ശരീര പുഷ്ടിയ്ക്കുള്ള നല്ലൊരു വഴിയാണ്. ഇതുപോലെ ചെറുപയര്‍ കഞ്ഞിയും ശരീര പുഷ്ടിയ്ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ഉഴുന്ന് അടങ്ങിയ

ഉഴുന്ന് അടങ്ങിയ, പ്രത്യേകിച്ചും ഇഡ്ഢലി പോലുളള ഭക്ഷണങ്ങള്‍ ശരീര പുഷ്ടിയ്ക്ക് ഏറെ നല്ലതാണ്. ആരോഗ്യകരമായ തൂക്കം നല്‍കുകയും ചെയ്യും.

ച്യവനപ്രാശം

ആയുര്‍വേദത്തില്‍ പല ലേഹങ്ങളും മരുന്നുകളും ശരീര പുഷ്ടിയ്ക്കായി വിശദീകരിയ്ക്കുന്നുണ്ട്. വിദര്യാദിഘൃദം ഇത്തരത്തില്‍ ഒരു നെയ്യാണ്. ശരീരത്തിന് തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഉപയോഗിയ്ക്കാം. ദിവസവും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലത്. ച്യവനപ്രാശം പല ഗുണങ്ങള്‍ക്കൊപ്പം ശരീരത്തിന് പുഷ്ടി നല്‍കുന്ന മറ്റൊരു മരുന്നാണ്.

പാലുല്‍പന്നങ്ങള്‍

ബദാം അടക്കമുള്ള ഡ്രൈ നട്‌സ്, പാലുല്‍പന്നങ്ങള്‍ എന്നിവ ആരോഗ്യകരമായ തൂക്കത്തിനും ശരീര പുഷ്ടിയ്ക്കും സഹായിക്കുമെന്ന് ആയുര്‍വേദം വിശദീകരിയ്ക്കുന്നു. ബദാം പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

നെയ്യു ഭക്ഷണത്തില്‍

നെയ്യു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇത് ശരീര പുഷ്ടി നല്‍കുന്ന ഒരു മരുന്നാണ്. നെയ്യില്‍ ചെറിയ ഉള്ളി മുപ്പിച്ചതു ചേര്‍ത്തു ചോറു കഴിയ്ക്കുന്നതു നല്ലതാണ്. നെയ്യിനു പുറമേ മറ്റു പാലുല്‍പന്നങ്ങളായ തൈര്, പനീര്‍ എന്നിവയെല്ലാം ആരോഗ്യകരമായ രീതിയില്‍ ശരീര പുഷ്ടി നല്‍കുന്ന മരുന്നുകളാണ്.

മുതിര, കടല

മുതിര, കടല പോലുളള പയര്‍ വര്‍ഗങ്ങള്‍ പുഴുങ്ങി കഴിയ്ക്കുന്നത് ശരീര പുഷ്ടിയ്ക്കുള്ള മികച്ചൊരു വഴിയാണ്. ഇവയെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവ കൂടിയാണ്. കടല ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. വേണമെങ്കില്‍ മുതിരയും.

ഉണക്കമുന്തിരി

50 ഗ്രാം വീതം ഫിഗ്, ബദാം, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവയെടുക്കുക. ഇതില്‍ 100 ഗ്രാം ശര്‍ക്കരയോ കല്‍ക്കണ്ടമോ ചേര്‍ക്കുക. ഇത് ഒരുമിച്ച് പശുവിന്‍ നെയ്യില്‍ ചെറുതായി ചൂടാക്കി കഴിയ്ക്കാം.

അശ്വഗന്ധ, ശതാവരി

3-5 ഗ്രാം വീതം അശ്വഗന്ധ, ശതാവരി പൊടികള്‍ പാലില്‍ കലര്‍ത്തി രാവിലെയും രാത്രിയും കഴിയ്ക്കുന്നതും ആരോഗ്യകരമായ ശരീര തൂക്കത്തിന്, ശരീര പുഷ്ടിയ്ക്കു സഹായിക്കും.

നിലക്കടല അഥവാ കപ്പലണ്ടി

നിലക്കടല അഥവാ കപ്പലണ്ടി നല്ലൊരു വഴിയാണ്. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കത്തിന് ഏറെ നല്ലതാണ്.

തേച്ചു കുളി

നല്ല ഉറക്കവും നല്ല തേച്ചു കുളിയുമെല്ലാം ശരീര പുഷ്ടിയ്ക്കുള്ള ആയുര്‍വേദ വഴികളില്‍ പെടുന്നു. ബാലാശ്വഗന്ധാദിതൈലം, ലാക്ഷാദി തൈലം എന്നിവയെല്ലാം തേച്ചുകുളിയ്ക്കാന്‍ നല്ലതാണ്.

ഉറങ്ങുക

ചുരുങ്ങിയത് 7 മണിക്കൂര്‍ ഉറങ്ങുക. എണ്ണ തേച്ചു കുളി, സ്‌ട്രെസൊഴിഞ്ഞ ജീവിതം, ആരോഗ്യകരമായ, മിതമായ സെക്‌സ് ജീവിതം എന്നിവ ആയുര്‍വേദം അനുശാസിയ്ക്കുന്നു. സെക്‌സ് അമിതമാകുന്നതും അനാരോഗ്യകരമാകുന്നതും ശരീരത്തിന്റെ പുഷ്ടി നഷ്ടപ്പെടുത്തും. ഇതുപോലെ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. സമയത്തിന് ഭക്ഷണം കഴിയ്ക്കുക.

വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്

വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് പോലുള്ള മസാലകള്‍ ചെറിയ തോതില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ല ദഹനത്തിനും വിശപ്പിനും സഹായിക്കും. ഇതും പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്ത് ശരീര പുഷ്ടി വരുത്തുവാന്‍ നല്ലതാണ്. ചിലര്‍ക്ക് എത്ര ഭക്ഷണം കഴിച്ചാലും ശരീരത്തില്‍ പിടിയ്ക്കാതെ വരും. ഇതിനുള്ള പരിഹാരമാണ് ഇത്. ഇതു വഴി വയര്‍ ശുദ്ധമാകും. ഇതുപോലെ വിര ശല്യവും ഒഴിവാക്കി നിര്‍ത്തുക.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here