നടൻ വിജയ്ക്കെതിരേ കേസ്

0
29

തൃശൂർ: “സർക്കാർ’ സിനിമയുടെ പോസ്റ്ററിൽ നായകൻ വിജയ് പുകവലിക്കുന്ന പോസ്റ്റർ പൊതുസ്ഥലത്തു പ്രദർശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്, സിനിമയുടെ നിർമാതാവ്, വിതരണക്കാർ, പോസ്റ്റർ പ്രദർശിപ്പിച്ച തിയറ്റർ എന്നിവർക്കെതിരായാണ് കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.

സിനിമയുടെ പോസ്റ്ററിൽ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. ഇത് ആരാധകർക്കും പുകവലി പ്രചോദനമാവുമെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ജില്ലാ ആരോഗ്യവകുപ്പിനും ലഭിച്ചതിനെതുടർന്ന് ഡിഎംഒ ഡോ. കെ.ജെ. റീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ കണ്ടെടുത്തു. തുടർന്നാണ് കേസെടുത്തത്. കണ്ടെടുത്ത പോസ്റ്ററുകൾ കോടതിയിൽ ഹാജരാക്കും.

2003ലെ കേന്ദ്രനിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിൽ പതിക്കാൻ പാടില്ല. സിനിമയിൽ ഇത്തരം ഭാഗം നിയന്ത്രണത്തിനു വിധേയമായി കാണിക്കാം. പുകവലി പ്രോത്സാഹിപ്പിക്കുന്നതിനെതിരെ 2012ൽ കർശനനിയമം വന്നിട്ടുണ്ട്. രണ്ടുവർഷംവരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here