വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് മുറിച്ചു.

0
45

വിജയവാഡ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് മുറിച്ചു. ആന്ധ്രപ്രദേശിലെ കുര്‍നൂള്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ 30 കാരനാണ് 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി ആക്രമിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ വിസമ്മതിച്ചതായും കുര്‍നൂള്‍ ഡിവൈഎസ്പി യുഗന്ദര്‍ ബാബു പറഞ്ഞു.

ഇന്നു രാവിലെ ഒന്‍പതു മണിയോടെ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ അധ്യാപകന്‍ അവിടെയുണ്ടായിരുന്ന അനുജനെ പുറത്തേക്ക് പറഞ്ഞു വിട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചു. അതിനുശേഷം സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂട്ടിയ അയല്‍ക്കാര്‍ അധ്യാപകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെയും അധ്യാപകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. അധ്യാപകനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തതായാണ് വിവരം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here