പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ശാസ്ത്രവിഷയങ്ങളില്‍ തിളക്കമാര്‍ന്ന വിജയം വരിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലൂടെ സൗജന്യമായി ബിടെക് പഠിക്കാം, ലെഫ്റ്റനന്റ് പദവിയില്‍ ജോലി നേടാം.

2018 ജനുവരിയിലാരംഭിക്കുന്ന പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിന്റെ 38-ാമത് കോഴ്‌സിലേക്ക് കരസേന ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. www.joindian army.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി 2017 ജൂണ്‍ 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഭാരതപൗരന്മാര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ആകെ 90 ഒഴിവുകളാണുള്ളത്.
അപേക്ഷകര്‍ക്ക് പ്രായം 2018 ജനുവരി ഒന്നിന് 16 1/2യ്ക്കും 19 1/2യ്ക്കും മധ്യേയാവണം. അവിവാഹിതരായ ആണ്‍കുട്ടികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. 1998 ജൂലായ് ഒന്നിന് മുന്‍പോ 2001 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

ഹയര്‍ സെക്കന്ററി/തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു വിജയിച്ചിരിക്കണം. ഉയരം 157.5 സെന്റി മീറ്ററില്‍ കുറയാന്‍ പാടില്ല. വൈകല്യങ്ങളൊന്നും പാടില്ല. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകണം.

ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. www.joinindi anarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ റോള്‍ നമ്പരോടുകൂടിയ ഒരു അക്‌നോളജ്‌മെന്റ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് ഒരെണ്ണത്തില്‍ ഒപ്പ് വച്ച് തെരഞ്ഞെടുപ്പിനായുള്ള എസ്എസ്ബി ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ കൈവശം കരുതണം. മറ്റൊന്ന് റഫറന്‍സിനായി സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്/ഹാര്‍ഡ് കോപ്പി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് റിക്രൂട്ടിങ്ങിന് അയച്ചുകൊടുക്കേണ്ടതില്ല.

യോഗ്യതാ പരീക്ഷയുടെ ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡ് പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ബാംഗ്ലൂര്‍, ഭോപാല്‍, അലഹബാദ്, കപൂര്‍ത്തല കേന്ദ്രങ്ങളിലായി 2017 ഓഗസ്റ്റ് മാസത്തിലാരംഭിക്കുന്ന ഇന്റര്‍വ്യൂവിന് ക്ഷണിക്കും. എസ്എസ്ബി ഇന്റര്‍വ്യൂ അറിയിപ്പ് ഇ-മെയില്‍ എസ്എംഎസ് വഴിയാണ് ലഭിക്കുക.
അഞ്ചുദിവസത്തോളം നീളുന്ന ഇന്റര്‍വ്യൂവില്‍ സൈക്കോളജിക്കല്‍/ഇന്റലിജന്‍സ് ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടും. ആദ്യദിവസത്തെ സൈക്കോളജിക്കല്‍ ടെസ്റ്റില്‍ യോഗ്യത നേടുന്നവരെയാണ് തുടര്‍ന്നുള്ള ടെസ്റ്റുകളിലും പങ്കെടുപ്പിക്കുന്നത്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അഇ കകക ടൈയര്‍ റെയില്‍വേ ഫെയര്‍/സമാനമായ ബസ് യാത്രാക്കൂലി നല്‍കും. വൈദ്യപരിശോധന നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പരിശീലനം നല്‍കും. ആദ്യത്തെ ഒരു വര്‍ഷം ബേസിക് മിലിട്ടറി പരിശീലനമാണ്. ഗയയിലുള്ള ഓഫീസര്‍ ട്രെയിനിങ് അക്കാദമിയില്‍ വച്ചാണ് പരിശീലനം. ഇതുകഴിഞ്ഞ് മൂന്നുവര്‍ഷത്തെ ടെക്‌നിക്കല്‍ ട്രയിനിംങ്. ഈ കാലയളവിലാണ് ബിടെക് പഠന പരിശീലനങ്ങള്‍. പൂനൈ, സെക്കന്തരാബാദ് മുതലായ സ്ഥലങ്ങളിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജുകളിലും മറ്റുമാണ് എന്‍ജിനീയറിങ് പഠനം. പരിശീലനകാലം പ്രതിമാസം 21000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. പരീക്ഷകളെല്ലാം വിജയിക്കുന്നവര്‍ക്ക് ‘ബിടെക്’ ബിരുദം സമ്മാനിക്കും. മുഴുവന്‍ പഠന പരിശീലന ചെലവുകളും കരസേന വഹിക്കും.

നാല് വര്‍ഷത്തെ പഠന-പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ പെര്‍മനന്റ് കമ്മീഷനിലൂടെ ലെഫ്റ്റനന്റ് പദവിയില്‍ ജോലി ലഭിക്കും. 15600-39100 രൂപ ശമ്പള നിരക്കിലാണ് നിയമനം. പ്രതിമാസം ഏകദേശം 65000 രൂപ തുടക്കത്തില്‍ ശമ്പളം ലഭിക്കും. ഇതിന് പുറമെ പാര്‍പ്പിടം, മെസ്, കാന്റീന്‍ സൗകര്യങ്ങള്‍, ചികിത്സ എന്നിവ സൗജന്യമായി ലഭിക്കും. നിരവധി ആനുകൂല്യങ്ങള്‍ വേറെയും.

ക്യാപ്റ്റന്‍ മുതല്‍ ലെഫ്റ്റനന്റ് ജനറല്‍ വരെ ഉദ്യോഗക്കയറ്റത്തിനും അവസരം ലഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.joinindiana rmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here