ആ സമയം എന്റെ ജീവനേക്കാൾ വിലയായിരിക്കും ആ നൂറു രൂപക്ക്….

0
93

 
ഇന്ന് ഉച്ചക്ക് പോസ്റ്റുമാൻ കൊണ്ട് തന്നതാണെന്നു പറഞ്ഞു
രണ്ട് തവണ തിരിച്ചടവ് മുടങ്ങിയ കാറിന്റെ ലോണിന്റെ പേപ്പർ ഭാര്യ എന്റെ കൈകളിൽ ഏൽപ്പിച്ചു മടങ്ങുമ്പോൾ ഇനി ഒന്നും പണയം വെക്കാൻ എന്നോട് ചോദിക്കരുതേ എന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്‌..

വാങ്ങി കൂട്ടിയ കാറും ആർഭാടങ്ങളും ആ ഒരു നിമിഷം എന്നെ നോക്കി പരിഹസിക്കുന്ന പോലെ എനിക്കു തോന്നി..

മോഹങ്ങളും സ്വപ്നങ്ങളും പലപ്പോഴും അതിരു കടന്നിട്ടുണ്ട്.. ആവശ്യമില്ലാഞ്ഞിട്ടും നാളെയെ കുറിച്ചോർക്കാതെ ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ഞാൻ വാങ്ങി കൂട്ടിയതാണ് ഇന്ന് ഈ വീട്ടിൽ കാണുന്ന പല സാധനങ്ങളും…

പണ്ട് നൂറിന്റെ വലിയ നോട്ട് പോക്കറ്റിൽ തിരുകി വരയൻ സഞ്ചിയും തന്ന് റേഷൻ കടയിലേക്ക് എന്നെ അമ്മ പറഞ്ഞു വിടുമ്പോൾ എന്തെന്നില്ലാത്ത ഉത്തരവാദ്യത്വമായിരുന്നു മനസിന്

പോക്കറ്റിൽ കിടക്കുന്നത് അച്ഛൻ രാവന്തിയോളം മരത്തോട് മല്ലടിച്ചുണ്ടാക്കിയ ഒരു ദിവസത്തെ സമ്പാദ്യമാണ്..

പണി കഴിഞ്ഞ് വന്ന അച്ഛൻ വിശപ്പോടെ കഞ്ഞി മോന്തി കുടിക്കുന്നതും കണ്ടാണ് പലപ്പോഴും ഞാൻ പീടികയിലേക്ക് ഇറങ്ങാറ്

ആ മുഖമോർക്കുമ്പോൾ പോക്കറ്റിൽ കിടക്കുന്ന നോട്ട് കയ്യിൽ എടുത്ത് മുറുക്കെ പിടിക്കും…

ആ സമയം എന്റെ ജീവനേക്കാൾ വിലയായിരിക്കും ആ നൂറു രൂപക്ക്….

അരിയും മണ്ണെണ്ണയും വാങ്ങി ബാക്കി ഉള്ള അത്രയും പൈസ കണക്ക് തെറ്റാതെ അമ്മയെ ബോധിപ്പിക്കാറുള്ള ആ പന്ത്രണ്ട് വയസുകാരന് പിന്നീടുള്ള ജീവിതത്തിൽ എവിടെയൊക്കെയോ കണക്കുകൾ തെറ്റി.. …

അല്ലെങ്കിൽ ഞാൻ ഇന്നിത്ര വലിയ കടക്കാരൻ ആവോ….?

കാറിന്റെ ലോൺ.. വീട് വയ്‌ക്കാൻ എടുത്ത പൈസ .. ഭാര്യയുടെ പേരിൽ വെച്ച പണ്ട പണയങ്ങൾ കുറി വിളിച്ചതും വാങ്ങിയതും വേറെ.. ഇനി എണ്ണി മടക്കാൻ കൈമേ വിരല് ബാക്കി ഇല്ല..

ഒരു നെടുവീർപ്പോടെ
ലോണിന്റെ പേപ്പറും മടക്കി പിടിച്ചു ഉമ്മറത്ത്‌ ഇരിക്കുന്ന അച്ഛന്റെ അടുക്കലേക്ക് നടന്നു..

തിണ്ണയിൽ ഇരുന്ന് രാമനാമം ചൊല്ലിയിരുന്ന അമ്മയുടെ അടുത്തായി ഞാൻ ഇരുന്നു..

ശ്രദ്ധയോടെ നാമം ചൊല്ലി തീർക്കുന്ന അമ്മയെ കണ്ടപ്പോൾ പണ്ടൊക്കെ ‘അമ്മ വാങ്ങി കൂട്ടിയ കടങ്ങൾ ഒന്നൊന്നായി മനസിൽ തെളിഞ്ഞു..

ഇടക്ക് ഒക്കെ പ്രതീക്ഷിക്കാതെ വിട്ടിലേക്ക് അമ്മാവന്മാരോ ചെറിയച്ഛനോ കയറി വന്നാൽ അവർക്ക് കൊടുക്കാൻ പലഹാരം വിൽക്കുന്ന ദേവകി ചേച്ചീടെ കയ്യിൽ നിന്ന് വാങ്ങുന്ന അച്ചപ്പത്തിനും കുഴലപ്പത്തിനും അമ്മ പലപ്പോഴും കടക്കാരി ആയിട്ടുണ്ട്…

തെങ്ങു കയറാൻ വരാറുള്ള കൃഷ്ണേട്ടനെ ഈ വഴി കാണാതാകുമ്പോൾ ഒരു മുറി നാളികേരത്തിന് വേണ്ടി അപ്പുറത്തെ വീട്ടിലെ സുബൈദ താത്തക്ക് മുന്നിൽ അമ്മ ഒന്നിലധികം തവണ കടക്കാരി ആയിട്ടുണ്ട്..

കല്ലുപ്പും .. വെളിച്ചെണ്ണയും എന്നു വേണ്ട വീട്ടിലെ പല പലച്ചേരക്കു സാധനങ്ങളും അമ്മയോട് അനുവാദം ചോദിക്കാതെ തീരുന്നതായിരുന്നു… ഇതിനെല്ലാം സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന കൊച്ചപ്പേട്ടന്റെ കടയിലും അമ്മ കടക്കാരി ആയിട്ടുണ്ട്…
പക്ഷെ ഈ കടങ്ങൾക്കു ഒക്കെ ആയുസ് അച്ഛൻ പണി കഴിഞ്ഞു വരുന്ന വരെയേ ഉണ്ടായിരുന്നുള്ളു…

അവയെല്ലാം ഒരു രാത്രിക്ക് അപ്പുറം നീണ്ടു പോകാത്ത കടങ്ങൾ ആയിരുന്നു.. .

പലിശയോ കൂട്ട് പലിശയോ ഇല്ലാത്ത കടങ്ങൾ…

അച്ചന് അന്നു കിട്ടുന്ന നൂറു രൂപയിൽ ഒതുങ്ങുമായിരുന്നു എന്റെയും ചേട്ടന്റെയും അനിയത്തിയുടെയും പഠിത്തവും വീട്ടിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുമുള്ള കാര്യങ്ങളും..

ഇടക്ക് ഉണ്ടാകുന്ന ബന്ധു വീട്ടിലെ കല്യാണങ്ങൾക്കും നൂൽ കെട്ടിനും ഒരു കുറവും വരുത്താതെ അച്ഛൻ ചടങ്ങുകൾ നടത്തുമായിരുന്നു..

അച്ഛന് അന്ന് ആകെ ഉടുത്തു മാറാൻ ഉണ്ടായിരുന്ന വെള്ള ഷർട്ടിലും മുണ്ടിലും അച്ഛൻ നേടി തന്നതാണ് ഇന്നും വീടിന്റെ പ്രൗഡിയും അന്തസ്സും… ഞാൻ മാസാവസാനം വാങ്ങി കൂട്ടുന്ന ബ്രാൻഡഡ് ഷർട്ടുകൾക്ക് ഇന്നും അതൊന്നും മാറ്റി എഴുതാനായിട്ടില്ല…

ഗംഭീരമായി നടന്ന അനിയത്തിയുടെ കല്യാണത്തിന്റെ ചിലവുകൾ ജോലിക്കാരനായ ചേട്ടന്റെ മുന്നിൽ കൈ നീട്ടാതെ അച്ഛൻ തനിച്ചാണ് നടത്തിയത്….

ഇതിനും മാത്രം കാശ് നമ്മുടെ അച്ഛന്റെ കയ്യിൽ എവിടുന്നെന്ന് ചേട്ടൻ ചോദിച്ചപ്പോൾ അമ്മക്കും ഉണ്ടായില്ല ഉത്തരം…

കൂടെ പഠിച്ച സതീശൻ എനിക്ക് ഗൾഫിലേക്ക് വിസ ശരിയാക്കിട്ടുണ്ടന്ന് അറിയിച്ചപ്പോൾ അച്ഛന്റെ അറുപത്തിയഞ്ചാം വയസിലുമുള്ള പണിക്കു പോക്കാണ് ഞാൻ ആദ്യം നിർത്തിച്ചത്…

അച്ഛന്റെ ഉളികളും കോടോടിയും എടുത്ത് അട്ടത് കൊണ്ട് വെച്ച് വീട്ടുഭരണവും ഏറ്റെടുത്ത് ഞാൻ ഗള്ഫിലേക് വിമാനം കയറി…

കിട്ടുന്ന ശമ്പളം റിയാലിൽ നിന്ന് രൂപയിൽ കണക്ക് കൂട്ടുമ്പോൾ ആയിരങ്ങൾ പോലും വളരെ ചെറുത്താണെന്ന് തോന്നി..

ആദ്യമായ് ലീവിന് വന്നപ്പോൾ അമ്മ എന്നോട് ചോദിച്ചു.

മോന് അവിടെ വലിയ ശമ്പളം ഒന്നുമില്ലല്ലേ എന്ന്…

അത് കണ്ട് അറിഞ്ഞു തന്നെയാ അച്ഛൻ ഇവിടെ ചിലവുകൾ നടത്തുന്നതെന്നും..

അയച്ച കാശ് മുഴുവൻ അച്ഛൻ എന്ത് കാണ്ണിച്ചു കൂട്ടിയെന്ന് അറിയാൻ
അച്ഛന്റെ മുറിയിൽ കിടന്നിരുന്ന മര അലമാരയിൽ ഞാൻ ഒന്ന് പരതി നോക്കി..

അയച്ചു കൊടുക്കുന്ന മുക്കാൽ ഭാഗം കാശും ബാങ്ക് പാസ്സ് ബുക്കിലുണ്ടായിരുന്നു..

പാസ്സ് ബുക്കിന്റെ കൂടെ ഒരു കെട്ട് തുണ്ടു കടലാസുകൾ കിട്ടി ..

കറന്റ് ബില്ലിനും ഫോണിന്റെ ബില്ലിനും പുറമെ ആ വർഷം പീടികയിൽ നിന്ന് വാങ്ങിയ പലവ്യജ്ഞനങ്ങളുടെയും കണക്കുകളായിരുന്നു അതിൽ..

നൂറു മല്ലിയും മുളകും വാങ്ങിയ കണക്കുകൾ വരെ അതിലുണ്ട്….

ഇതൊക്കെ ആർക്കു വേണ്ടിയാ എടുത്ത് വെച്ചേക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമായി… അച്ഛൻ പറഞ്ഞത് ഞാൻ വരുമ്പോൾ എന്നെ കാണിക്കാൻ ആന്നെന്ന്..

എഴുപത്തോട് അടുത്ത അച്ഛനിൽ ആ സമയം ഞാൻ കണ്ടത് കണക്കുകൾ അണു വിടാതെ ബോധിപ്പിക്കുന്ന എന്നിലെ ആ പഴയ പന്ത്രണ്ട് വയസുകാരനെയായിരുന്നു…

വീട്ടിലെ ചിലവുകൾ എന്തിനാ ചുരുക്കുന്നതെന്നു ചോദ്യത്തിന് മുന്നേ അച്ഛൻ പറഞ്ഞു… എന്റെ മോനെ എന്നും അവിടെ നിർത്തിയാ മതിയോ മോനും വേണ്ടേ നാട്ടിൽ ഒരു ജീവിതം ..

അത് കേട്ടപ്പോൾ വീട്ടിലെ ചിലവ് ചുരുക്കിയതിന്റെ കാര്യ കാരണങ്ങൾ ചോദിക്കാൻ എന്റെ നാവ് പൊന്തിയില്ല…..

സ്വന്തമായി കുടുംബമായപ്പോൾ അതിലെ വരവ് ചിലവ് കണക്കുകളിൽ കൈ കടത്താൻ പിന്നെ അച്ഛൻ വന്നിട്ടില്ല.. അവിടെ നിന്നാണ് എനിക്ക് തെറ്റി തുടങ്ങിയത്..

കോലായിൽ തൂക്കി ഇട്ടിരുന്ന സന്ധ്യ വിളക്കിൽ തിരി താഴ്ത്തുന്നതിനിടയിൽ ഭാര്യ പറഞ്ഞു..
ഇന്ന് വാങ്ങി കൊണ്ട് വന്ന സാധനങ്ങളുടെ ബില് കൂട്ടിയത് തെറ്റിയിട്ടുണ്ടെന്നു.. 100 രൂപ കൂടുതൽ ആണെന്ന്..

ഇതാവട്ടെ തുടക്കം എന്ന് മനസ്സിൽ ഉറപ്പിച്ചു ബില്ലും വാങ്ങി ആ പഴയ പന്ത്രണ്ട് വയസുകാരന്റെ കണിശത്തോടെ ഞാൻ പീടിക ലക്ഷ്യമാക്കി നടന്നു…..
By
Sarath Krishna

SHARE

LEAVE A REPLY

Please enter your comment!
Please enter your name here