സിദ്ധിധാത്രീദേവി;സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്

0
77

നവരാത്രി വ്രതത്തിന്റെ അവസാന ദിവസമായ ഒന്‍പതാം നാളില്‍ സിദ്ധിധാത്രീദേവി രൂപത്തിലാണു ദേവിയെ ആരാധിക്കുന്നത്. ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തില്‍.
സിദ്ധിദാത്രി എന്നാല്‍ പേര് അര്‍ഥമാക്കുന്നതുപോലെ സിദ്ധികള്‍ നല്‍കി അനുഗ്രഹിക്കുന്ന ദേവീഭാവമാണിത്. അഷ്ടസിദ്ധികളായ അണിമ (എളിമ), മഹിമ (കീര്‍ത്തി), ഗരിമ (പ്രൗഢം), ലഘിമ (ലാഘവത്വം), പ്രാപ്തി, പ്രകാമ്യ (ഇച്ഛാശക്തി), ഈശിത്വ (പരമോന്നതത്വം), വശിത്വ (വശവര്‍ത്തിത്വം) തുടങ്ങിയവ പ്രദാനം ചെയ്യുന്ന ദേവീഭാവമാണിത്. കഴിഞ്ഞ എട്ടു ദേവീഭാവങ്ങളെയും എട്ടു സിദ്ധികളായി കാണാം. ആ സിദ്ധികള്‍ക്കും അസുരന്‍മാരെ നിഗ്രഹിക്കുന്നതിനുമായി ലോകത്തിലെ സമസ്ത ശക്തികളും ദേവിയെ ആരാധിക്കുന്നതിനായി ഈ ദിനം മാറ്റിവച്ചു.
നാലുകൈകളോടുകൂടി താമരയില്‍ ഇരിക്കുന്ന ദേവീരൂപമാണിത്. അന്നു ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. ദേവന്മാര്‍ക്ക്‌പോലും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദയും ചക്രവും ശംഖും താമരയും ധരിച്ച് ദേവി വിരാജിക്കുന്നു.പ്രപഞ്ചത്തിന്റെ സൃഷ്ടിക്കുശേഷം ദേവി ആദ്യം പരമശിവനെ സിദ്ധികള്‍ നല്‍കി പ്രപഞ്ചപാലന ദൗത്യം ഏല്‍പ്പിച്ചു. പരമശിവന്‍ ബ്രഹ്മ, വിഷ്ണു ദേവതകളെ സൃഷ്ടിച്ചു. തുടര്‍ന്നു സൃഷ്ടികര്‍മ്മം തുടരാനായി ബ്രഹ്മാവ് സ്ത്രീരൂപത്തിനായി ദേവി സിദ്ധിധാത്രീയെ പ്രാര്‍ഥിച്ചു. ദേവി ഉടന്‍ പരമശിവനുമായി ചേര്‍ന്ന് അര്‍ധനാരീശ്വരരൂപം കൈക്കൈാണ്ടുവെന്നാണു വിശ്വാസം..
സിദ്ധഗന്ധര്‍വ്വ യക്ഷാൈദ്യരസുരൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനി
സിദ്ധന്മാര്‍, ഗന്ധര്‍വന്മാര്‍, യക്ഷന്മാര്‍, അസുരര്‍, അമരര്‍ (ദേവന്മാര്‍) എന്നിവര്‍ സേവിക്കുന്ന സിദ്ധിദായിനിയായ ദേവി സദാ എനിക്ക് സിദ്ധിനല്‍കുന്നവളായി ഭവിക്കട്ടെ..
കടപ്പാട് ;രാജേഷ് പറമ്പിൽ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here