ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി .

0
63

ദില്ലി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി . അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി.

സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി.

ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും യംങ് ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍, സന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയിൽ നിന്ന് വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കേണ്ട കാര്യമില്ല. ആ ചട്ടം മാറ്റി വായിച്ചാൽ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

സര്‍ക്കാര്‍ നിലപാടിനെ പുറത്ത് പിന്തുണച്ച ദേവസ്വം ബോര്‍ഡ് പക്ഷേ കോടതിയിൽ മലക്കം മറിഞ്ഞു. സ്ത്രീ പ്രവേശനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും ലംഘനമാണ്, ശബരിമലയിലെ സവിശേഷ സാഹചര്യത്തിൽ കോടതിയ്ക്ക് ഇടപെടാനാകില്ല, 41 ദിവസത്തെ വൃതശുദ്ധി പാലിക്കാൻ സ്ത്രീകൾക്കാകില്ല എന്ന് തുടങ്ങിയ വാദങ്ങളാണ് ദേവസ്വം ബോര്‍ഡ് കോടിതിയില്‍ നിരത്തിയത്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത്തരം വിശ്വാസങ്ങള്‍ ഹിന്ദു വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു.

കാലങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്‍റെ വാദം. സ്ത്രീകൾക്കുള്ള നിയന്ത്രണം നീക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 60 വര്‍ഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്ന് വെക്കാൻ സാധിക്കില്ലെന്ന് എൻ.എസ്.എസ് വാദിച്ചു. ഭരണഘടനയുടെ 25-2 അനുഛേദം ശബരിമലയുടെ കാര്യത്തിൽ പ്രസക്തമല്ല എന്ന് തുടങ്ങിയ വാദങ്ങളും എൻ.എസ്.എസ് മുന്നോട്ട് വെച്ചിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here