കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടങ്ങള്‍.

0
135

 

തിരുവന്തപുരം: ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടങ്ങള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളിപ്പൊക്കത്തിലുമായി 22 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മഴക്കെടുതിയില്‍ മരണപ്പെട്ടു

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പാലങ്ങള്‍ ഒലിച്ചു പോയി, മലയോരമേഖലകളിലെ റോ‍ഡുകള്‍ പലതും ചിന്നഭിന്നമായി. നൂറോളം വീടുകള്‍ തകര്‍ന്നു, ആയിരകണക്കിന് വീടുകളില്‍ വെള്ളംകയറി. സംസ്ഥാനത്തിന്‍റെ പലഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ ആയിരങ്ങളാണ് അഭയം പ്രാപിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇടുക്കി,ഇടമലയാര്‍, കുറ്റ്യാടി,മലന്പുഴ തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ഡാമുകളെല്ലാം നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നിട്ട് ജലനിരപ്പ് താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശക്തമായ നീരൊഴുക്ക് കാരണം ഡാമുകള്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നതായാണ് വിവരം. ഇടമലായര്‍,ഇടുക്കി, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് ആലുവയടക്കം പെരിയാറിന്‍റെ തീരത്തുള്ള വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീതിയിലാണ്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം കൂടി എത്തുന്നത് കണക്കിലെടുത്ത് പെരിയാറിന്‍റെ നൂറ് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. പെരിയാര്‍ചാലിയാര്‍,കുറ്റ്യാടിപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ, ചാലക്കുടി പുഴ തുടങ്ങി സംസ്ഥാനത്തെ പ്രമുഖനദികളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുക്കുകയാണ്.

താമരശ്ശേരി, കുറ്റ്യാടി, പാല്‍ചുരങ്ങളില്‍ ഒരേസമയം മണ്ണിടിഞ്ഞതോടെ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ വെള്ളത്തിലായി. കണ്ണൂര്‍ ജില്ലയിലെ പഞ്ചാരയ്ക്കലില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മൂലം ഒരു പാലം ഒലിച്ചു പോയി. പാലക്കാട് നഗരത്തിലടക്കം പലയിടത്തും വെള്ളം കയറിയ അവസ്ഥയിലാണ്. മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വീണ്ടും ഉരുള്‍പൊട്ടലുണ്ടാക്കുമോ എന്ന ആശങ്കയും ശക്തമാണ്. മലയോരമേഖലകളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതമേഖലകളിലേക്ക് ഫയര്‍ഫോഴ്സിനും പൊലീസിനും എത്താനാവാത്ത അവസ്ഥയും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നു.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമടക്കം സംസ്ഥാനത്തെ പ്രധാന ഡാമുകളിലെല്ലാം ശക്തമായ നീരൊഴുക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇടുക്കി, ഇടമലയാര്‍,നെയ്യാര്‍,മലന്പുഴ, കുറ്റ്യാടി,ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ ഇതിനോടകം തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ഇടുക്കി ഡാമില്‍ 12 മണിക്ക് ട്രയല്‍ റണ്‍ ആരംഭിച്ചു ഇത് നാല് മണിവരെ തുടരും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here