കൂട്ടക്കൊലപാതകം ;ഒരാൾകൂടി അറസ്റ്റിൽ

0
66

തിരുവനന്തപുരം; തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. തിരുവനന്തപുരം പാങ്ങോട് നിന്ന് ഷിബു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.

ഗൃഹനാഥന്‍ കൃഷ്‌ണനെ അടുത്ത നാളുകളില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ള നെടുങ്കണ്ടം സ്വദേശി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ, ഒന്നിലധികം പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമാക്കുന്ന വിരലടയാള റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. വീട്ടുകാരുടേതല്ലാത്ത 20 വിരലടയാളങ്ങളാണ് കൊലനടന്ന വീട്ടില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.

കാനാട്ട് കൃഷ്‌ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന് എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിട്ടുള്ളത്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത പൊലീസ് ആദ്യംതന്നെ തള്ളിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബവുമായി പരിചയമുള്ളവാരാണെന്ന് ഇത് സൂചിപ്പിക്കുന്നു.

30 പവനോളം നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. ആര്‍ഷയുടെ മുറിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമനയാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍, വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൊലയാളികള്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണം വഴിതിരിച്ചു വിടാനാകുമെന്ന് പൊലീസ് സംശയിക്കുന്നു.

മരിച്ച നാലുപേരുടെയും ദേഹത്ത് മാരകമായ നിരവധി മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. മോഷ്ടാക്കള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും മോഷ്ടാക്കള്‍ മെനക്കെടാറില്ല. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനടുത്തു നിന്ന് കണ്ടെത്തിയ ചുറ്റികയും കഠാരയും ഈ വീട്ടിലേതു തന്നെയെന്നാണ് നിഗമനം. ഇവ കൂടാതെ മറ്റേതോ ആയുധം കൂടി ഉപയോഗിച്ചുള്ള മുറിവുകളും കൊല്ലപ്പെട്ടവരുടെ ദേഹത്ത് ഉണ്ടായിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ്് കൃഷ്‌‌ണന്റെ ഇടപാടുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

കൃഷ്‌ണനെ നിരന്തരം ഫോണ്‍ ചെയ്‌ത പതിനഞ്ചോളം പേരെ ഇതിനകം ചോദ്യം ചെയ്‌തു കഴിഞ്ഞു. മന്ത്രവാദികള്‍ അടക്കമുള്ളവരാണ് ഇവര്‍. കൃഷ്‌ണന്റെ പല ഇടപാടുകളിലെയും സഹായിയാണ് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി. കര്‍ഷകനായ ഇയാള്‍ തന്റെ ഭൂമി വില്‍പന എളുപ്പം നടക്കുന്നതിന് പൂജ ചെയ്യാനാണ് കൃഷ്‌ണനുമായി അടുക്കുന്നത്. പീന്നീട് ഉറ്റ അനുയായിയായി. അടുത്ത നാളുകളില്‍ ഇയാളുടെ ഫോണില്‍ നിന്നാണ് കൃഷ്‌ണനെ ഏറ്റവും കൂടുതല്‍ വിളിച്ചിട്ടുള്ളത്. നിരവധി തവണ ഫോണ്‍ചെയ്‌ത ദിവസങ്ങളുണ്ട്.

അധ്വാനമെന്നും കൂടാതെ കോടീശ്വരനാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കബളിപ്പിക്കുന്ന റൈസ്പുള്ളര്‍ ഇടപാടുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ മുഖാന്തിരം പലയിടങ്ങളിലും കൃഷ്‌ണന് ആഭിചാര ക്രിയകള്‍ക്ക് പോയതായും പൊലീസിന് വിവരം ലഭിച്ചു.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here