രാജ്യതലസ്ഥാനമായ ഡൽഹിയെ മിസൈലാക്രമണത്തിൽനിന്ന് സംരക്ഷിക്കാനെന്ന പേരിൽ യുഎസിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് മോഡി സർക്കാർ തീരുമാനമെടുത്തു. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചുവരുന്ന പ്രതിരോധസംവിധാനം അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് ഏതാണ്ട് ഏഴായിരം കോടിരൂപ മുതൽമുടക്കിൽ യുഎസ് പ്രതിരോധസംവിധാനം ഇന്ത്യ വാങ്ങുന്നത്.
റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങരുത്, ഇറാനിൽനിന്ന് എണ്ണ വാങ്ങരുത് തുടങ്ങിയ യുഎസ് താക്കീതുകൾ നിലനിൽക്കെയാണ് മോഡി സർക്കാർ അമേരിക്കൻ പ്രീണന നയം തുടരുന്നത്.
നാഷണൽ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റ്ം‐ 2 (നസാംസ്‐2) എന്ന പ്രതിരോധസംവിധാനമാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യയുടെ വിദേശ‐പ്രതിരോധ മന്ത്രിമാരും യുഎസിന്റെ വിദേശ‐ പ്രതിരോധ സെക്രട്ടറിമാരും പങ്കെടുത്തുള്ള ‘2പ്ലസ്2’ ചർച്ച സെപ്തംബർ ആറിന് നടക്കാനിരിക്കെയാണ് അമേരിക്കയുമായുള്ള ഏഴായിരം കോടി രൂപയുടെ ആയുധക്കച്ചവടത്തിന് ഇന്ത്യ ഒരുങ്ങുന്നത്.
അമേരിക്കയുടെ മിസൈൽ പ്രതിരോധസംവിധാനം സ്ഥാപിതമാകുന്നതോടെ ഡൽഹിയിലെ വിഐപി മേഖലയിലും അതിക്രമിച്ചു കടക്കുന്ന വിമാനങ്ങളെ വെടിവച്ചിടാനുള്ള മാർഗനിർദേശങ്ങളിലും മാറ്റും വരും.
3ഡി സെന്റിനൽ റഡാർ, ഹൃസ്വ‐ ഇടത്തരം ദൂര മിസൈലുകൾ, വിക്ഷേപിണികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പ്രതിരോധ സംവിധാനം. ക്രുയിസ് മിസൈലുകൾ, യുദ്ധ വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ എന്നിവ ഉയർത്തുന്ന ഭീഷണി പെട്ടെന്ന് കണ്ടെത്തി നിർവീര്യമാക്കാൻ സാധിക്കുന്നതാണ് യുഎസ് പ്രതിരോധസംവിധാനമെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അവകാശപ്പെടുന്നു. ഡിആർഡി തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധസംവിധാനം ഡൽഹിയിൽതന്നെ ദീർഘദൂര മിസൈലുകളെ ചെറുക്കാനും മുംബൈയ്ക്ക് സംരക്ഷണം ഒരുക്കാനും ഉപയോഗിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
യുഎസ് സംവിധാനത്തിന്റെ മാതൃകയിലുള്ള പ്രതിരോധ സംവിധാനങ്ങൾ പല നാറ്റോ രാജ്യങ്ങളും ഇസ്രയേലുമൊക്കെ ഉപയോഗിക്കുന്നുണ്ട്. മോസ്കോയ്ക്കും സമാനമായ സംരക്ഷണമുണ്ട്.