അഭിമന്യു ,ഒരു രക്തസാക്ഷികൂടി ,എന്തേ ,ഒരു നേതാവിന്റെയും കുടുംബത്തിൽ രക്തസാക്ഷികൾ ഉണ്ടാകാത്തത് ?

0
188

ഒരു രക്തസാക്ഷികൂടി , സംഭാവന- ഇടുക്കിയിലെ നിർധന ആദിവാസി കുടുംബത്തിൽ നിന്നും ..

മഹാരാജാസിൽ ഒരു രാഷ്ട്രീയ സംഘർഷം ഉണ്ടായത് ഒരു വർഷത്തിന് മുൻപാണ് ..സമാധാനപൂർണമാർന്ന കാമ്പസായി മാറിയ എറണാകുളം മഹാരാജാസ് ഇന്ന് ഒരു സാധു കുട്ടിയുടെ കൂടി ജീവൻ അപഹരിച്ച ഇടമായി മാറിയിരിക്കുന്നു ..മെട്രോ സിറ്റി ആയ എറണാകുളത്തെ കാമ്പസ്സിൽ ഒരു രാഷ്ട്രീയ കൊലപാതകം നടന്നു എന്ന് കേട്ടപ്പോൾ ഏതോ സമ്പന്ന പുത്രനാകും കൊല്ലപ്പെട്ടതും കൊന്നതുമെന്നാണ് കരുതിയത് ..കാരണം കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന നിർധന മാതാപിതാക്കളുടെ മക്കൾ പഠനത്തിനാകും മുൻ‌തൂക്കം നൽകുക ..അവർ മറ്റൊരാളിനായി കൊല്ലപ്പെടാൻ തക്കതായ അധാർമിക പ്രവർത്തനങ്ങളിൽ ഇടപെടില്ല ..ഈ കലാലയ രാഷ്ട്രീയ രക്തസാക്ഷിയുടെ ജീവിത രാഷ്ട്രീയത്തിലേക്ക് കണ്ണോടിച്ചാൽ ഇടുക്കിയിലെ വളരെ പിന്നോക്കാവസ്ഥയിൽ നിന്നും പിതാവിന്റെയും ജേഷ്ടന്റെയും പിന്നീട് സംവരണ ആനുകൂല്യങ്ങളുടെയും പിൻബലത്തിൽ പഠിച്ചു മിടുക്കനായാണ് മഹാരാജാസ് വരെ എത്തിയത് ..

കാലങ്ങളാൽ തന്റെ ഗ്രാമവാസികൾ അനുഭവിക്കുന്ന അരാജകത്വത്തിൽ നിന്നും കമ്മ്യൂണിസത്തിലേക്കു ആകൃഷ്ടനാകുകയും തികഞ്ഞ യുവജന പ്രസ്ഥാന പ്രവർത്തകനാകുകയും ചെയ്ത അഭിമന്യുവിനെ എന്തിനാണ് എതിരാളികൾ ഭയപ്പെട്ടത് ..ഒരാൾ പിടിച്ചു കൊടുക്കാനും മറ്റൊരാൾ ജീവൻപിടക്കുന്ന ഇടനെഞ്ചിലേക്കു നിർദയം കാരിരുമ്പിന്റെ കത്തി കുത്തിയിറക്കാനും തക്കതായ എന്ത് കുറ്റമാണ് അഭിമന്യു ചെയ്തത് ..ഞാൻ കേരള രാഷ്ട്രീയ രക്തസാക്ഷികളുടെ കണക്കുകളിലൂടെ സഞ്ചരിച്ചു ..പട്ടിണി പാവങ്ങളുടെ സ്വപ്നങ്ങളിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചു മുന്നേറിയ  കമ്മ്യൂണിസ്റ്റ് മാർക്സിസ്റ് പാർട്ടിയിലും ,വെള്ള കദർധാരികളും അതിസമ്പന്നതയുടെ മട്ടുപ്പാവിൽ വിലസുന്ന കർഷകരുമുള്ള കോൺഗ്രസിന്റെ അൽഫബെറ്റിക് ഓഡറിലുള്ള എല്ലാ ഗ്രൂപ്പിലും , രാഷ്ട്രീയമെന്ത്  മതമെന്ത് എന്ന് തിരിച്ചറിവില്ലാത്തവരായി നമ്മെ മാറ്റിയ ലീഗും ,എൻ. ഡി. എഫും , ബി .ജെ .പിയുമടക്കം എല്ലാ നല്ലവരായ രാജ്യസ്നേഹവും സഹജീവിസ്നേഹവുമുള്ള രാഷ്ട്രീയ സംഘടനകളുടെ രക്തസാക്ഷികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്കെല്ലാം ഒരേ മതമായിരുന്നു ..മനുഷ്യ മതം ..ഒരേ നിറമായിരുന്നു ചിന്തിയ ചോരയ്ക്ക്..ചുവപ്പ്! ഒരേ ജീവിത സഹചര്യങ്ങളായിരുന്നു …അത്താഴ പഷ്ണിക്കാർ ! ഒരു നേതാവിന്റെയും മക്കളോ മരുമക്കളോ എന്തിനു അനന്തരവന്മാരോ അളിയന്മാരോ ആ കൂട്ടത്തിൽ കണ്ടില്ല ..! എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇക്കാര്യത്തിൽ സാമർഥ്യം കാട്ടിയിട്ടുള്ളതായി കാണാം ..! പേരിനു പോലീസിനെ തല്ലി ജയിലിൽ കിടന്ന ആദർശ വാദികളെല്ലാം പിന്നീട് അതാത്  രാഷ്ട്രീയ സംഘടനകളുടെയും തലപ്പത്തെത്തി ..രക്തസാക്ഷികളുടെ ആശ്രിതർ ഇന്നും ആ പഴയ കുമ്പിളിൽ കഞ്ഞികുടിച്ചു കഴിയുന്നു ..


വിദ്യാർത്ഥി രാഷ്ട്രീയം വേണ്ടന്നല്ല ..അനിവാര്യതയാണ് അത് ..രാഷ്ട്രീയമെന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണല്ലോ വെപ്പ് ..പഠന ദിനങ്ങളിൽ തന്നെ ചരിത്രത്തോടൊപ്പം നമുക്ക് മുന്നേ നടന്ന മഹാരഥന്മാരുടെ പിൻഗാമികളായ മാറാൻ കലാലയ രാഷ്ട്രീയം വഴിയൊരുക്കും ..ദീർഘവീക്ഷണമുള്ള ഭരണാധികാരികളിലേക്കു ഉയരാൻ ഒരു വിദ്യാർത്ഥിക്ക് ആ അനുഭവങ്ങൾ ഊർജ്ജം  പകരും  ..വിദ്യാർത്ഥി സംഘടനകളിൽ എനിക്ക് ഏറെ മതിപ്പു എസ എഫ് ഐ ഓടാണ്..കാരണം എന്റെ വിദ്യാഭ്യാസകാലത്തു തന്നെ സാമൂഹിക പ്രതിബദ്ധതയോടെ യുവജനസംഘടന ഇടപെട്ട ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഞാനും സാക്ഷിയായിട്ടുണ്ട് ..തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക ..സർക്കാർ ആശുപത്രിയും പരിസരവും ശുചിയാക്കുക തുടങ്ങി ന്യായമായ ഏതു കാര്യങ്ങളിലും ഇടപെടുന്നതു കണ്ടിട്ടുണ്ട് ..കേഡർ പാർട്ടിയുടെ സ്വഭാവം വ്യക്തിയിലേക്ക് കൊണ്ടുവരുവാനും അടുക്കും ചിട്ടയും നൽകി ഒരുവനെ സാമൂഹികമായി ഇടപെടാൻ അനുവദിക്കുകയും ചെയ്യുന്ന സമ്പ്രദായം ..പിന്നീട് കണ്ടത്   അക്രമ രാഷ്ട്രീയം ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതൃത്വങ്ങളെയാണ് ..ഓഡറിടാനും പോലീസിനെയോ, സഹപാടിയെയോ ,സഹജീവിയെയോ ഇനി വെച്ചേക്കരുതെന്നു അണികളെ പ്രകോപനം  നടത്തുന്നതിനും സംഘർഷ സ്ഥലത്തു മീറ്റിങ് ആരംഭിക്കുമ്പോൾ  ഘോരഘോരം പ്രസംഗിക്കാനുമെത്തുന്ന ഒരു നേതാവിനെയും പോലീസ് ലാത്തി ചാർജ് സമയത്തോ മറ്റു മുന്നണികളുമായുള്ള സംഘർഷ സ്ഥലത്തോ കണ്ടിട്ടില്ല ..സംഘർഷം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് മുങ്ങി രക്ഷപെടുന്ന നേതാക്കളുടെ ആ വൈഭവം പ്രശംസനീയം തന്നെ ..സമരങ്ങളാൽ നിറഞ്ഞ കലാലയങ്ങളാണ് പിന്നീട് വാർത്തകളിൽ നിറഞ്ഞിരുന്നത് ..ആദ്യഘട്ടത്തിൽ എസ് ,എഫ്. ഐ, കെ .എസ് .യു സംഘട്ടനങ്ങൾ ,പിന്നെ എ. വൈ. എസ്. എഫ് , എ .ബി. വി. പി ഒടുവിൽ പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവർ രക്ത രൂക്ഷിത കലാലയ രാഷ്ട്രീയം പരീക്ഷിച്ചു ..കേരള കലാലയ രാഷ്ട്രീയ ചരിത്ര വിദ്യാർത്ഥികൾക്ക് ഒട്ടേറെ രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്തു ..സന്തോഷം ..കൊണ്ടും കൊടുത്തുമാണല്ലോ രാഷ്ട്രീയക്കാരനാകേണ്ടത് ..കൊന്നും കൊല്ലപ്പെട്ടുമുള്ള ചരിത്രമാണല്ലോ മുൻപേ നടന്നവരുടെയും നമ്മൾ പഠിച്ചതും ..പഠിപ്പിച്ചതും ..

..അതാണ് രാഷ്ട്രീയമെന്നു കരുതുന്നവർ അങ്ങിനെതന്നെ കരുതട്ടെ ..നമുക്കൊന്ന് മാറി ചിന്തിക്കാം ..അതിനുള്ള സമയം എന്നെ അതിക്രമിച്ചു കഴിഞ്ഞു..

ഇന്ന് കൊടിപിടിക്കാനും പോസ്റ്റർ കീറാനും നമ്മളില്ലേലും നല്ല ബംഗാളികളെ കിട്ടുന്ന കാലമാണ് ..
എല്ലാ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെയും തലപ്പത്തിരിക്കുന്നവരോടാണ് ..
നിങ്ങൾ അണികളെ ഇനിയും പ്രകോപിപ്പിക്കണം ! പൂർവാധികം ശക്തിയായി തന്നെ !!അവരുടെ മസ്തിഷ്ക്കങ്ങളിൽ പാർട്ടിയോടുള്ള ,സംഘടനയോടുള്ള ആദരവും അഭിനിവേശവും കുത്തിനിറക്കണം ..! അപ്പോൾ അവർ ചാവി കൊടുത്ത യന്ത്ര പാവകണക്കെ എന്തിനും തയ്യാറാകും ..!
ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ,ദയവുണ്ടായി അത് പ്രവർത്തികമാക്കണം ..

യുവജന ക്ഷേമം അതാകണം എല്ലാ സംഘടനകളും ലക്ഷ്യമിടേണ്ടത് ..അങ്ങിനെയെങ്കിൽ അഭ്യസ്തവിദ്യരായ ഒരു യുവാവുപോലും തൊഴിൽരഹിതനായി മാറാതിരിക്കാൻ അവർക്കു ബോധവത്കരണം നടത്തണം .സ്വയം സംരംഭകരാകാൻ ശ്രമിക്കുന്നവർക്ക്  മുദ്രപോലുള്ള ഈടില്ലാ വായ്പകൾ (ഒരാൾക്ക് പത്തുലക്ഷം വരെ ) സമ്മർദം ചെലുത്തി ബാങ്കുകളിൽ നിന്നും നേടി കൊടുക്കണം . ഒരു വിദ്യാർത്ഥിയുടെ പോലും വിദ്യാഭ്യാസ മോഹങ്ങൾക്ക് തടയിടരുത് ..നാല് ലക്ഷം വരെ ഒരു ജ്യാമവും വേണ്ടാത്ത വിദ്യാഭ്യാസ ലോൺ നല്കാൻ വിസമ്മതിക്കുന്ന ബാങ്കിനെ നിങ്ങളുടെ സംഘബലം കൊണ്ട് ലോൺ നല്കാൻ പ്രേരിപ്പിക്കണം ! വീടില്ലാത്തവർക്ക്  ഗ്രാമപഞ്ചായത്തുകളിൽ   ഇടപെട്ടു  ഭാവനവായ്പകൾ  തരപ്പെടുത്തി  കൊടുക്കണം !  ഇക്കാലമത്രയും പാർട്ടിയിൽ അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിച്ച അഭിമന്യുവിന്റെ അച്ഛനും മകനുമടക്കം ഇത്രയേറെ പ്രവർത്തകർ അല്ലെങ്കിൽ പാർട്ടിയുടെ സ്വന്തം സമ്മതിദായകർ ഉണ്ടായ ആ കുടുംബത്തിന് ഒരു നല്ല വീടില്ലെന്നു കണ്ടെത്തി ഒരു ഭവനം നൽകാൻ അച്ഛന്റെ പാർട്ടി സഖാക്കൾക്കും അഭിമന്യുവിന്റെ സുഹൃത്തുക്കൾക്കും രക്തസാക്ഷിത്വം വരെ കഴിഞ്ഞില്ലെന്നു കാണുബോൾ വളരെ വേദന തോന്നുന്നു ..ഇനി പഞ്ചായത്തോ പാർട്ടിയോ ആരും ഭവന വായ്‌പ്പ നൽകിയില്ലെന്ന് വച്ചാൽ ലക്ഷകണക്കിന് അംഗബലമുള്ള സംഘടനയിലെ ഓരോ അംഗങ്ങളും തുച്ഛമായ സംഖ്യ ശേഖരിച്ചാൽ പോലും ആകുമായിരുന്നു ഒരു സ്വപ്ന ഭവനം ..എല്ലാ വിദ്യാർത്ഥി സംഘടനകളും എല്ലാ വർഷവും നിങ്ങളുടെ ഇടയിൽ തന്നെ ഒരു കണക്കെടുപ്പ് നടത്തുന്നത് നന്നാകും .

വീടില്ലാത്തവർ ,വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടവർ ,മാതാപിതാക്കൾക്ക് അടിയന്തിര സർജറി ആവശ്യമുള്ളവർ ,ഓരോ കാമ്പസിലും ഉച്ചഭക്ഷണമില്ലാത്തവർ ..അവരെ കണ്ടെത്തി സഹായിക്കാൻ പദ്ധതികളുണ്ടാകണം ..അതുകഴിഞ്ഞാൽ നിങ്ങളുടെ ഗ്രാമങ്ങളിലേക്ക് കണ്ണോടിക്കണം ..തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി,പാലങ്ങൾ റോഡുകൾ ഇവ നിർമ്മിക്കുമ്പോൾ കൂടെനിന്നും നിലവാരം ഉറപ്പുവരുത്തണം ,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ കൈക്കൂലി വാങ്ങുന്നുവെങ്കിൽ ഇടപെട്ടു നീതിനേടികൊടുക്കണം ..അങ്ങിനെ നിങ്ങൾ വിദ്യാർഥിപ്രസ്ഥാനത്തിലൂടെ സമൂഹത്തിന്റെ സ്വത്തായി മാറുമ്പോൾ പാർട്ടികളും സമൂഹവും നിങ്ങളെ അംഗീകരിക്കും, അർഹമായ സ്ഥാനമാനങ്ങൾ നൽകും ..വിദ്യാർത്ഥി സംഘടനങ്ങൾക്കു ഇടപെടാനും ചെയ്യുവാനും ഇനിയും ഏറെയുണ്ട് ..അതിലേക്കു ശ്രദ്ധിച്ചാൽ പിന്നെ അക്രമരാഷ്ട്രീയത്തിനു നിങ്ങൾക്കു സമയമുണ്ടാകില്ല .

.അക്രമകാരികളും രക്തദാഹികളുമായ രാഷ്ട്രീയക്കാരെ സമൂഹം ഒറ്റപ്പെടുത്തും ..ഇത് പഴയകാലമല്ല ..നേതാവ് പറയുന്നതിൽ സത്യമുണ്ടോയെന്നു ഗൂഗിളിൽ അണികൾ സെർച്ച് ചെയ്യുന്ന കാലമാണ് ..പ്രസംഗം തീരും മുൻപ് അവരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ടിയും വരും ! എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കാൻ എനിക്ക് പാർട്ടിവേണം എന്ന ചിന്തയിൽ നിന്നാണ് സാധാരണക്കാരൻ സംഘടനയിലേക്ക് വരുന്നത് ..സാമ്പത്തിക അരാജകത്വം ഇന്നും നിലനിൽക്കുന്ന കേരളത്തിൽ പണമില്ലാത്തവൻ പിണമാണ് ..പണത്തിനു മീതെ പരുന്തും കുറച്ചു കാലത്തേക്കെങ്കിലും പറക്കുകയുമില്ല ..പിന്നെ സാഹചര്യങ്ങൾ പ്രതികൂലമായാൽ എത്രവലിയ പാർട്ടിഭക്തനായാലും കൂടെ കാണുന്നത് നിൻ നിഴൽ മാത്രം ..!

കപട അക്രമരാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ് ഈ കൊലപാതകങ്ങളൊക്കെയും ..ആസൂത്രിത രാഷ്ട്രീയ നേട്ടം ..മഹാരാജാസ് കോളേജ് ഫ്രറ്റേണിറ്റി നേതാവ് ഫുആദ് മുഹമ്മദ് ചോദിക്കുന്ന ചോദ്യങ്ങളിലും അഭിമന്യുവിനെക്കുറിച്ചുള്ള വിലയിരുത്തലിലും ചില കാര്യങ്ങളുണ്ട് ..
രാഷ്ട്രപുനർനിർമാണത്തിൽ ദീർഘവീക്ഷണപരതയോടെ ഇടപെടാൻ ഇടുക്കിയിലെ കുഗ്രാമത്തിൽനിന്നും ഉയർന്നു വന്ന ഒരു ഇന്ത്യൻ യുവ പ്രഭാദീപമാണ് നിങ്ങൾ തല്ലിക്കെടുത്തിയത് …

ഫുആദ് മുഹമ്മദ് എഴുതുന്നു

“നേതാവ് എന്നായിരുന്നു അവൻ എല്ലാപ്പോഴും വിളിച്ചിരുന്നത്… കളിയാക്കി ആണെങ്കിലും സ്നേഹമുള്ള ആ വിളി കേൾക്കാൻ പ്രത്യേകം ഒരു സുഖം ആയിരുന്നു… വിരുദ്ധ പക്ഷത്തായിരുന്ന പാർട്ടികളിൽ ആയിട്ടു കൂടി വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു അവൻ.. എന്നോട് മാത്രമല്ല മഹാരാജാസിലെ ഏകദേശം എല്ലാ വിദ്യാർഥികളോടുംസ്നേഹം മാത്രമായിരുന്നു അവനെ മുന്നോട്ട് നയിച്ചത്… ഒരു അഞ്ചു മിനിറ്റ് അവനോട് സംസാരിച്ചു കഴിഞ്ഞാൽ സന്തോഷത്തോടെ മാത്രമേ നമ്മൾ പോവുകയുള്ളൂ… അത്രയ്ക്ക് രസികനും സംഭാഷണ പ്രിയനുമായിരുന്നു അവൻ…

മഹാരാജാസിൽ അവൻ പഠിക്കുക ആയിരുന്നില്ല… ജീവിക്കുക ആയിരുന്നു… അവന്റെ ഉച്ചത്തിലുള്ള ആ ശബ്ദം എത്താത്ത മഹാരാജാസിലെ സ്ഥലങ്ങൾ വിരളമായിരുന്നു… അത്രക്ക് ഇഴുകി ചേർന്നിരുന്നു അവൻ കോളേജുമായി… എന്ത് കിട്ടിയെടാ പോപുലർ ഫ്രണ്ടിന്റെ ചെന്നായ കൂട്ടങ്ങളെ അവനെ കൊന്നു കളഞ്ഞപ്പോ… അഭിമന്യു മറ്റു സംഘടനക്കാരായ ആരുടെയും പോസ്റ്റർ കീറുന്നവനായിരുന്നില്ല… അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു… അങ്ങോട്ട് ചെന്ന് ഒരിക്കലും പ്രശ്നം ഉണ്ടാക്കുന്നവനും ആയിരുന്നില്ല…സ്വന്തം പ്രസ്ഥാനത്തെ ആത്മാർഥമായി സ്നേഹിച്ചു നെഞ്ചിൽ കൊണ്ട് നടക്കുമ്പോൾ തന്നെ പ്രകോപനങ്ങൾ സൃഷ്ടിക്കാതെ മറ്റുള്ളവരെ
മറ്റുള്ളവരെ ബഹുമാനിക്കുന്നവൻ ആയിരുന്നു…പിന്നെ എവിടെയാണ് നിങ്ങൾക്ക് ആത്മരക്ഷാർത്ഥം അവനെ കൊല്ലേണ്ടി വരുന്നത്…
എങ്ങനെ കഴിഞ്ഞു മുഹമ്മദേ കത്തിയും കൊടുത്തു പോപുലർ ഫ്രണ്ടുകാരെ സ്വന്തം സഹോദരങ്ങൾക്ക് നേരെ അയയ്ക്കാൻ… മഹാരാജാസിന്റെ മനസ്സിൽ നിനക്ക് ഒരിക്കലും മാപ്പില്ല. അഭിമന്യു നേരും നെറിയുമുള്ളവനായിരുന്നു… മഹാരാജാസിന്റെ മകനായിരുന്നു… പൊറുക്കില്ല മഹാരാജാസ് ഒരിക്കലും… പൊറുക്കാൻ കഴിയില്ല…”

മഹാരാജാസ് കോളേജ് ഫ്രറ്റേണിറ്റി നേതാവ് ഫുആദ് മുഹമ്മദ്

ഏതു രാഷ്ട്രീയ പ്രവർത്തകനും പാർട്ടിയെയല്ല മറിച് പാർട്ടിയിലൂടെ നമ്മുടെ സ്വന്തം രാജ്യത്തെയാണ് സേവിക്കുന്നത് ..ഭാരതം ഒരു പാർട്ടിയുടെ മാത്രമല്ല ,ഒരു മതത്തിന്റെ മാത്രമല്ല ലോകത്തു മറ്റെങ്ങും കാണാത്ത വൈവിധ്യങ്ങളാണ് എന്റെ രാജ്യത്തിൻറെ സവിശേഷത അത് തച്ചുടക്കാൻ നടക്കുന്ന ആഭ്യന്തര കലാപകാരികളെയാണ് രാഷ്ട്രം ആദ്യം നേരിടേണ്ടത് ..ശത്രുരാജ്യങ്ങളേക്കാൾ അപകടകാരികൾ
ഈ ബാങ്ക് മാനേജർ സ്വപ്നം കണ്ട ഒരു ആദിവാസി യുവാവിന്റെ ജീവിത വിജയമുണ്ടായിരുന്നു ..

അഭിമന്യുവിന്റെ പഠന ചിലവുകൾ കണ്ടെത്തി അവനു അയച്ചു കൊടുക്കാൻ പിതാവ് മനോഹരനെ എന്നും സഹായിച്ചിരുന്നത് ഇടുക്കി സഹകരണ ബാങ്ക് മാനേജർ അനിലാണ് ..അഭിമന്യുവിന്റെ മരണശേഷം അനിൽ എഫ് ബിയിൽ പോസ്റ്റ് ചെയ്ത ലേഖനം വൈറലായിരിക്കുകയാണ് ..ഒരു മകനെ ഉപരിപഠനാർത്ഥം നഗരത്തിലേക്കയച്ച പിതാവിന്റെ വിഹ്വലതകൾ ഏറെ അറിഞ്ഞിട്ടുള്ള ഈ ബാങ്ക് മാനേജരുടെ വരികളിലേക്ക്.

“ഇനി മകന് RTGS അയക്കാൻ ആ അച്ഛൻ വരില്ല”
അഭിമന്യുവിൻ്റെ അച്ഛൻ സ്ഥിരമായി വായ്പ എടുക്കാറുണ്ടായിരുന്ന ഇടുക്കി സഹകരണ ബാങ്ക് മാനേജറുടെ ഫേസ്ബുക്ക് പോസ്റ്റ്:

തനിക്ക് നേരിട്ടറിയില്ലെങ്കിലും മനോഹരൻ എന്നയാളെടുത്ത വായ്പകളിലൂടെ തനിക്ക് അഭിമന്യുവിനേയും ആ കുടുംബത്തിൻ്റെ സ്വപ്നങ്ങളേയും അറിയാം എന്ന് അനിൽ പറയുന്നു. “തൻ്റെ മകൻ പഠിച്ച് വലിയവനാകണം എന്ന് നിർത്താതെ സ്വപ്നം കണ്ട, അത് തന്നോട് പങ്കുവെക്കുന്ന മനോഹരൻ ചേട്ടനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. മനോഹരൻ അഭിമന്യുവിനെ പഠിപ്പിക്കാനായി ബാങ്കിൽ നിന്നും വായ്പ്പകൾ എടുക്കാറുണ്ടായിരുന്നു.”-എറണാകുളത്തു പഠിക്കുന്ന മകന് പണം അയച്ചു കൊടുക്കാൻ പൂരിപ്പിക്കാത്ത RTGS അപേക്ഷ ഫോം ഒപ്പിട്ടു പണവും നല്കിപോകുന്ന മനോഹരനെ ഓർത്ത് കൊണ്ട് അനിൽ എഴുതുന്നു.

വീണ്ടും ഒരു ക്യാംപസ് കൊലപാതകം. അഭിമന്യുവിനെ എനിക്ക് നേരിട്ട് പരിചയമില്ല.എങ്കിലും ഈ പേര് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്. അഭിമന്യുവിനെ അച്ഛൻ ശ്രീ മനോഹരൻ എന്റെ ബ്രാഞ്ചിലെ കസ്റ്റമർ ആണ്. മക്കളെ പഠിപ്പിച്ചു വലിയവരക്കണമെന്നു ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ഒരു പ്രതീകമാണ് ഇദ്ദേഹവും. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ കർഷകർ പാർക്കുന്ന കൊട്ടക്കമ്പൂരിലെ ഒറ്റമുറി അടുക്കള വീട്ടിൽ താമസിക്കുന്ന മോനോഹരനും കുടുംബത്തിനും ഇത്തരം ആഗ്രഹങ്ങൾ പാടില്ല എന്നാണോ. പാട്ടത്തിനു കൃഷിഭൂമി വാങ്ങി അതിൽ കൃഷി ചെയ്താൽ നിത്യവൃത്തിക്കുള്ളത് മാത്രമേ അതിൽ നിന്നും ലഭിക്കുകയുള്ളു എന്നും ബാങ്കിൽ നിന്നും വായ്പ വാങ്ങി ആണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം എപ്പോഴും പറയും. എന്റെ ബ്രാഞ്ചിൽ നിന്നും അദ്ദേഹം J L G വായ്പ എടുത്തിട്ടുണ്ട്. എറണാകുളത്തു പഠിക്കുന്ന മകന് പണം അയച്ചു കൊടുക്കാൻ പൂരിപ്പിക്കാത്ത RTGS അപേക്ഷ ഫോം ഒപ്പിട്ടു പണവും നല്കിപോകുന്ന മനോഹരനെയാണ് ഇപ്പോൾ ഓർമ വരുന്നത്. ബാങ്കിൽ ജോലികിട്ടുന്നതിനു എത്രവരെ പഠിക്കണമെന്ന് സംശയം ചോദിക്കുന്ന മനോഹരൻ ചേട്ടനെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയില്ല. പുതിയ അധ്യയന വർഷത്തിൽ മകന് ഒരുപാടു പണ ചെലവ് ഉണ്ടന്നും ഗ്രാമീണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിനായി NOC നൽകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം അദ്ദേഹം ബാങ്കിൽ വന്നത്. ഇനി മകന് RTGS അയക്കാൻ ആ അച്ഛൻ വരില്ല. രാഷ്ട്രീയം എന്തുതന്നെ ആയിക്കോട്ടെ നിങ്ങൾ കൊന്നുതള്ളിയത് ഒരു യുവാവിന്റ സ്വപ്നങ്ങളാണ്. ഒരു അച്ഛന്റെ അഭിമാനമാണ്. ഒരു കുടുംബത്തിന്റെ ആശ്രയമാണ്. മനോഹരൻ ചേട്ടന്റെയും കുടുംബത്തിന്റെയും സങ്കടത്തിൽ ഞാനും പങ്കുചേരുന്നു.

എല്ലുമുറിയെ പണിയെടുത്തു മകനെ പഠിക്കാനയച്ച ഒരു സാധുവായ പിതാവിന്റെ സ്വപ്നങ്ങളുണ്ടായിരുന്നു
..എല്ലാം തകർക്കാൻ കലാലയ രാഷ്ട്രീയത്തിന് കഴിഞ്ഞു …ഇനി ഒരു രക്തസാക്ഷിയും ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കാൻ കൊലപാതകിയും ഉണ്ടാകാതിരിക്കട്ടെ ..

courtesy:Narada news

SHARE

LEAVE A REPLY

Please enter your comment!
Please enter your name here