ബിന്ദുവിന്റെ തിരോധാനം; പ്രധാന പ്രതി പിടിയിലായി

0
64

ആലപ്പുഴ: ചേര്‍ത്തലയില്‍ കോടീശ്വരിയായ ബിന്ദു പത്മനാഭന്‍ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തിലെ പ്രധാന പ്രതി സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ കോടതിയില്‍ കീഴടങ്ങാനെത്തിയ സെബാസ്റ്റ്യനെ ഷാഡോ പൊലീസ് സംഘം പിടികൂടുകയായിരുന്നു, ബിന്ദുവിന്റെ കോടികള്‍ വിലവരുന്ന സ്വത്ത്, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി മറിച്ചുവിറ്റ കേസിലെ പ്രധാന പ്രതിയാണ് സെബാസ്റ്റ്യന്‍.

2017 സെപ്തംബര്‍ 17നാണ് തന്റെ സഹോദരി ബിന്ദുവിനെ കാണാനില്ലെന്ന പരാതി സഹോദരന്‍ പ്രവീണ്‍ ആഭ്യന്തരവകുപ്പിന് കൈമാറുന്നത്. എന്നാല്‍ മാസങ്ങളോളം പോലീസ് അനങ്ങിയില്ല. പിന്നീട് പട്ടണക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കോടികളുടെ കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം കൊണ്ട് വാങ്ങിയ ഇടപ്പള്ളയിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി സെബാസ്റ്റ്യന്‍ എന്ന പള്ളിപ്പുറത്തുകാരന്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയുണ്ടാക്കി മറിച്ചുവിറ്റു. കാണാതായ ബിന്ദുവുമായി സെബാസ്റ്റ്യന്‍ നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ടുതന്നെ ബിന്ദുവിന്റെ വിവരം സെബാസ്റ്റ്യന് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. സെബാസ്റ്റ്യനില്‍ ഒരു തവണ മൊഴിയെടുത്തെങ്കിലും പോലീസിന് കാര്യമായ വിവരം കിട്ടിയില്ല.

എന്നാല്‍ ബിന്ദു പത്മനാഭനെ എന്നുമുതലാണ് കാണാതായത് എന്നത് സംബന്ധിച്ച് ഇപ്പോഴും സഹോദരന്‍ പ്രവീണിനോ പോലീസിനോ കൃത്യമായി വിവരമില്ല. അഞ്ചുവര്‍ഷം മുമ്പ് അമ്പലപ്പുഴയിലെ ഒരു ബന്ധുവീട്ടില്‍ വന്നതാണ് കിട്ടിയ ആകെയുള്ള വിവരം. ഇത്രയും കാലം എവിടെയാണെന്നോ എവിടെ പോയെന്നോ ആര്‍ക്കുമറിയില്ല. അച്ഛനും അമ്മയും മരിച്ചതിന് ശേഷം ചേര്‍ത്തല നഗരത്തോട് ചേര്‍ന്ന രണ്ട് ഏക്കറിലേറെ ഭൂമി വിറ്റിരുന്നു. സെബാസ്റ്റ്യനെ കൂടുതല്‍ ചോദ്യം ചെയ്ത് ബിന്ദുവിന്റെ തിരോധാനത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരികയാണ് പോലീസ് ലക്ഷ്യം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here