കാലവർഷം വന്നാലും വേനൽ വന്നാലും കുട്ടനാട്ടിൽ കുടിവെള്ളം കിട്ടാക്കനി.

0
215

 

എടത്വാ : കാലവർഷം വന്നാലും വേനൽ വന്നാലും കുട്ടനാട്ടിൽ കുടിവെള്ളം കിട്ടാക്കനിയാണ്.

കുട്ടനാട് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉണ്ടായ വെള്ളപൊക്കത്തിന് ശേഷം ജലനിരപ്പ് താഴുവാൻ തുടങ്ങിയെങ്കിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. പല ഇടങ്ങളിലും ഇപ്പോഴും വെള്ളത്തിനടിയിൽ ആണ് ടാപ്പുകൾ. കൃഷിയിടങ്ങളിൽ
നിന്നും ഉള്ള വൈക്കോൽ ചീഞ്ഞ് അഴുകിയ വെള്ളം തോടുകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനാൽ വെള്ളത്തിന് ദുർഗന്ധമാണ്.

തലവടി തെക്കെക്കരയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ്. തലവടി തെക്കേക്കരയിലും സമീപ പ്രദേശങ്ങളിലും പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിയുന്നു. ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് കിണറുകളെയാണ്. കിണറുകൾക്ക് ചുറ്റും മലിന ജലത്തിന്റെ നിരപ്പ് ഉയർന്നതോടെ കിണറുകളിൽ മലിനജലം ഉറവയായി ഇറങ്ങുന്നതു കൂടാതെ കിണറുകളും കവിയുന്ന സാഹചര്യത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുകയാണ്. ഓരോ വർഷങ്ങൾ കഴിയുന്തോറും കിണറിന്റെ ഉയരം കൂട്ടിയാലും മലിനജലം ഉറവയായി ഇറങ്ങുന്നതിനാൽ ജലനിരപ്പ് കുറഞ്ഞതിന് ശേഷം കിണറുകളിലെ വെള്ളം വറ്റിച്ച് ശുദ്ധികരിച്ചാണ് ഈ പ്രദേശത്ത് ഉള്ളവർ കിണറ്റിലെ ജലം ഉപയോഗിക്കുന്നത്.

ഈ പ്രദേശത്തുള്ളവർ വാഹനങ്ങളിൽ കൊണ്ടുവരുന്ന 20 ലീറ്റർ ശുദ്ധജലം അടങ്ങിയ സിലിണ്ടർ 50 രൂപയ്ക്കാണ് വാങ്ങുന്നത്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വണ്ടി ഓട്ടവും നിലച്ചു.ഇതോടെ ഇരട്ടി ദുരിതമാണ് ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്നത്. പ്രധാന റോഡിൽ നിന്നും സിലിണ്ടറുകൾ ഇപ്പോൾ വെള്ളത്തിലൂടെ വലിച്ചാണ് വീട്ടിൽ എത്തിക്കുന്നത്.

ശുദ്ധജലത്തിനായി ഉള്ള ആവശ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി തവണ ധർണയും സമരങ്ങളും ഉപരോധങ്ങളും എല്ലാം നാട്ടുകാർ
നടത്തിയിട്ടുണ്ട്.

രണ്ട് തവണ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. സാക്രമിക രോഗങ്ങൾ ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാഹചര്യവും നിലനില്ക്കുന്നു.

കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെമുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനായി ജല അതോറിറ്റി തയ്യാറാക്കിയ 241 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് പ്രദേശവാസികൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നു.

കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും പുതിയ ഓവർ ഹെഡ് ടാങ്കുകളും നീരേറ്റുപുറത്ത് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും 1000 കിലോമീറ്ററോളം പെെപ് ലൈനും ഉൾപ്പെട്ട പദ്ധതി കിഫ്ബി വഴിയാണ് നടപ്പിലാക്കേണ്ടത്
റിപ്പോർട്ട് ;ജോൺസൺ വി ഇടിക്കുള

SHARE

LEAVE A REPLY

Please enter your comment!
Please enter your name here