വിദേശവനിത ലിഗയുടെ മരണവുമായി ബന്ധിപ്പെട്ട് യോഗ പരിശീലകനെ പോലീസ് ചോദ്യം ചെയ്തു

0
183

 

തിരുവനന്തപുരം;വിദേശവനിത ലിഗയുടെ മരണവുമായി ബന്ധിപ്പെട്ട് യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ലിഗയുടെ മൃതദേഹത്തിൽസ നിന്ന് ഒരു ഓവർകോട്ട് പൊലീസ് കണ്ടെടുത്തിരുന്നു. പോത്തൻകോട് നിന്ന് ഓട്ടൊറിക്ഷയിൽ കോവളത്ത് എത്തിയ ലിഗ ഓവർകോട്ട് ധരിച്ചിരുന്നില്ലെന്ന് ഓട്ടൊ ഡ്രൈവർ ഷാജി മൊഴി നൽകിയിരുന്നു. ലിഗയുടെ മരണത്തിന് ശേഷം ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായ ഗാർഡുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്ന വിവരമാണ് ലിഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റ്റർമാര്‍ നല്‍കിയത്. മൃതദേഹം കിടന്നിരുന്ന രീതിയും സംശയം ജനിപ്പിക്കുന്നതാണ്. ആളൊഴിഞ്ഞ സ്ഥലത്ത് ലിഗ എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതാണ് കോവളത്തെ ചില ടൂറിസ്റ്റ് ഗൈഡുമാരിലേക്ക് അന്വേഷണം എത്തിച്ചത്. ചില മയക്കുമരുന്ന് സംഘങ്ങളും ഒറ്റയ്ക്ക് എത്തുന്ന വിദേശികളെ പാട്ടിലാക്കി ഇവിടേക്ക് എത്തിക്കുന്ന സംഘങ്ങളുമൊക്കെ പ്രദേശത്ത് സജീവമാണെന്ന വിവരവും കിട്ടിയിട്ടുണ്ട്. ഇതോടെയാണ് അടുത്തകാലത്ത് കോവളത്ത് നിന്ന് മുങ്ങിയ ഗൈഡുമാരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി എലിസ വസ്ത്രങ്ങള്‍ ലിഗയുടേത് തന്നെയെന്ന് മൊഴി നല്‍കിയെങ്കിലും ഓവര്‍ കോട്ട് ലിഗയുടേത് അല്ലെന്ന് പറഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. വിദേശ നിര്‍മ്മിതമായ ഒരു ബ്രാന്‍ഡഡ് ഓവര്‍ കോട്ടാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. കോവളത്തും പരിസരത്തുമുള്ള കടകളില്‍ അന്വേഷിച്ചെങ്കിലും അവിടെയൊന്നും ഈ ബ്രാന്‍ഡില്‍ പെട്ട ഓവര്‍ കോട്ട് വില്‍ക്കുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

മാത്രമല്ല ലിഗയുടെ കൈയില്‍ ഇത്തരമൊരു കോട്ട് വാങ്ങാനുള്ള പണവും ഉണ്ടായിരുന്നില്ല. നാട്ടുകാരിൽ നിന്നു ലഭിച്ച സൂചനകളിൽ നിന്ന് വാഴമുട്ടം, കുഴിവിളാകം, പനത്തുറ പ്രദേശങ്ങളിലെ നിരവധിപ്പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയെല്ലാം വ്യത്യസ്ത കേന്ദ്രങ്ങളിൽ ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here